Home rss national malayalam പുതിയ വാർത്ത സ്‌കൂളുകളില്‍ അനുമതിയില്ലാതെ കുട്ടികളുടെ ചിത്രങ്ങളെടുത്താല്‍ അഞ്ച് ലക്ഷം ദിര്‍ഹം വരെ പിഴ

സ്‌കൂളുകളില്‍ അനുമതിയില്ലാതെ കുട്ടികളുടെ ചിത്രങ്ങളെടുത്താല്‍ അഞ്ച് ലക്ഷം ദിര്‍ഹം വരെ പിഴ

5
0

Source :- SIRAJLIVE NEWS

ദുബൈ | സ്‌കൂള്‍ പരിസരങ്ങളില്‍ നിന്ന് രക്ഷിതാക്കളുടെയോ രക്ഷാധികാരികളുടെയോ വ്യക്തമായ അനുമതിയില്ലാതെ കുട്ടികളുടെ ചിത്രങ്ങളോ വീഡിയോകളോ പകര്‍ത്തുന്നതും പ്രചരിപ്പിക്കുന്നതും യു എ ഇയില്‍ കനത്ത ശിക്ഷ ക്ഷണിച്ചുവരുത്തുമെന്ന് നിയമവിദഗ്ധരുടെ മുന്നറിയിപ്പ്. മറ്റുള്ളവരുടെ സ്വകാര്യത ലംഘിക്കുന്ന ഇത്തരം പ്രവൃത്തികള്‍ക്കെതിരെ പരാതി ഉയര്‍ന്നാല്‍ സൈബര്‍ നിയമപ്രകാരം ഒന്നര ലക്ഷം മുതല്‍ അഞ്ച് ലക്ഷം ദിര്‍ഹം വരെ പിഴയോ കുറഞ്ഞത് ആറ് മാസം വരെ തടവോ ലഭിച്ചേക്കാം.

ദുബൈയിലെയും ഷാര്‍ജയിലെയും വിവിധ സ്‌കൂള്‍ ക്യാമ്പസിനകത്തു നിന്ന് വിദ്യാര്‍ഥികളുടെ ഫോട്ടോയോ വീഡിയോയോ എടുക്കരുതെന്നും, മറ്റ് കുട്ടികള്‍ ഉള്‍പ്പെട്ട ചിത്രങ്ങള്‍ വാട്സ്ആപ്പ് ഗ്രൂപ്പുകളിലോ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലോ പങ്കുവെക്കരുതെന്നും കാണിച്ച് രക്ഷിതാക്കള്‍ക്ക് സര്‍ക്കുലറുകള്‍ അയച്ച പശ്ചാത്തലത്തിലാണ് ഈ നിയമ വിശദീകരണം.

സോഷ്യല്‍ മീഡിയയില്‍ പരസ്യമായി പോസ്റ്റ് ചെയ്താല്‍ മാത്രമേ നടപടിയുണ്ടാകൂ എന്ന ധാരണ തെറ്റാണെന്ന് അമാല്‍ അല്‍ റാശിദി ലോയേഴ്സ് സീനിയര്‍ ലീഗല്‍ കണ്‍സള്‍ട്ടന്റ് ഡോ. ഹസന്‍ ഇല്‍ഹൈസ് ചൂണ്ടിക്കാട്ടി. സൈബര്‍ നിയമത്തിലെ 44-ാം വകുപ്പ് പ്രകാരം അനുമതിയില്ലാതെ ഒരാളുടെ ചിത്രം പകര്‍ത്തുന്നത് തന്നെ കുറ്റകരമാണ്. പൊതുസ്ഥലത്തോ സ്വകാര്യ ഇടങ്ങളിലോ വെച്ച് മറ്റുള്ളവരുടെ ചിത്രം പകര്‍ത്തുകയോ കൈമാറുകയോ സൂക്ഷിക്കുകയോ ചെയ്യുന്നത് നിയമലംഘനത്തിന്റെ പരിധിയില്‍ വരും. രക്ഷിതാക്കളുടെ സ്വകാര്യ വാട്സ്ആപ്പ് ഗ്രൂപ്പുകളിലാണ് പങ്കുവെക്കുന്നതെങ്കിലും ഇതില്‍നിന്ന് നിയമപരമായ ഇളവ് ലഭിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ പ്രചരിപ്പിച്ചാല്‍ ഒരു വര്‍ഷം തടവും 2.5 ലക്ഷം മുതല്‍ അഞ്ച് ലക്ഷം ദിര്‍ഹം വരെ പിഴയും ചുമത്താന്‍ വ്യവസ്ഥയുണ്ട്.

യു എ ഇയിലെ കുട്ടികളുടെ അവകാശ സംരക്ഷണ നിയമമായ ‘വദീമ നിയമ’ത്തിലെ അഞ്ചാം വകുപ്പ് പ്രകാരം കുട്ടികളുടെ സ്വകാര്യതയും അന്തസ്സും സംരക്ഷിക്കാന്‍ പൂര്‍ണ ഉത്തരവാദിത്തമുണ്ടെന്ന് അവാതിഫ് മുഹമ്മദ് ശൗഖി അഡ്വക്കേറ്റ്സ് സ്ഥാപക അവാതിഫ് അല്‍ ഖൂരി വ്യക്തമാക്കി. സ്‌കൂളിലെ പ്രത്യേക പരിപാടികളില്‍ സ്വന്തം മക്കളുടെ ചിത്രങ്ങള്‍ പകര്‍ത്താന്‍ അനുമതി നല്‍കാറുണ്ടെങ്കിലും മറ്റ് കുട്ടികള്‍ ചിത്രങ്ങളില്‍ പെടാതെ ശ്രദ്ധിക്കണമെന്നും, ക്ലാസ് മുറികള്‍, കളിസ്ഥലങ്ങള്‍, സ്‌കൂള്‍ ബസ് പാര്‍ക്കിംഗ് കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങളുണ്ടെന്നും രക്ഷിതാക്കള്‍ സ്‌കൂള്‍ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു.

Content Highlights:
Taking photos of school children without official authorization in the UAE can attract severe legal consequences. Violators face heavy financial penalties ranging up to 500000 dirhams alongside potential legal action. The authority warned the public to respect the privacy rights of students.