Source :- SIRAJLIVE NEWS
തിരുവനന്തപുരം | കെ റെയില്‍ പദ്ധതി ഉപേക്ഷിച്ച യു ഡി എഫ് സര്‍ക്കാര്‍ ഇ ശ്രീധരന് മുന്നോട്ടുവച്ച അതിവേഗ റെയില്‍ പദ്ധതിയെ പിന്തുണച്ചേക്കും. മുഖ്യമന്ത്രി വി ഡി സതീശനും മെട്രോമാന് ഇ ശ്രീധരനും തമ്മില്‍ തിരുവനന്തപുരം സെക്രട്ടറിയേറ്റില്‍ കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തിനായുള്ള അതിവേഗ റെയില്‍പാതയുമായി ബന്ധപ്പെട്ട നിര്‍ണായക വിഷയങ്ങളാണ് ഇരുവരും തമ്മില്‍ ചര്‍ച്ച ചെയ്തത്.
അതിവേഗ റെയില്‍പാതയ്ക്കായി ഇ ശ്രീധരന് മുന്നോട്ടുവെച്ച ബദല്‍ നിര്‍ദേശം ഇടതു സര്‍ക്കാറിന്റെ കെ റെയില്‍ പദ്ധതിയെ അപേക്ഷിച്ച് സ്ഥലം ഏറ്റെടുക്കല്‍ വളരെ കുറച്ചുമാത്രം മതിയെന്നതിനാലാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് അനുകൂല സമീപനം ഉണ്ടായതെന്നാണ് സൂചന. മുക്കാല്‍ പങ്കും എലവേറ്റഡ് പാതയായാണ് തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ 430 കിലോമീറ്റര്‍ ദൂരമുളള അതിവേഗ റെയില്‍ പദ്ധതി ശ്രീധരന് അവതരിപ്പിച്ചത്. ചര്‍ച്ചയുടെ ഭാഗമായി പദ്ധതിയുടെ ഇടക്കാല റിപ്പോര്‍ട്ട് ശ്രീധരന് മുഖ്യമന്ത്രിക്ക് കൈമാറി. പൊന്നാനി എം എല്‍ എ കെ പി നൗഷാദ് അലിയും പങ്കെടുത്ത ഈ ചര്‍ച്ചയ്ക്ക് ശേഷം വിഷയത്തില്‍ തുടര്‍ ചര്‍ച്ചകള്‍ നടത്താന്‍ തീരുമാനമായിട്ടുണ്ട്.
പിണറായി സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായിരുന്ന കെ റെയില്‍ സില്‍വര്‍ ലൈനിന് ബദലായുള്ള ശ്രീധരന് മുന്നോട്ടുവച്ച അതിവേഗ റെയില്‍പാത സംബന്ധിച്ച സര്‍ക്കാരിന്റെ ഔദ്യോഗിക തീരുമാനം രണ്ട് ആഴ്ചക്കുള്ളില്‍ അറിയിക്കാമെന്നാണ് മുഖ്യമന്ത്രി സതീശന് നല്കിയ മറുപടി. ശ്രീധരന് മുന്നോട്ടു വച്ച തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ പരമാവധി തൂണുകളിലൂടെയും ഭൂഗര്‍ഭ പാതയായും നടപ്പാക്കുന്ന പദ്ധതിക്ക് ഒരു ലക്ഷം കോടി രൂപ വരെയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. നാല് വിമാനത്താവളങ്ങളെയും ബന്ധിപ്പിക്കുന്നതായിരിക്കും പാത.
സര്‍ക്കാരുമായി സഹകരിക്കാന്‍ തയ്യാറെന്ന് ശ്രീധരന് അറിയിച്ച സാഹചര്യത്തില്‍ വിശദപഠനത്തിന് ശേഷം മാത്രം അതിവേഗ റെയില്‍ പാത പദ്ധതിക്കു തയ്യാറാവുമെന്നാണ് യു ഡി എഫ് സര്‍ക്കാര്‍ നിലപാട്.
കെ റെയില്‍ പദ്ധതിക്കെതിരായി ശക്തമായ സമരത്തിനാണ് യു ഡി എഫ് നേതൃത്വം നല്‍കിയത്. സതീശന് സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭ യോഗത്തില്‍ തന്നെ കെ റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കാന്‍ തീരുമാനമെടുത്തു. പിണറായി വിജയന് സര്‍ക്കാരിന്റെ സ്വപ്ന പദ്ധതി റദ്ദാക്കിയെങ്കിലും കേരളത്തിന് അതിവേഗ റെയില്‍ പദ്ധതി ആവശ്യമാണെന്ന അഭിപ്രായം ശക്തമായ സാഹചര്യത്തില്‍, അതിവേഗ യാത്ര കേരളത്തില്‍ അടഞ്ഞ അധ്യായമല്ലെന്ന് മുഖ്യമന്ത്രിക്കു പറയേണ്ടിവന്നു.







