Home rss national malayalam പുതിയ വാർത്ത അച്ചടക്കം പഠിപ്പിക്കാന്‍ ബാലാവകാശ കമ്മീഷൻ

അച്ചടക്കം പഠിപ്പിക്കാന്‍ ബാലാവകാശ കമ്മീഷൻ

2
0

Source :- SIRAJLIVE NEWS

കേരളത്തിലെ വിദ്യാലയങ്ങളില്‍ വിദ്യാര്‍ഥികളുടെ അച്ചടക്കം, മൊബൈല്‍ ഫോണ്‍ ഉപയോഗം, ലഹരിവിരുദ്ധ നടപടികള്‍, സൗന്ദര്യവര്‍ധക വസ്തുക്കളുടെ അപകടകരമായ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ പുറപ്പെടുവിച്ച പുതിയ നിര്‍ദേശങ്ങള്‍ തികച്ചും കാലോചിതവും സ്വാഗതാര്‍ഹവുമാണ്. ക്യാമ്പസുകളില്‍ ലഹരിവസ്തുക്കളുടെ കടന്നുകയറ്റം വര്‍ധിച്ചുവരുന്ന ഇന്നത്തെ സാഹചര്യത്തില്‍, കുട്ടികളുടെ ബാഗുകള്‍ പരിശോധിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ക്ക് അനുമതി നല്‍കിയ കമ്മീഷന്റെ തീരുമാനം ശക്തമായ പ്രതിരോധ നടപടിയായിക്കാണാവുന്നതാണ്. കുട്ടികളുടെ ഭാവിയെക്കുറിച്ച് ആശങ്കയുള്ള നിരവധി അധ്യാപകര്‍ ഇത്തരം പരിശോധനകളുടെ പേരില്‍ വലിയ വിമര്‍ശങ്ങള്‍ക്ക് വിധേയമാകുകയും കുട്ടികളുടെ പക്ഷത്ത് നില്‍ക്കുന്നുവെന്ന് അവകാശപ്പെടുന്ന ചിലരുടെ അധിക്ഷേപങ്ങള്‍ക്ക് ഇരയായതുമാണ്.

തീര്‍ച്ചയായും ഈ പരിശോധനകള്‍ അങ്ങേയറ്റം അവധാനതയോടെ വേണമെന്ന് കമ്മീഷന്‍ നിര്‍ദേശിക്കുന്നുണ്ട്. കുട്ടികളുടെ അന്തസ്സിനും അഭിമാനത്തിനും ക്ഷതമേല്‍ക്കാത്ത രീതിയിലായിരിക്കണം പരിശോധന എന്നാണ് കമ്മീഷന്റെ കര്‍ശന നിഷ്‌കര്‍ഷ. അച്ചടക്കം നടപ്പാക്കല്‍ ഒരിക്കലും കുട്ടികളെ മാനസികമായി പീഡിപ്പിക്കാനോ അപമാനിക്കാനോ ക്ലാസ്സിന് പുറത്താക്കാനോ ഉള്ള ആയുധമാകരുത് എന്ന കമ്മീഷന്റെ ഓര്‍മപ്പെടുത്തല്‍ വിദ്യാലയ അധികൃതര്‍ കൃത്യമായി ഉള്‍ക്കൊള്ളേണ്ടതുണ്ട്. അപ്പോള്‍ മാത്രമേ ഗുണപരമായ മാറ്റമുണ്ടാകുകയുള്ളൂ.

കുട്ടികളുടെ ബാഗുകള്‍ അധ്യാപകര്‍ പരിശോധിച്ച് ആരോഗ്യത്തിന് ഹാനികരമാകുന്ന വസ്തുക്കളില്ലെന്ന് ഉറപ്പാക്കണമെന്ന് ബാലാവകാശ കമ്മീഷന്‍ നിര്‍ദേശിക്കുന്നു. കുട്ടികള്‍ മുടി വളര്‍ത്തുന്നതും കളര്‍ ചെയ്യുന്നതും മൊട്ടയടിക്കുന്നതും അവകാശമാണെങ്കിലും ഇത് സ്‌കൂള്‍ അച്ചടക്കത്തിന്റെ നിബന്ധനകള്‍ക്ക് വിധേയമായിരിക്കണം. ഗുണനിലവാരമില്ലാത്ത ലിപ്സ്റ്റിക്ക് ഉള്‍പ്പെടെയുള്ള സൗന്ദര്യവര്‍ധക വസ്തുക്കളുടെ അമിത ഉപയോഗം കുട്ടികളുടെ ആരോഗ്യത്തിന് അപകടമുണ്ടാക്കുമെന്നും കമ്മീഷന്‍ വിലയിരുത്തുന്നു. സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കാനാകില്ല.

അതേസമയം, പ്രത്യേക ആവശ്യങ്ങള്‍ക്കായി രക്ഷിതാക്കളുടെ അറിവോടെ സ്‌കൂളില്‍ കൊണ്ടുവരുന്ന ഫോണുകള്‍ സ്‌കൂള്‍ പഠന സമയം അവസാനിക്കുന്നതുവരെ സ്വിച്ച് ഓഫ് ചെയ്തു സൂക്ഷിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ സൗകര്യമൊരുക്കണം. സ്‌കൂള്‍ സമയത്ത് കുട്ടികള്‍ മൊബൈല്‍ ഉപയോഗിക്കുന്നത് ഗുരുതര അച്ചടക്കലംഘനമായി കാണണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. കമ്മീഷന്റെ നിര്‍ദേശങ്ങള്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, തദ്ദേശ സ്വയം ഭരണവകുപ്പ് ഡയറക്ടര്‍, സംസ്ഥാന പോലീസ് മേധാവി എന്നിവരെ അറിയിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് ഇവര്‍ സ്വീകരിച്ച നടപടികളുടെ റിപോര്‍ട്ട് രണ്ട് മാസത്തിനകം സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു.

സ്‌കൂളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരുന്നത് വിലക്കേണ്ടത് തന്നെയാണ്. പക്ഷേ, സാമാന്യമായ ശരി ഓരോ കുട്ടിയെയും സവിശേഷമായെടുക്കുമ്പോള്‍ തെറ്റായി വന്നേക്കാം. പ്രത്യേക ആരോഗ്യ പ്രശ്‌നങ്ങളുള്ള ഒരു കുഞ്ഞിന് ചികിത്സയുമായി ബന്ധപ്പെട്ട രക്ഷിതാവിന്റെ നിര്‍ദേശങ്ങള്‍ സ്വീകരിക്കാന്‍ മൊബൈല്‍ കൈവശം വെക്കേണ്ടിവന്നേക്കാം. വിദൂര ഗ്രാമങ്ങളില്‍ നിന്ന് നഗരത്തില്‍ പഠിക്കാനെത്തുന്ന വിദ്യാര്‍ഥിയെ തിരിച്ചെത്തുന്നതിനിടക്ക് രക്ഷിതാവിന് ബന്ധപ്പെടേണ്ടി വന്നേക്കാം. ഇത്തരം പ്രത്യേക പരിഗണനയര്‍ഹിക്കുന്ന കുട്ടിയെ കൂടി കണ്ടുകൊണ്ടാണ് കമ്മീഷന്‍ നിര്‍ദേശങ്ങള്‍ വെച്ചിട്ടുള്ളത്. രക്ഷിതാവിന്റെ അറിവോടെ മാത്രമേ ഫോണ്‍ കൊണ്ടുവരാവൂ. അധ്യാപകരുടെ മേല്‍നോട്ടത്തിലേ അത് ഓണ്‍ ചെയ്യാവൂ. പഠന, പാഠ്യേതര പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്ന നിലയിലേക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗം മാറരുതെന്ന പൊതുജാഗ്രത തന്നെയാണ് ഇതുസംബന്ധിച്ച കമ്മീഷന്‍ നിര്‍ദേശത്തില്‍ കാണുന്നത്. വിദ്യാലയ പരിസരത്ത് അധ്യാപകരെ നിരന്തരം വലയ്ക്കുന്ന പ്രശ്‌നങ്ങളിലൊന്നാണല്ലോ മൊബൈല്‍ ഫോണ്‍ നിയന്ത്രണവും അതിനെച്ചൊല്ലിയുള്ള തര്‍ക്കങ്ങളും.

വിദ്യാര്‍ഥിയെന്ന നിലയിലുള്ള വ്യക്തിത്വത്തെ തകര്‍ത്തുകളയുന്ന ഫാഷന്‍ ഭ്രമം പടര്‍ന്നു പിടിക്കുകയാണ്. വസ്ത്രത്തില്‍, മുടിയില്‍, സൗന്ദര്യവര്‍ധക വസ്തുക്കളുടെ ഉപയോഗത്തില്‍ എല്ലാം ഈ ഭ്രമം കാണാം. വല്ലാത്തൊരു അനുകരണത്വര അവരെ പിടികൂടിയിരിക്കുന്നു. കുട്ടികളുടെ മനോഭാവത്തെ സ്വാധീനിക്കാന്‍ രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും സാധിക്കേണ്ടിയിരിക്കുന്നു.

മുതിര്‍ന്നവര്‍ ഉപയോഗിക്കുന്ന ലിപ്സ്റ്റിക്, ഐലൈനര്‍, ഐഷാഡോ, ഫേസ് ക്രീമുകള്‍ തുടങ്ങിയ സൗന്ദര്യവര്‍ധക വസ്തുക്കള്‍ ഇന്ന് നമ്മുടെ കുട്ടികളുടെ ബാഗുകളിലെ സ്ഥിരം കാഴ്ചയായി മാറിക്കൊണ്ടിരിക്കുന്നു. കേവലമൊരു കൗതുകത്തിനപ്പുറം, ഇത് കുട്ടികളുടെ ആരോഗ്യത്തിന് എത്രത്തോളം ഹാനികരമാണെന്ന യാഥാര്‍ഥ്യം വ്യക്തമാക്കുന്ന നിരവധി പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വിപണിയില്‍ ലഭിക്കുന്ന പല സൗന്ദര്യവര്‍ധകവസ്തുക്കളിലും മെര്‍ക്കുറി, കാഡ്മിയം തുടങ്ങിയ അതീവ മാരക മൂലകങ്ങള്‍ അനുവദനീയമായതിലും കൂടുതല്‍ അടങ്ങിയിരിക്കുന്നുവെന്ന് ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് തന്നെ കണ്ടെത്തിയിട്ടുണ്ട്. മുതിര്‍ന്നവരെ അപേക്ഷിച്ച് കുട്ടികളുടെ ചര്‍മം അതീവ നേര്‍ത്തതായതിനാല്‍ ഇത്തരം മാരക രാസവസ്തുക്കള്‍ ശരീരം വേഗത്തില്‍ വലിച്ചെടുക്കുകയും അലര്‍ജി, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, വളര്‍ച്ചാവൈകല്യങ്ങള്‍, ക്യാന്‍സര്‍ എന്നിവയിലേക്ക് നയിക്കുകയും ചെയ്യുന്നു.

സൗന്ദര്യവര്‍ധക വസ്തുതക്കള്‍ സംബന്ധിച്ച ബാലാവകാശ സംരക്ഷണ കമ്മീഷന്റെ നിരീക്ഷണം ഏറെ പ്രസക്തമാണെന്ന് ഈ വസ്തുതകള്‍ വ്യക്തമാക്കുന്നു. രക്ഷിതാക്കളുടെ കൂടി സഹകരണമില്ലാതെ സ്‌കൂള്‍ അധികൃതര്‍ക്കോ ശിശുക്ഷേമ സമിതികള്‍ക്കോ ഒന്നും ഇതിനെതിരെ നിലപാടെടുക്കാനാകില്ല. കുട്ടികള്‍ക്ക് ഇത്തരം ഉത്പന്നങ്ങള്‍ വാങ്ങി നല്‍കുന്നതിലും അവയുടെ ഉപയോഗം നിയന്ത്രിക്കുന്നതിലും മാതാപിതാക്കള്‍ക്ക് വലിയ പങ്കുണ്ട്. അതോടൊപ്പം തന്നെ, സ്‌കൂള്‍ പരിസരങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിലെ വ്യാജവും ഹാനികരവുമായ കോസ്‌മെറ്റിക്‌സ് ഉത്പന്നങ്ങള്‍ക്കെതിരെ ബാലാവകാശ കമ്മീഷന്റെ നിര്‍ദേശപ്രകാരം കര്‍ശനമായ പരിശോധനകള്‍ നടത്താന്‍ അധികൃതര്‍ തയ്യാറാകുകയും വേണം.

Content Highlights: The Kerala State Commission for Protection of Child Rights has issued new guidelines for schools permitting bag checks, banning student mobile phones, and regulating cosmetics. The commission emphasizes maintaining student dignity while tackling discipline, drug issues, and harmful beauty products. Authorities have two weeks to report compliance.