Home BUSINESS NEWS MALYALAM ഖമനേയിയുടെ സംസ്‌കാര ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് കേന്ദ്രമന്ത്രിയും ബിഹാർ ഗവർണറും പങ്കെടുക്കും

ഖമനേയിയുടെ സംസ്‌കാര ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് കേന്ദ്രമന്ത്രിയും ബിഹാർ ഗവർണറും പങ്കെടുക്കും

5
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

ഇസ്രയേൽ-അമേരിക്കൻ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ സംസ്‌കാര ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗരിറ്റയും ബിഹാർ ഗവർണർ ലെഫ്റ്റനന്റ് ജനറൽ (റിട്ട.) സയീദ് അതാ ഹസ്‌നൈനും പങ്കെടുക്കും. വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും ഇവർക്കൊപ്പമുണ്ടാകും.

ജൂലൈ 4 മുതൽ ജൂലൈ 9 വരെ വിവിധ നഗരങ്ങളിലായാണ് ഔദ്യോഗിക അനുശോചന ചടങ്ങുകൾ ക്രമീകരിച്ചിരിക്കുന്നത്. ചടങ്ങുകളിൽ പങ്കാളിയാകാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഔദ്യോഗികമായി ക്ഷണിച്ചിരുന്നു. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച രാജ്യാന്തര സന്ദർശനങ്ങളുടെ തിരക്കുകൾ ഉള്ളതിനാലാണ് ഇന്ത്യ ഉന്നതതല പ്രതിനിധി സംഘത്തെ അയക്കുന്നത്. നയതന്ത്രപരമായി ഒട്ടേറെ വെല്ലുവിളികളും സങ്കീർണ്ണതകളുമുള്ള ചടങ്ങിൽ ഇന്ത്യയുടെ സാന്നിധ്യം എങ്ങനെയായിരിക്കുമെന്നത് സംബന്ധിച്ച് നിലനിന്നിരുന്ന അനിശ്ചിതത്വങ്ങൾക്കാണ് ഇതോടെ വിരാമമായത്.

ഫെബ്രുവരി 28-ന് ഇറാനിൽ ഇസ്രയേലും അമേരിക്കയും നടത്തിയ വ്യോമാക്രമണത്തിന്റെ ആദ്യ ദിനത്തിലാണ് 86 വയസ്സുകാരനായ ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടത്. തുടർന്ന് മാസങ്ങൾ നീണ്ട യുദ്ധത്തിനൊടുവിൽ അമേരിക്കയും ഇറാനും തമ്മിൽ സമാധാന കരാറിൽ ഒപ്പുവെച്ചതിന് ശേഷമാണ് ഇപ്പോൾ സംസ്‌കാര ചടങ്ങുകൾക്ക് തീയതി നിശ്ചയിച്ചിരിക്കുന്നത്. 36 വർഷം ഇറാനെ നയിച്ച നേതാവിന്റെ വിടവാങ്ങൽ ചടങ്ങുകൾ ടെഹ്റാൻ, ഖോം, മഷാദ് തുടങ്ങിയ നഗരങ്ങൾ കേന്ദ്രീകരിച്ചാണ് നടക്കുക.

പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഉൾപ്പെടെയുള്ള ആഗോള നേതാക്കളും വിവിധ രാജ്യങ്ങളിലെ പ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും. ഇരുപത് ദശലക്ഷത്തോളം ആളുകൾ ഈ ദുഃഖാചരണത്തിൽ പങ്കാളികളാകുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.