Source :- SIRAJLIVE NEWS
ബെംഗളൂരു | കര്‍ണാടകയിലെ പുതിയ ഡി കെ ശിവകുമാര്‍ സര്‍ക്കാരില്‍ പൊട്ടിത്തെറി. സത്യപ്രതിജ്ഞ ചെയ്ത് വെറും മൂന്ന് ദിവസത്തിന് ശേഷം മന്ത്രി രാമലിംഗ റെഡ്ഡി മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചു.വകുപ്പ് വിഭജനത്തിലുള്ള അതൃപ്തിയെത്തുടര്‍ന്നാണ് റെഡ്ഡിയുടെ രാജി. ഡി കെ ശിവകുമാര്‍ തന്നെ തനിക്ക് നഗരു വികസന വകുപ്പ് വാഗ്ദാനം ചെയ്തിരുന്നുവെന്നും എന്നാല്‍ പിന്നീട് തനിക്ക് ഒട്ടും താല്പര്യമില്ലാത്ത ജലസേചന വകുപ്പാണ് നല്‍കിയതെന്നും റെഡ്ഡി രാജിക്കാര്യം സ്ഥിരീകരിച്ചുകൊണ്ട് റെഡ്ഡി പ്രതികരിച്ചു
മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുന്നതിന് മുന്‍പ് ഡി കെ ശിവകുമാര്‍ വീട്ടില്‍ വന്നിരുന്നു. നഗര വികസന വകുപ്പ് എനിക്ക് നല്‍കുമെന്ന് അദ്ദേഹം എന്നോട് പറഞ്ഞിരുന്നു. ഞാന്‍ മുഖ്യമന്ത്രിയോട് ഒരു വകുപ്പും ആവശ്യപ്പെട്ടിരുന്നില്ല, അദ്ദേഹം സ്വയം ഇത് വാഗ്ദാനം ചെയ്യുകയായിരുന്നു, ഞാന്‍ അത് സമ്മതിക്കുകയും ചെയ്തു- റെഡ്ഡി വ്യക്തമാക്കി. ഇനി തന്റെ ഇഷ്ടപ്രകാരമുള്ള വകുപ്പ് വച്ചുനീട്ടിയാല്‍ പോലും ഡി കെ ശിവകുമാറിന് കീഴില്‍ ഒരു മന്ത്രിസ്ഥാനവും സ്വീകരിക്കില്ലെന്ന് രാമലിംഗ റെഡ്ഡി വ്യക്തമാക്കി.
അതേ സമയം താന്‍ എംഎല്‍എ ആയി തുടരുകയും കോണ്‍ഗ്രസിനൊപ്പം പ്രവര്‍ത്തിക്കുകയും ചെയ്യുമെന്നും റെഡ്ഡി തുടര്‍ന്ന് പറഞ്ഞു. വ്യാഴാഴ്ച രാത്രിയാണ് മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ തന്റെ 13 മന്ത്രിമാര്‍ക്ക് വകുപ്പുകള്‍ അനുവദിച്ചത്.
നഗര വികസന വകുപ്പ് വേണമെന്ന കാര്യത്തില്‍ റെഡ്ഡി ഉറച്ചുനിന്നിരുന്നതായി പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.വകുപ്പുകള്‍ തീരുമാനിക്കാന്‍ വ്യാഴാഴ്ച ചേര്‍ന്ന യോഗത്തില്‍ നിന്ന് റെഡ്ഡി ഇറങ്ങിപ്പോയതായാണ് വിവരം. യോഗത്തില്‍, മന്ത്രിസഭാ പുനഃസംഘടന നടത്തുമ്പോഴൊക്കെ തനിക്ക് നഗര വികസന വകുപ്പ് നല്‍കുമെന്ന് 2023-ല്‍ നല്കിയ വാഗ്ദാനം മന്ത്രി മുഖ്യമന്ത്രിയെ ഓര്‍മ്മിപ്പിക്കുകയും ചെയ്തുവെന്നും റിപ്പോര്‍ട്ടുകളുണ്ട്







