Source :- SIRAJLIVE NEWS

കൊച്ചി | മാസപ്പടി കേസില്‍ വീണക്കെതിരെ തെളിവ് ശേഖരിക്കുന്നതിന്റെ ഭാഗമായി രേഖകള്‍ക്കായി കോടതിയെ സമീപിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി). സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ് എഫ് ഐ ഒ) കസ്റ്റഡിയിലെടുത്ത രേഖകള്‍ക്കായാണ് എറണാകുളം പി എം എല്‍ എ കോടതിയില്‍ ഹരജി നല്‍കിയിരിക്കുന്നത്.

134 രേഖകള്‍ വേണമെന്നാണ് ഹരജിയിലെ ആവശ്യം. വീണയും സി എം ആര്‍ എല്ലും തമ്മിലുണ്ടാക്കിയ 2016 ലെ കരാര്‍, എക്‌സാലോജിക്കും സി എം ആര്‍ എല്ലും 2017 ല്‍ ഉണ്ടാക്കിയ കരാര്‍, എക്‌സാലോജിക് ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്‌മെന്റ്, വീണയുടെ ഐ ടി റിട്ടേണ്‍ വിശദാംശങ്ങള്‍, എംപവര്‍ ഇന്ത്യ കാപ്പിറ്റല്‍ കമ്പനി വായ്പാ വിശദാംശങ്ങള്‍, വീണയുടെ വായ്പാ തിരിച്ചടവിന്റെ വിവരങ്ങള്‍ എന്നിവയടക്കമുള്ള രേഖകള്‍ ലഭിക്കുന്നതിനാണ് ഹരജി.

വീണക്കും സി എം ആര്‍ എല്‍ എം ഡി. ശശിധരന്‍ കര്‍ത്തക്കും സമന്‍സ് നല്‍കി വിളിപ്പിക്കുന്നതിന് മുമ്പ് തെളിവ് ശേഖരണം പൂര്‍ത്തിയാക്കാനാണ് ഇ ഡി ഉദ്ദേശിക്കുന്നത്.