Home rss national malayalam പുതിയ വാർത്ത മലബാര്‍-മലേഷ്യ: ബന്ധങ്ങളുടെ ഭാവുകത്വങ്ങള്‍

മലബാര്‍-മലേഷ്യ: ബന്ധങ്ങളുടെ ഭാവുകത്വങ്ങള്‍

6
0

Source :- SIRAJLIVE NEWS

മലേഷ്യയിലെ പെനാങ്കിലെ കാംപുങ് മലബാര്‍ തെരുവിലൂടെ നടക്കുമ്പോള്‍, കോഴിക്കോട്ടെ മാനാഞ്ചിറ മൈതാനത്തിന് സമീപത്തൂടെയോ കുറ്റിച്ചിറയിലൂടെയോ നടക്കുന്നതായി അനുഭവപ്പെടും. അവിടുത്തെ പഴയ തലമുറക്കാര്‍ സസ്നേഹം കലര്‍പ്പില്ലാത്ത മലയാളത്തില്‍ സംസാരിക്കുകയും നമ്മെ ഹൃദയപൂര്‍വം സ്വീകരിക്കുകയും ചെയ്യും. അപ്പോള്‍, മലേഷ്യ ദൂരെയൊരു പ്രദേശമല്ലെന്നും മലബാറിന്റെ തന്നെ ഒരു കണ്ണാടിയോ വേരോ ചില്ലയോ മറ്റോ ആണെന്നും നമുക്കനുഭവപ്പെടും.

ചരിത്രമുറങ്ങുന്ന മലബാറിന്റെ പൈതൃകവും ശാന്തസമുദ്രത്തിന്റെ തീരങ്ങളിലെ മലായ് നാഗരികതയും തമ്മില്‍ അത്രമേല്‍ വൈകാരികമായ ഒരു ഇഴയടുപ്പമുണ്ട്. കേവലം സമുദ്രാന്തര വ്യാപാരങ്ങള്‍ക്കപ്പുറം, അറിവിനെയും മനുഷ്യനെയും പരസ്പരം വിളക്കിച്ചേര്‍ത്ത ആ പൗരാണിക നാഗരിക സൗഹൃദത്തിന്റെ ഏറ്റവും ബൗദ്ധികമായ ഒത്തുചേരലിനാണ് ഇന്ന് കോഴിക്കോട് നഗരം സാക്ഷ്യംവഹിക്കുന്നത്. മലേഷ്യന്‍ പ്രധാനമന്ത്രി ദത്തോ സെറി അന്‍വര്‍ ഇബ്റാഹീം തന്റെ ആത്മീയ ഗുരുവും ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയുമായ കാന്തപുരം എ പി അബൂബക്കര്‍ മുസ്്ലിയാരെ നേരിട്ട് സന്ദര്‍ശിക്കാനെത്തുന്നു എന്നതാണ് ആ ചരിത്ര മുഹൂര്‍ത്തം.

പ്രവാസവും പൈതൃകവും

കേരളത്തിന്റെ പ്രവാസ ചരിത്രത്തെ ഗള്‍ഫ് കുടിയേറ്റത്തില്‍ മാത്രം ഒതുക്കിനിര്‍ത്താനാവില്ല. ഗള്‍ഫ് പ്രവാസത്തിന് വളരെ മുമ്പ് തന്നെ, തൊഴിലിനും കച്ചവടത്തിനുമായി കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്ക്, വിശേഷിച്ച് മലേഷ്യയിലേക്ക് മലബാരികള്‍ നിരന്തരം യാത്ര ചെയ്തിരുന്നു. പശ്ചിമേഷ്യയില്‍ പോയി സമ്പാദിക്കുകയും തിരികെ വരികയും ചെയ്യുന്ന രീതിയായിരുന്നില്ല അവരുടേത്. മറിച്ച്, തങ്ങള്‍ ചെന്നെത്തിയ നാടിന്റെ മണ്ണില്‍ വേരുറപ്പിക്കാനും അവിടുത്തെ ദേശീയതയുടെ അവിഭാജ്യ ഘടകമായി മാറാനുമായിരുന്നു ആ മനുഷ്യര്‍ ശ്രമിച്ചത്.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ പ്രദേശങ്ങളില്‍ നിന്ന് മലേഷ്യയിലെത്തിയവരെ ചരിത്രകാരന്മാര്‍ മാതൃനാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന “ദേശാടനപ്പക്ഷികള്‍’ (Birds of Passage) എന്നാണ് വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍, കാലക്രമേണ അവര്‍ ആ നാഗരികതയുടെ നെടുംതൂണുകളായി മാറി. 1511ല്‍ അല്‍ഫോന്‍സോ ഡി അല്‍ബുക്കര്‍ക്ക് മലാക്ക കീഴടക്കുമ്പോള്‍ അദ്ദേഹത്തിന്റെ സൈന്യത്തില്‍ പോര്‍ച്ചുഗീസുകാര്‍ക്കൊപ്പം അറുന്നൂറോളം മലബാരികളുമുണ്ടായിരുന്നു. 1786ല്‍ ഫ്രാന്‍സിസ് ലൈറ്റിന്റെ നേതൃത്വത്തില്‍ പെനാങ്ക് നഗരം സ്ഥാപിച്ചപ്പോള്‍, അവിടുത്തെ സുപ്രധാന സര്‍ക്കാര്‍ കെട്ടിടങ്ങളും പാതകളും നിര്‍മിച്ചതിന് പിന്നിലും മലബാറില്‍ നിന്നുള്ള തൊഴിലാളികളുടെ വിയര്‍പ്പുണ്ട്. സമുദ്രവ്യാപാരത്തില്‍ സവിശേഷമായ നൈപുണ്യമുണ്ടായിരുന്ന “മരക്കാര്‍’ വംശജര്‍ പില്‍ക്കാലത്ത് മലേഷ്യയുടെ സമ്പദ്‌വ്യവസ്ഥയെ, പ്രത്യേകിച്ചും തടി, സുഗന്ധവ്യഞ്ജന വ്യവസായങ്ങളെ വലിയ തോതില്‍ ശക്തിപ്പെടുത്തിയവരാണ്.

റബ്ബര്‍ എസ്റ്റേറ്റുകളിലെ സേവനങ്ങള്‍ക്ക് പുറമെ, ഇരുപതാം നൂറ്റാണ്ടോടെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ പിന്‍ബലത്തില്‍ ഭരണനിര്‍വഹണ രംഗത്തും യൂറോപ്യന്‍ കമ്പനികളിലും സുപ്രധാനമായ സബ് മാനേജീരിയല്‍ പദവികളിലെത്താന്‍ മലബാരികള്‍ക്ക് സാധിച്ചു. ഇത്തരത്തില്‍ വിദേശ മണ്ണില്‍ തങ്ങളുടെ കര്‍മമണ്ഡലം വികസിപ്പിക്കുമ്പോഴും സാംസ്‌കാരിക തനിമ നിലനിര്‍ത്താന്‍ അവര്‍ എക്കാലത്തും ശ്രദ്ധിച്ചുപോന്നു. മലബാര്‍ മുസ്്ലിം ജമാഅത്ത് പോലെയുള്ള പ്രാദേശിക കൂട്ടായ്മകൾ അവരുടെ വൈകാരികവും സാംസ്‌കാരികവുമായ കേന്ദ്രങ്ങളായി പ്രവര്‍ത്തിച്ചു.
ആത്മീയ- നാഗരിക വിനിമയങ്ങള്‍
മലബാരികള്‍ തങ്ങളുടെ ജന്മനാട്ടില്‍ നിന്ന് നെഞ്ചേറ്റി കൊണ്ടുപോയത് അവരുടെ അചഞ്ചലമായ ആത്മീയ ബോധം കൂടിയായിരുന്നു. തങ്ങളുടെ പ്രവാസ ഭൂമിയില്‍ അവര്‍ പടുത്തുയര്‍ത്തിയ ആരാധനാലയങ്ങളും കൂട്ടായ്മകളും കടല്‍ കടന്നെത്തിയ ഒരു ജനത തങ്ങളുടെ സാംസ്‌കാരിക സ്മരണകളെയും പൈതൃകത്തെയും ഭദ്രമായി സൂക്ഷിച്ചുവെച്ച അഭയകേന്ദ്രങ്ങളായി തലയുയര്‍ത്തിനിന്നു. കേരളത്തിലെ മഹല്ലുകളിലേതു പോലെ തന്നെ, വിശേഷാവസരങ്ങളില്‍ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമിന്റെ മന്‍ഖൂസ് മൗലിദ് പാരായണം ചെയ്യാനും നേര്‍ച്ചകള്‍ (ചീരണി) വിതരണം ചെയ്യാനും മലേഷ്യയിലെ മലബാരികള്‍ ഇന്നും ശ്രദ്ധിക്കുന്നുണ്ട്. സിംഗപ്പൂരിലെ പ്രസിദ്ധമായ മലബാര്‍ മസ്ജിദിന് സമാനമായി, മലേഷ്യയില്‍ അവര്‍ നിര്‍മിച്ച “സുറാവു മലബാര്‍’ (Surau Malabar) എന്ന നിസ്‌കാരപ്പള്ളി ഇവരുടെ സാംസ്‌കാരികവും ആത്മീയവുമായ കേന്ദ്രമായി നിലകൊള്ളുന്നു. അന്യദേശത്ത് ആരോഗ്യ- വിദ്യാഭ്യാസ- പാര്‍പ്പിട ആവശ്യങ്ങള്‍ക്കായി പരസ്പരം താങ്ങായി മാറിക്കൊണ്ട് അവര്‍ രൂപപ്പെടുത്തിയെടുത്ത സാമൂഹിക സുരക്ഷാ ശൃംഖലകള്‍, ലോകമെമ്പാടുമുള്ള പ്രവാസ ചരിത്രത്തിലെ തന്നെ തിളക്കമാര്‍ന്ന അധ്യായമാണ്.
സ്വത്വത്തെക്കുറിച്ചുള്ള സവിശേഷമായൊരു ദാര്‍ശനിക സമീപനമാണ് ഈ സമൂഹം അവിടെ സ്വീകരിച്ചത്. മാതൃനാടിന്റെ വേരുകളെ ജീവനുതുല്യം സ്നേഹിക്കുമ്പോള്‍ തന്നെ, തങ്ങള്‍ ചെന്നെത്തിയ നാടിന്റെ ദേശീയതയോടും സംസ്‌കാരത്തോടും വളരെ സര്‍ഗാത്മകമായി അവര്‍ സംവദിച്ചു. തങ്ങളുടെ തനിമയെ ഒറ്റപ്പെടുത്തി നിര്‍ത്തുകയോ, അതല്ലെങ്കില്‍ ഇതരസംസ്‌കാരത്തില്‍ പൂര്‍ണമായി അലിഞ്ഞില്ലാതാവുകയോ ചെയ്യാതെ, ഈ രണ്ട് സ്വത്വങ്ങളെയും ഒരേസമയം നെഞ്ചേറ്റുന്ന സമാനതകളില്ലാത്ത സാംസ്‌കാരിക സമന്വയമാണ് മലേഷ്യന്‍ മലബാരികളിലൂടെ ലോകം കണ്ടത്.

ഈ ബൗദ്ധിക കൊടുക്കല്‍ വാങ്ങലുകളുടെ ഏറ്റവും വലിയ ചരിത്രരേഖ കിടക്കുന്നത് അവിടെയുള്ള ഭാഷാപരമായ പരിണാമങ്ങളിലാണ്. കേവലം വാണിജ്യ വസ്തുക്കള്‍ക്ക് പകരം, തങ്ങളുടെ സമുദ്രയാന കലയുമായി ബന്ധപ്പെട്ട സാങ്കേതിക പദാവലികളും ഭരണവ്യവസ്ഥയെ അടയാളപ്പെടുത്തുന്ന പ്രാചീന വ്യവഹാരങ്ങളും അവര്‍ മലേഷ്യന്‍ തീരങ്ങളിലെത്തിച്ചു. മലബാറിലെ നാട്ടുഭാഷാ പ്രയോഗങ്ങളും പ്രാചീന ഭാരതീയ പദങ്ങളും യാതൊരു മാറ്റവുമില്ലാതെയാണ് പ്രാദേശിക മലായ് ഭാഷയിലേക്ക് (ബഹാസ മലായു) അലിഞ്ഞുചേര്‍ന്നത്. വലിയൊരു നാഗരികതയുടെ മുഖ്യധാരയിലേക്ക് സന്നിവേശിക്കപ്പെടുമ്പോഴും തങ്ങളുടെ തനതായ ഭാഷയും അറിവുകളും വരുംതലമുറകള്‍ക്ക് കൈമാറാന്‍ പ്രാദേശിക പഠന കേന്ദ്രങ്ങളിലൂടെ അവര്‍ നടത്തിയ ഈ വൈജ്ഞാനിക പ്രതിരോധം ചരിത്രത്തില്‍ സമാനതകളില്ലാത്തതാണ്.

മലേഷ്യ മദാനിയും ദാര്‍ശനിക ഐക്യവും
ആധുനിക മലേഷ്യയുടെ ശിൽപ്പിയായ മുന്‍ പ്രധാനമന്ത്രി ഡോ. മഹാതീര്‍ മുഹമ്മദിന്റെ കുടുംബവേരുകള്‍ മലബാറിലാണെന്നത് ഈ ബന്ധത്തിന്റെ അനിഷേധ്യമായ രാഷ്ട്രീയ ചരിത്രമാണ്. ഈ ബന്ധം പൂര്‍ണമായും അക്കാദമികവും വൈജ്ഞാനികവുമായ തലത്തിലേക്ക് കൂടുതല്‍ മികവോടെ വളര്‍ന്നിരിക്കുന്നു എന്നതാണ് വര്‍ത്തമാന കാല വസ്തുത. ആശയ തലത്തില്‍, മലേഷ്യന്‍ സര്‍വകലാശാലകളില്‍ രൂപപ്പെട്ട ഇസ്്ലാമൈസേഷന്‍ ഓഫ് നോളജ് (Islamization of Knowledge) എന്ന സുപ്രധാന അക്കാദമിക ദര്‍ശനത്തെ ഏറ്റവും സമഗ്രമായി പ്രായോഗികവത്കരിച്ചത്, അന്താരാഷ്ട്ര തലത്തില്‍ തന്നെ ഒരുപക്ഷേ, ജാമിഅ മര്‍കസ് ഉള്‍പ്പെടെയുള്ള കേരളത്തിലെ വൈജ്ഞാനിക കേന്ദ്രങ്ങളായിരിക്കും. അറിവിനെ ഒരു സമൂഹത്തിന്റെ ധാര്‍മിക പുരോഗതിക്കായി എങ്ങനെ ക്രിയാത്മകമായി ഉപയോഗിക്കാമെന്ന് കാന്തപുരം ഉസ്താദ് തന്റെ കര്‍മപഥത്തിലൂടെ ലോകത്തിന് കാണിച്ചുകൊടുത്തു. ഈ വൈജ്ഞാനിക നൈരന്തര്യത്തിന് ഇന്ന് കരുത്തുപകരുന്നത് മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്റാഹീമിന്റെ ധാര്‍മികമായ ഭരണദര്‍ശനങ്ങളാണ്. അദ്ദേഹം വിഭാവനം ചെയ്യുന്ന “മലേഷ്യ മദാനി’ (Malaysia Madani) വെറുമൊരു സാമ്പത്തിക നയരേഖയല്ല; ഏഷ്യയില്‍ ഇസ്്ലാമിക നാഗരികതയുടെ ഒരു പുതിയ സാംസ്‌കാരിക ഹബ്ബായി മലേഷ്യയെ മാറ്റിയെടുക്കാനുള്ള ബൃഹത്തായ ദീര്‍ഘവീക്ഷണമാണ്. “വസ്വതിയ്യത്ത്’ (മധ്യമ നിലപാട്) ആണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ വീക്ഷണത്തിന്റെ അടിത്തറ.

ഒരു നൂറ്റാണ്ട് കാലമായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയും അര നൂറ്റാണ്ടിലേറെയായി കാന്തപുരം ഉസ്താദും കേരളത്തില്‍ പ്രായോഗികമായി നടപ്പാക്കിക്കൊണ്ടിരിക്കുന്നതും ഇതേ ധാര്‍മിക ആശയങ്ങള്‍ തന്നെയാണ്. അറിവ് മനുഷ്യനെ വിമോചിപ്പിക്കാനുള്ള ഉപകരണമാകണമെന്ന ദാര്‍ശനിക വീക്ഷണമാണ് ലോകമറിയുന്ന രണ്ട് മഹാപ്രതിഭകളായ കാന്തപുരം ഉസ്താദിനെയും അന്‍വര്‍ ഇബ്റാഹീമിനെയും പരസ്പരം ഒന്നിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം മലേഷ്യന്‍ സര്‍ക്കാര്‍ അവരുടെ പരമോന്നത ബഹുമതിയായ ഹിജ്‌റ അവാര്‍ഡ് നല്‍കി കാന്തപുരം ഉസ്താദിനെ ആദരിച്ചതിന് പിന്നിലെ ചാലകശക്തിയും സമാനമായ ഈ നാഗരിക ചിന്തകള്‍ തന്നെയാണ്. ഇന്ന്, ചരിത്ര പ്രസിദ്ധമായ ഒരു കൂടിക്കാഴ്ച നടക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല.