Source :- SIRAJLIVE NEWS
ഷാര്ജ | അടുത്ത മാസം നടക്കുന്ന ഷാര്ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ 45-ാമത് പതിപ്പിലേക്ക് എത്തുന്ന പുസ്തകപ്രേമികള്ക്കായി സൗജന്യ ഷട്ടില് ബസ് സര്വീസുകളും വിപുലമായ പാര്ക്കിംഗ് സൗകര്യങ്ങളും ഒരുക്കുന്നു. ഷാര്ജ ബുക്ക് അതോറിറ്റി (എസ് ബി എ) ഇന്നലെ നടത്തിയ വാര്ത്താസമ്മേളനത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങള് പ്രഖ്യാപിച്ചത്.
‘കഥകളാല് മെനഞ്ഞ്’ എന്ന പ്രമേയത്തിലാണ് ഈ വര്ഷത്തെ മേള. നവംബര് നാല് മുതല് 12 ദിവസങ്ങളിലായി ഷാര്ജ എക്സ്പോ സെന്ററിലാണ് പുസ്തകോത്സവം അരങ്ങേറുന്നത്. നാലിന് ഷാര്ജ ഭരണാധികാരി ശൈഖ് സുല്ത്താന് ബിന് മുഹമ്മദ് ബിന് ഖാസിമി ഉദ്ഘാടനം ചെയ്യും. 124 രാജ്യങ്ങളില് നിന്നുള്ള പ്രസാധകര് മേളയില് പങ്കെടുക്കും. 1,151 അറബിക് പ്രസാധകരും 1,122 വിദേശ പ്രസാധകരുമടക്കം 2,000-ത്തിലധികം പ്രസാധകരാണ് ഇത്തവണ പുസ്തകോത്സവത്തിനെത്തുന്നത്. കുടുംബങ്ങള്ക്കും സന്ദര്ശകര്ക്കും മേളയിലേക്ക് എളുപ്പത്തില് എത്തിച്ചേരുന്നതിനായി വിപുലമായ യാത്രാ, പാര്ക്കിംഗ് സംവിധാനങ്ങളാണ് ഏര്പ്പെടുത്തിയിട്ടുള്ളത്.
ലോകത്തെയും പുസ്തക വ്യവസായത്തെയും ഒരൊറ്റ കുടക്കീഴില് കൊണ്ടുവരാനുള്ള ഷാര്ജയുടെ കഴിവിനെയും അന്താരാഷ്ട്ര പദവിയെയുമാണ് 124 രാജ്യങ്ങളുടെ ഈ പങ്കാളിത്തം വ്യക്തമാക്കുന്നതെന്ന് മേളയുടെ ജനറല് കോര്ഡിനേറ്റര് ഖൗല അല് മുജൈനി പറഞ്ഞു. അംഗോള, അരൂബ, ബെലാറൂസ്, ബുറുണ്ടി, കംബോഡിയ, കേപ് വെര്ദെ, മ്യാന്മര്, ട്രിനിഡാഡ് ആന്ഡ് ടൊബാഗോ, നൈജര് എന്നീ ഒമ്പത് രാജ്യങ്ങള് ഇത്തവണ ആദ്യമായി മേളയുടെ ഭാഗമാകും.
ഈ വര്ഷത്തെ അതിഥി രാജ്യമായി (ഗസ്റ്റ് ഓഫ് ഓണര്) ഒമാനെയാണ് തിരഞ്ഞെടുത്തിട്ടുള്ളത്. ഒമാന് സാംസ്കാരിക, കായിക, യുവജന മന്ത്രാലയത്തിലെ നോളജ് ആന്ഡ് കള്ച്ചറല് ഡെവലപ്മെന്റ് അസിസ്റ്റന്റ് ഡയറക്ടര് ജനറല് അഹ്മദ് ബിന് സഊദ് ബിന് നാസര് അല് റവാഹി വാര്ത്താസമ്മേളനത്തില് സംബന്ധിച്ചു.
വി ഡി സതീശന് അതിഥി
ഷാര്ജ രാജ്യാന്തര പുസ്തകമേളയില് മുഖ്യമന്ത്രി വി ഡി സതീശന് അതിഥിയായി പങ്കെടുക്കും. ഇതാദ്യമാണ് ഇന്ത്യയിലെ ഒരു സംസ്ഥാനത്തില് നിന്നുള്ള മുഖ്യമന്ത്രി ഷാര്ജ രാജ്യാന്തര പുസ്തകമേളയില് അതിഥിയാകുന്നത്. എന്നാല് മുഖ്യമന്ത്രി പങ്കെടുക്കുന്ന ദിവസം പിന്നീട് പ്രഖ്യാപിക്കുമെന്ന് എസ് ബി എ സി ഇ ഒ. അഹ്മദ് റകദ് അല് അമീരി പറഞ്ഞു.
Content Highlights:
The Sharjah International Book Fair is scheduled to begin on November 4, featuring a wide array of global literary events and publishers. This prestigious annual cultural gathering will take place at the Expo Centre Sharjah, drawing book lovers and renowned authors from around the world. The event highlights Sharjah’s commitment to promoting literature, reading culture, and international cultural exchange.



