Source :- SIRAJLIVE NEWS
ദുബൈ | സ്കൂളുകള്‍ വേനലവധിക്കായി അടക്കുന്നതോടെ യിലെ വിമാനത്താവളങ്ങള്‍ കനത്ത തിരക്കിലേക്ക് നീങ്ങുകയാണ്. ഈ സാഹചര്യത്തില്‍, പ്രവാസികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ വരുത്തുന്ന പ്രധാനപ്പെട്ട ഒരു വീഴ്ചക്കെതിരെ കടുത്ത ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യവിദഗ്ധര്‍. യാത്രയുടെ അവസാന നിമിഷങ്ങളില്‍ മാത്രം പ്രതിരോധ കുത്തിവെപ്പുകള്‍ എടുക്കാന്‍ മുതിരുന്ന പ്രവണത ഒഴിവാക്കണമെന്ന് യു എ ഇയിലെ പ്രമുഖ ഡോക്ടര്‍മാര്‍ ഓര്‍മിപ്പിച്ചു. മുന്‍കൂട്ടി പ്ലാന്‍ ചെയ്യാതെ അവസാന നിമിഷം വാക്സിന് എടുക്കുന്നത് യാത്ര തടസ്സപ്പെടാനും വിമാനത്താവളങ്ങളില്‍ വെച്ച് മാനസിക സമ്മര്‍ദം ഉണ്ടാകാനും രോഗബാധയേല്ക്കാനുമുള്ള സാധ്യത വര്‍ധിപ്പിക്കും.
പല രാജ്യങ്ങളിലേക്കും യാത്ര ചെയ്യുന്നതിന് പ്രത്യേക വാക്സിനുകള്‍ നിര്‍ബന്ധമാണെങ്കിലും ആളുകള്‍ വിമാന ടിക്കറ്റും താമസസൗകര്യവും ബുക്ക് ചെയ്യുന്നതിലാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സാധാരണ എടുക്കുന്ന വാക്സിനുകള്‍ എല്ലാ രാജ്യങ്ങള്‍ക്കും ബാധകമാണെന്ന തെറ്റായ ധാരണ പലര്‍ക്കുമുണ്ട്. വിസ നടപടികള്‍ ആരംഭിക്കുമ്പോഴോ അല്ലെങ്കില്‍ യാത്രക്ക് തൊട്ടുമുമ്പോ മാത്രമാണ് പലരും വാക്സിനേഷനെ കുറിച്ച് അറിയുന്നത് തന്നെ. പ്രായം, ആരോഗ്യസ്ഥിതി, പോകുന്ന രാജ്യം എന്നിവ അനുസരിച്ച് ബൂസ്റ്റര്‍ ഡോസുകള്‍ എടുക്കേണ്ടതുണ്ടെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു.
യു എ ഇയില്‍ നിന്ന് ഹജ്ജ്, ഉംറ തീര്‍ഥാടനത്തിന് പോകുന്നവരാണ് വാക്സിനേഷനായി കൂടുതല്‍ അന്വേഷിക്കുന്നത്. തീര്‍ഥാടകര്‍ക്ക് മെനിംഗോകോക്കല്‍, ഇന്‍ഫ്ളുവന്‍സ വാക്സിനുകള്‍ പ്രധാനമാണ്. ഇതുകൂടാതെ ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് പോകുന്നവര്‍ക്ക് യെല്ലോ ഫീവര്‍ വാക്സിനും ഏഷ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് ടൈഫോയ്ഡ്, ഹെപ്പറ്റൈറ്റിസ് വാക്സിനുകളും അത്യാവശ്യമാണ്.
ചില വാക്സിനുകള്‍ പൂര്‍ണമായ പ്രതിരോധശേഷി നല്കാന് ആഴ്ചകളോളം സമയമെടുക്കുമെന്നും ഒന്നിലധികം ഡോസുകള്‍ ആവശ്യമായി വരാറുണ്ടെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. യാത്രാവേളകളില്‍ മീസില്‍സ് പോലുള്ള രോഗങ്ങളില്‍ നിന്ന് പൂര്‍ണ സംരക്ഷണം ഉറപ്പാക്കണം. പ്രത്യേകിച്ച് ചെറിയ കുട്ടികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, പ്രമേഹവും ഹൃദ്രോഗവുമുള്ളവര്‍ എന്നിവര്‍ യാത്രക്ക് നാല് മുതല്‍ ആറ് ആഴ്ച മുമ്പെങ്കിലും ഡോക്ടറെ കണ്ട് നിര്‍ദേശങ്ങളും പ്രതിരോധ കുത്തിവെപ്പുകളും സ്വീകരിക്കണം. അവസാന നിമിഷം വാക്സിന് എടുത്താല്‍ ശരീരത്തില്‍ പ്രതിരോധശേഷി ഉണ്ടാകാന്‍ ആവശ്യമായ സമയം ലഭിക്കില്ലെന്നും തിരക്കേറിയ വിമാനത്താവളങ്ങളിലും തീര്‍ഥാടന കേന്ദ്രങ്ങളിലും വെച്ച് രോഗബാധയുണ്ടാകാന്‍ ഇത് കാരണമാകുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി.







