Source :- SIRAJLIVE NEWS
തിരുവനന്തപുരം | ബേക്കറിയില്‍ ഹോര്‍ട്ടി വൈന്‍ വില്പനക്ക് ലൈസന്‍സ് അനുവദിച്ചതുമായി ബന്ധപ്പെട്ട് തന്നെ തെറ്റിദ്ധരിപ്പിച്ചതാണെന്ന് എക്സൈസ് കമ്മീഷണര്‍ ശ്രീറാം സാംബശിവ റാവു. എക്സൈസ് മന്ത്രി എം ലിജുവിന് നല്കിയ വിശദീകരണത്തിലാണ് എക്സൈസ് കമ്മീഷണര്‍ ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ ഭാഗത്തുനിന്ന് ചട്ടപരമായി ഒരു വീഴ്ചയും ഉണ്ടായിട്ടില്ലെന്ന് മന്ത്രിയെ അറിയിച്ച കമ്മീഷണര്‍ വിവാദത്തെ തുടര്‍ന്ന് സ്ഥലം മാറ്റിയ ഡെപ്യൂട്ടി കമ്മീഷണര്‍ സി കെ അനില്‍ കുമാറിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായതായും പറഞ്ഞിട്ടുണ്ട്. തന്നെ തെറ്റിദ്ധരിപ്പിച്ചാണ് ഡെപ്യൂട്ടി കമ്മീഷണര്‍ തീരുമാനം നടപ്പിലാക്കിയതെന്നാണ് സാംബശിവ റാവുവിന്റെ വിശദീകരണം.
എക്സൈസ് കമ്മീഷണറായി ചുമതലയേറ്റ് രണ്ടാമത്തെ ദിവസമാണ് ഫയലുമായി ഡെപ്യൂട്ടി കമ്മീഷണര്‍ സമീപിക്കുന്നതെന്നും സാംബശിവ റാവു വ്യക്തമാക്കിയിട്ടുണ്ട്. സാങ്കേതിക കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് തീരുമാനമെടുത്തത്. ഡെപ്യൂട്ടി കമ്മീഷണറുടെ ഇടപെടലുകളില്‍ സംശയമുണ്ടെന്നും എക്സൈസ് കമ്മീഷണര്‍ മന്ത്രിയെ അറിയിച്ചു.
മദ്യനയവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ആഗസ്റ്റിലാണ് കമ്മീഷണറേറ്റിന് സര്‍ക്കാര്‍ നിര്‍ദേശം ലഭിക്കുന്നത്. അതിനുശേഷം സര്‍ക്കാര്‍ നയത്തിന് അനുസൃതമായിട്ടാണ് എല്ലാ നടപടികളും കൈക്കൊണ്ടത്. വൈനുമായി ബന്ധപ്പെട്ട തീരുമാനം ജൂണ്‍ മാസത്തിലാണെടുത്തത്. ഇത് വിവാദങ്ങള്‍ക്കും മദ്യനയ ചര്‍ച്ചകള്‍ക്കും മുമ്പേയുള്ള ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ളതാണ്. നിയമപരമായി മാത്രമേ താന്‍ നടപടികള്‍ സ്വീകരിച്ചിട്ടുള്ളൂവെന്നും എക്സൈസ് കമ്മീഷണര്‍ സാംബശിവ റാവു എക്സൈസ് മന്ത്രിക്ക് വിശദീകരണത്തില്‍ ആവര്‍ത്തിച്ചിട്ടുണ്ട്.
Content Highlights:
Excise Commissioner issued a clarification regarding the Horti Wine license process. He stated that the Deputy Commissioner misled authorities regarding the handling of the file. Further details on departmental actions and official proceedings are awaited following this clarification.




