Home LATEST NEWS malyalam പുതിയ വാർത്ത മുഖ്യമന്ത്രി ഹെലികോപ്ടര്‍ യാത്ര നടത്തിയാല്‍ എന്താണ് പ്രശ്‌നം, കാലത്തിനനുസരിച്ച് മാറ്റങ്ങളുണ്ടാകും; ന്യായീകരണവുമായി മന്ത്രി മുരളീധരന്‍

മുഖ്യമന്ത്രി ഹെലികോപ്ടര്‍ യാത്ര നടത്തിയാല്‍ എന്താണ് പ്രശ്‌നം, കാലത്തിനനുസരിച്ച് മാറ്റങ്ങളുണ്ടാകും; ന്യായീകരണവുമായി മന്ത്രി മുരളീധരന്‍

5
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം | മുഖ്യമന്ത്രി വി ഡി സതീശന്‍ യാത്രക്ക് ഹെലികോപ്റ്റര്‍ ഉപയോഗിച്ചതില്‍ എന്താണ് പ്രശ്‌നമുള്ളതെന്ന് മന്ത്രി കെ മുരളീധരന്‍. യാത്രയെക്കുറിച്ചുള്ള വിവാദങ്ങള്‍ക്കിടെ വിഡി സതീശനെ ന്യായീകരിച്ച് കെ മുരളീധരന്‍. കാലം മാറുമ്പോള്‍ കാറിന് പകരം ഹെലികോപ്റ്റര്‍ എടുക്കുമെന്നും കാലത്തിനനുസരിച്ച് മാറ്റങ്ങളുണ്ടാകുമെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കവേ മുരളീധരന്‍ പറഞ്ഞു. ഏറ്റവും കൂടുതല്‍ ഹെലികോപ്റ്റര്‍ യാത്രകള്‍ നടത്തിയത് മുന്‍ മുഖ്യമന്ത്രി കെ കരുണാകരനായിരുന്നുവെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

‘കാറിലോ ട്രെയിനിലോ യാത്ര ചെയ്യുമ്പോള്‍ ലക്ഷ്യസ്ഥാനത്ത് എത്താന്‍ വൈകുമെന്നതിനാലാണ് പെട്ടെന്നുള്ള ആവശ്യങ്ങള്‍ക്കായി ഹെലികോപ്റ്റര്‍ ഉപയോഗിക്കുന്നത്. ഇതില്‍ എന്താണ് തെറ്റ്?’- മുരളീധരന്‍ ചോദിച്ചു. മുന്‍ സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ചപ്പോള്‍ തങ്ങള്‍ പരാതിപ്പെട്ടിട്ടില്ലെന്നും മന്ത്രി അവകാശപ്പെട്ടു.

ന്യൂമോണിയ ബാധിതനായി ആലുവ കാരോത്തുകുഴി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഭാര്യാപിതാവിനെ സന്ദര്‍ശിക്കുന്നതിനായാണ് മുഖ്യമന്ത്രി സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ചത്. സര്‍ക്കാര്‍ വാടകക്കെടുത്ത ഹെലികോപ്റ്റര്‍ മുഖ്യമന്ത്രി സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചുവെന്ന് മുന്‍ മന്ത്രി എം ബി രാജേഷാണ് ആക്ഷേപം ഉന്നയിച്ചത്. വി ഡി സതീശന്‍ പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഹെലികോപ്റ്റര്‍ ധൂര്‍ത്ത് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് സതീശന്‍ പ്രസ്താവന നടത്തിയിരുന്നു. ഇതാണ് രാജേഷിന്റെ ആരോപണത്തിന് പ്രധാന കാരണം.

രണ്ടുതവണ വ്യക്തിപരമായ ആവശ്യത്തിന് ഹെലികോപ്റ്റര്‍ പറത്തിയെന്നും ദുരന്തനിവാരണത്തിനും മറ്റ് അടിയന്തര ആവശ്യങ്ങള്‍ക്കുമായി വാടകക്കെടുത്ത ഹെലികോപ്റ്റര്‍ ഉപയോഗിച്ചത് ഔദ്യോഗിക ആവശ്യത്തിനോ പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ടോ അല്ലെന്നും രാജേഷ് കുറ്റപ്പെടുത്തി. ഹെലികോപ്റ്റര്‍ വിഷയത്തില്‍ സതീശന്‍ യു ടേണ്‍ അടിച്ചുവെന്ന് ആരോപിച്ച് മുന്‍ മന്ത്രി വി ശിവന്‍കുട്ടിയും രംഗത്തെത്തി.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി കൊച്ചിയിലേക്ക് നടത്തിയ ഹെലികോപ്റ്റര്‍ യാത്രയാണ് വിവാദത്തില്‍ കലാശിച്ചത്. തിരുവനന്തപുരം കവടിയാര്‍ ഗോള്‍ഫ് ക്ലബ്ബില്‍ നിന്ന് പുറപ്പെട്ട ഹെലികോപ്റ്റര്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് കൊച്ചിയിലിറക്കാനാകാതെ ആദ്യം തിരുവനന്തപുരത്തേക്ക് തന്നെ മടങ്ങിയിരുന്നു. പിന്നീട് കാലാവസ്ഥ അനുകൂലമായതോടെ രാവിലെ 11.30ഓടെ കൊച്ചിയിലേക്ക് തിരിച്ചു. ആശുപത്രിയില്‍ 20 മിനുട്ടോളം ചെലവഴിച്ച ശേഷമാണ് മുഖ്യമന്ത്രി വസതിയിലേക്ക് മടങ്ങിയത്.

Content Highlights: Minister K Muraleedharan defended the Chief Minister’s helicopter journey amidst rising political criticism. He emphasized that transportation modes naturally adapt as time changes. He also questioned what was wrong with utilizing helicopters for travel.