Source :- EVARTHA NEWS
(adsbygoogle = window.adsbygoogle || []).push({});

ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിനിടെ പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ വിട്ടയച്ചു. ഏകദേശം രണ്ട് മണിക്കൂർ കസ്റ്റഡിയിൽ വെച്ച ശേഷമാണ് ബാരഖംബ പൊലീസ് സ്റ്റേഷനിൽ നിന്ന് അദ്ദേഹത്തെ മോചിപ്പിച്ചത്. മോചിതനായ രാഹുൽ ഗാന്ധി പിന്നീട് വസതിയിലെത്തി.
രാഹുൽ ഗാന്ധിയെ കസ്റ്റഡിയിലെടുത്തതിനെ തുടർന്ന് അദ്ദേഹത്തെ കാണാൻ മുഖ്യമന്ത്രി വി.ഡി. സതീശനും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും ബാരഖംബ പൊലീസ് സ്റ്റേഷനിലെത്തി. രാഹുൽ ഗാന്ധിയെ കാണാൻ അനുവദിച്ചില്ലെങ്കിൽ തങ്ങളെയും അറസ്റ്റ് ചെയ്യണമെന്ന് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. തുടർന്ന് അദ്ദേഹത്തിന് രാഹുലിനെ കാണാൻ പൊലീസ് അനുമതി നൽകി.
പ്രതിഷേധത്തിനിടെ കസ്റ്റഡിയിലെടുത്ത കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെയും ഡൽഹി പൊലീസ് പിന്നീട് വിട്ടയച്ചു. മറ്റ് പ്രതിപക്ഷ നേതാക്കളെയും ഛത്രസാൽ സ്റ്റേഡിയത്തിൽ നിന്ന് മോചിപ്പിച്ചു.
രാജ്യത്തെ വോട്ടർപട്ടിക അട്ടിമറിക്കപ്പെട്ടുവെന്ന് വി.ഡി. സതീശൻ ആരോപിച്ചു. ജനാധിപത്യം തിരിച്ചുകൊണ്ടുവരുന്നതിനായി നടത്തുന്ന സമരമാണിതെന്നും കോൺഗ്രസ് നടത്തുന്ന പ്രതിഷേധം ചരിത്രത്തിൽ രേഖപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധി ഊർജം പകരുന്ന നേതാവാണെന്നും സമരത്തിന് കേരളത്തിന്റെ പൂർണ പിന്തുണയുണ്ടെന്നും സതീശൻ വ്യക്തമാക്കി.
അതേസമയം, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. പ്രതിഷേധത്തെ നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും തടയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടാണ് പ്രതിപക്ഷം ഡൽഹിയിൽ പ്രതിഷേധം ശക്തമാക്കുന്നത്.

