Source :- SIRAJLIVE NEWS
രാജ്യത്തെ പൊതുപ്രക്ഷേപണ സംവിധാനമാണ് പ്രസാര്‍ ഭാരതി. 1990ല്‍ പാര്ലിമെന്റ്പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ 1997 നവംബര്‍ 23നാണ് പ്രസാര്‍ ഭാരതി പ്രവര്‍ത്തനമാരംഭിച്ചത്. ആകാശവാണി, ദൂരദര്ശന് എന്നീ രാജ്യത്തെ പ്രധാന പൊതുപ്രക്ഷേപണ ശൃംഖലകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്ന സ്വയംഭരണ നിയമസ്ഥാപനമാണിത്. പൊതുതാത്പര്യമുള്ള വിഷയങ്ങളില്‍ ജനങ്ങള്‍ക്ക് സ്വതന്ത്രവും വസ്തുനിഷ്ഠവും സമതുലിതവുമായ വിവരങ്ങള്‍ ലഭ്യമാക്കുക, രാജ്യത്തിന്റെ വൈവിധ്യമാര്‍ന്ന ഭാഷകള്‍ക്കും സംസ്കാരങ്ങള്‍ക്കും പ്രാതിനിധ്യം നല്‍കുക, വിദ്യാഭ്യാസം, കൃഷി, ആരോഗ്യം, ഗ്രാമവികസനം, ശാസ്ത്രം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളില്‍ ജനങ്ങളില്‍ അവബോധം വളര്‍ത്തുക എന്നിവയാണ് പ്രസാര്‍ ഭാരതിയുടെ പ്രധാന ലക്ഷ്യങ്ങള്‍. വാര്‍ത്തകള്‍ക്കും വിനോദ പരിപാടികള്‍ക്കും പുറമേ വിദ്യാഭ്യാസ പരിപാടികള്‍, സാംസ്കാരിക സംപ്രേഷണങ്ങള്‍, കായികമത്സരങ്ങള്‍, ദേശീയ പ്രാധാന്യമുള്ള സംഭവങ്ങളുടെ തത്സമയ സംപ്രേഷണം തുടങ്ങിയവയിലൂടെയും ഈ സ്ഥാപനം രാജ്യത്തെ ജനങ്ങളുമായി സംവദിക്കുന്നു. ഡിജിറ്റല്‍ കാലഘട്ടത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി വേവ്സ് ഒ ടി ടി, പ്രസാര്‍ ഭാരതി ശബ്ദ് തുടങ്ങിയ സംരംഭങ്ങളിലൂടെ പരമ്പരാഗത പ്രക്ഷേപണത്തിനപ്പുറത്തേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനും പ്രസാര്‍ ഭാരതി ശ്രമിച്ചുവരുന്നു.
നിയമപരമായി സ്വയംഭരണ സ്ഥാപനമെന്ന പദവി ലഭിച്ചിട്ടുണ്ടെങ്കിലും പ്രസാര്‍ ഭാരതിയുടെ യഥാര്‍ഥ സ്വാതന്ത്ര്യവും വാര്‍ത്തകളുടെ നിഷ്പക്ഷതയും സംബന്ധിച്ച ചോദ്യങ്ങള്‍ നിരന്തരം ഉയര്‍ന്നുവരുന്നുണ്ട്. സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നിന്ന് മാറിനിന്ന് പൊതുജനങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന മാധ്യമമായി പ്രവര്‍ത്തിക്കണമെന്നതാണ് പ്രസാര്‍ ഭാരതി നിയമത്തിന്റെ അന്തസ്സത്ത. എന്നാല്‍, ഭരണകൂടത്തിന്റെ നയങ്ങള്‍ക്കും രാഷ്ട്രീയ താത്പര്യങ്ങള്‍ക്കും അനുകൂലമായ വാര്‍ത്താവതരണത്തിന് പൊതുപ്രക്ഷേപണ സംവിധാനം ഉപയോഗിക്കപ്പെടുന്നുവെന്ന വിമര്‍ശമാണ് ഇതിന്റെ പ്രവര്‍ത്തനങ്ങളെ ചുറ്റിപ്പറ്റി നിലനില്‍ക്കുന്നത്. സ്വയംഭരണത്തിനാവശ്യമായ സ്ഥാപനപരമായ സംവിധാനങ്ങളുടെ അപര്യാപ്തത, കേന്ദ്ര വാര്‍ത്താവതരണ പ്രക്ഷേപണ മന്ത്രാലയവുമായുള്ള അധികാരബന്ധം, എഡിറ്റോറിയല്‍ തീരുമാനങ്ങളില്‍ സര്‍ക്കാറിന്റെ സ്വാധീനം തുടങ്ങിയ വിഷയങ്ങളും വിമര്‍ശങ്ങളുടെ ഭാഗമാണ്. നിലവില്‍ പ്രസാര്‍ ഭാരതിയുടെ പ്രവര്‍ത്തനങ്ങളും വാര്‍ത്താ വിതരണത്തിലെ നിഷ്പക്ഷതയും വീണ്ടും ചര്‍ച്ചയാകുന്നതോടെ, പൊതുമാധ്യമം എന്ന നിലയില്‍ അത് എത്രത്തോളം സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നുവെന്ന അടിസ്ഥാനപരമായ ചോദ്യം ഉയര്‍ന്നുവരുന്നു. ജനങ്ങള്‍ക്ക് വിശ്വാസയോഗ്യമായ വിവരങ്ങള്‍ നല്‍കേണ്ട പൊതുസ്ഥാപനം ഭരണകൂടത്തിന്റെ നിലപാടുകള്‍ പ്രചരിപ്പിക്കുന്ന വേദിയായി മാറുന്നുണ്ടോ എന്ന ചോദ്യമാണ് ഈ സംവാദത്തിന്റെ കേന്ദ്രബിന്ദു.
ഭരണകൂട സ്വാധീനം
2014ല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തിയ ഉടനെ അന്നത്തെ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കര്‍ പ്രസാര്‍ ഭാരതിയുടെ പ്രവര്‍ത്തനങ്ങളില്‍ സമഗ്രമായ മാറ്റം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിരുന്നു. ബ്രിട്ടീഷ് പൊതുപ്രക്ഷേപണ സ്ഥാപനമായ ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോര്പറേഷന് (ബി ബി സി) മാതൃകയില്‍ പ്രസാര്‍ ഭാരതിയെ പുനഃസംഘടിപ്പിക്കുമെന്നും വാര്‍ത്താവതരണത്തിലെ എഡിറ്റോറിയല്‍ സ്വാതന്ത്ര്യവും സ്ഥാപനത്തിന്റെ ആഭ്യന്തര സ്വയംഭരണവും ശക്തിപ്പെടുത്തുമെന്നും പാര്‍ലിമെന്റിനോട് ഉത്തരവാദിത്വമുള്ള ഒരു സ്ഥാപനമാക്കി പ്രസാര്‍ ഭാരതിയെ മാറ്റുമെന്നുമായിരുന്നു പ്രഖ്യാപനം. പക്ഷേ, പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷവും ആ വാഗ്ദാനം നിറവേറ്റപ്പെട്ടില്ല.
ഒരു പൊതുമാധ്യമം ഭരണകൂടത്തിന്റെ നിലപാടുകള്‍ ജനങ്ങളിലെത്തിക്കുന്നതിനുള്ള ഉപാധി മാത്രമാകാതെ, സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളെ വിമര്‍ശനാത്മകമായി വിലയിരുത്താനും വിവിധ രാഷ്ട്രീയ നിലപാടുകള്‍ക്ക് തുല്യമായ ഇടം നല്‍കാനും കഴിയുന്ന സ്വതന്ത്ര സ്ഥാപനമായി പ്രവര്‍ത്തിക്കണമെന്നതാണ് ബി ബി സി മാതൃകയുമായി ബന്ധപ്പെട്ട പ്രഖ്യാപനത്തിന്റെ പ്രസക്തി. എന്നാല്‍, പ്രസാര്‍ ഭാരതിയുടെ സ്ഥാപനപരമായ സ്വയംഭരണവും എഡിറ്റോറിയല്‍ സ്വാതന്ത്ര്യവും സംബന്ധിച്ച ആശങ്കകള്‍ക്കൊപ്പം ജാവദേക്കറുടെ വാഗ്ദാനങ്ങള്‍ എത്രത്തോളം നടപ്പാക്കപ്പെട്ടുവെന്നു കൂടി അന്വേഷിക്കണം.
2014 ഒക്ടോബര്‍ മൂന്നിന് ആരംഭിച്ച “മന് കി ബാത്ത്’ പരിപാടി ആകാശവാണിയിലൂടെയും ദൂരദര്‍ശനിലൂടെയും വിവിധ ഡിജിറ്റല്‍ മാധ്യമങ്ങളിലൂടെയും സംപ്രേഷണം ചെയ്തുവരുന്നുണ്ട്. പ്രധാനമന്ത്രിക്ക് രാജ്യത്തെ ജനങ്ങളുമായി നേരിട്ട് ആശയവിനിമയം നടത്താനുള്ള വേദിയെന്ന നിലയില്‍ ഈ പരിപാടിക്ക് പ്രാധാന്യമുണ്ടെങ്കിലും പൊതുജനങ്ങളുടെ നികുതിപ്പണത്താല്‍ പ്രവര്‍ത്തിക്കുന്ന പൊതുപ്രക്ഷേപണ സംവിധാനം ഭരണത്തലവന്റെ സന്ദേശങ്ങള്‍ക്ക് ഇത്രയധികം പ്രാധാന്യം നല്‍കുന്നത് ഉചിതമല്ല. പ്രസാര്‍ ഭാരതിയെ ബി ബി സിയുടെ മാതൃകയില്‍ സ്വതന്ത്ര പൊതുമാധ്യമമാക്കുമെന്ന പ്രഖ്യാപനം ഒരു വശത്ത് നിലനില്ക്കുമ്പോള്, അതേ സംവിധാനത്തിലൂടെ പ്രധാനമന്ത്രിയുടെ പ്രതിമാസ പരിപാടി വ്യാപകമായി പ്രക്ഷേപണം ചെയ്യപ്പെടുന്നത് വൈരുധ്യമാണ്.
നടപ്പാകാത്ത ബി ബി സി മാതൃക
ഇവിടെ വൈരുധ്യം വ്യക്തമാണ്. ഒരുകാലത്ത് ബി ബി സിയെ മാതൃകയാക്കണമെന്ന് പറഞ്ഞ അതേ രാഷ്ട്രീയ വിഭാഗം പിന്നീട് ബി ബി സിക്കെതിരെ ആരോപണങ്ങളുമായി രംഗത്തെത്തി. 2023ല്‍ ബി ബി സി സംപ്രേഷണം ചെയ്ത “ഇന്ത്യ; ദ മോദി ക്വസ്റ്റ്യന്‍’ എന്ന ഡോക്യുമെന്ററി വിവാദങ്ങള്‍ ഏറെയുണ്ടാക്കി. ഡോക്യുമെന്ററി പക്ഷപാതപരമാണെന്നും ഒരു പ്രത്യേക ആഖ്യാനം അടിച്ചേല്‍പ്പിക്കുന്നതാണെന്നും അതില്‍ കൊളോണിയല്‍ മനോഭാവം പ്രകടമാണെന്നും കേന്ദ്രവും സംഘ്പരിവാറും വിളിച്ചുപറഞ്ഞു. കേന്ദ്ര വിദേശകാര്യ മന്ത്രാലയ വക്താവ് ബി ബി സിയെ ശക്തമായി വിമര്‍ശിച്ചു. ഡോക്യുമെന്ററിയുടെ ഓണ്‍ലൈന്‍ പ്രചാരണം തടയുന്നതിനുള്ള നടപടികളും കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചു.
ഇവിടെ, പ്രസാര്‍ ഭാരതിയെക്കുറിച്ചുള്ള വാഗ്ദാനവും ബി ബി സിക്കെതിരായ രാഷ്ട്രീയ പ്രതികരണവും തമ്മിലുള്ള വൈരുധ്യം വ്യക്തമാണ്. ഒരു വശത്ത്, ഭരണകൂടത്തിന്റെ നിയന്ത്രണങ്ങളില്‍ നിന്ന് മുക്തമായി വാര്‍ത്താവതരണ സ്വാതന്ത്ര്യം ഉറപ്പാക്കുന്ന ബി ബി സി മാതൃകയെ ഉയര്‍ത്തിക്കാട്ടുന്നു; മറുവശത്ത്, അതേ ബി ബി സി ഭരണകൂടത്തെ വിമര്‍ശനാത്മകമായി സമീപിക്കുമ്പോള്‍ അതിന്റെ വിശ്വാസ്യതയും നിഷ്പക്ഷതയും ചോദ്യം ചെയ്യുന്നു.
ബി ബി സി മാതൃക സ്വീകരിക്കണമെന്ന ആശയത്തിന് ചരിത്രപരമായ പിന്‍ബലമുണ്ട്. 1948 മാര്‍ച്ച് 15ന് ഭരണഘടനാ നിര്‍മാണസഭയിലെ ചര്‍ച്ചക്കിടെ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റു ഇന്ത്യയുടെ പ്രക്ഷേപണ സംവിധാനത്തെക്കുറിച്ച് തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. ബ്രിട്ടീഷ് മാതൃകയായ ബി ബി സിയോട് കഴിയുന്നത്ര അടുത്തുനില്ക്കുന്ന രീതിയിലായിരിക്കണം ഇന്ത്യയുടെ പ്രക്ഷേപണ സംവിധാനമെന്നും സര്‍ക്കാറിന്റെ നയപരമായ നിയന്ത്രണത്തിന് വിധേയമായിരിക്കുമ്പോഴും ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ വകുപ്പിനെപ്പോലെ പ്രവര്‍ത്തിക്കാത്ത അര്‍ധസ്വയംഭരണ കോര്‍പറേഷനാണ് അഭികാമ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതായത്, പ്രസാര്‍ ഭാരതിയെ ബി ബി സിയുടെ മാതൃകയില്‍ സ്വയംഭരണ പൊതുമാധ്യമമാക്കണമെന്ന ആശയം 2014ലെ മോദി സര്‍ക്കാറിന്റെ പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങുന്നതല്ല. സ്വതന്ത്ര ഇന്ത്യയുടെ ആദ്യകാലം മുതല്‍ ഉയര്‍ന്നുവന്ന ഒരു ജനാധിപത്യ സങ്കല്‍പ്പമായിരുന്നു അത്. പതിറ്റാണ്ടുകള്‍ക്കു ശേഷവും ആ ലക്ഷ്യം സാക്ഷാത്കരിക്കപ്പെട്ടിട്ടില്ല എന്നതാണ് വസ്തുത.
അടിയന്തരാവസ്ഥാ കാലത്തെ ദുര്‍ഗതി
1975ലെ അടിയന്തരാവസ്ഥക്കാലത്ത് ഓള് ഇന്ത്യ റേഡിയോയെ (എ ഐ ആര്) ഭരണകൂടത്തിന്റെ ഉപകരണമായി മാറ്റിയിരുന്നു. ഇന്ദിരാ ഗാന്ധിയുടെ പരാജയത്തിനു ശേഷം, പ്രസാര്‍ ഭാരതിക്ക് സ്വയംഭരണാധികാരം നല്‍കാനുള്ള ശിപാര്‍ശകള്‍ തയ്യാറാക്കാന്‍ ജനതാ സര്‍ക്കാര്‍ ബി ജി വര്‍ഗീസിനോട് ആവശ്യപ്പെട്ടു. 1979ല്‍ പ്രസാര്‍ ഭാരതി ബില്ല് അവതരിപ്പിച്ചെങ്കിലും അത് നിയമമായില്ല. 1989ല്‍ വീണ്ടും അവതരിപ്പിച്ച ബില്ല് ഭരണഘടനയിലെ അനുഛേദം 19(1)( എ) പ്രകാരമുള്ള അഭിപ്രായസ്വാതന്ത്ര്യത്തിന്റെ ചാര്‍ട്ടറായി വിശേഷിപ്പിക്കപ്പെട്ടു. 1990ല്‍ “പ്രസാര്‍ ഭാരതി (ബ്രോഡ്കാസ്റ്റിംഗ് കോര്പറേഷന് ഓഫ് ഇന്ത്യ) ആക്ട്’ പാസാക്കി. എന്നാല്‍ 1997ല്‍ മാത്രമാണ് അത് പ്രാബല്യത്തില്‍ വന്നത്.
ഈ നിയമത്തിന്റെ ലക്ഷ്യങ്ങളും കാരണങ്ങളും വ്യക്തമാക്കുന്ന പ്രസ്താവനയില്‍, കോര്പറേഷന് യഥാര്‍ഥത്തില്‍ സ്വയംഭരണാധികാരമുള്ളതും പുതുമകള്‍ സ്വീകരിക്കുന്നതും ചലനാത്മകവും വഴക്കമുള്ളതുമായിരിക്കണമെന്നും ഉയര്‍ന്ന വിശ്വാസ്യതയോടെ ജനങ്ങളോടും പാര്‍ലിമെന്റിനോടും ഉത്തരവാദിത്വം പുലര്‍ത്തണമെന്നും പറയുന്നു. എന്നാല്‍ നിയമം നിലവില്‍ വന്ന് ഏകദേശം മൂന്ന് പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും പ്രസാര്‍ ഭാരതി അത്തരമൊരു സ്ഥാപനമായി മാറിയിട്ടില്ല.
മാറ്റം അനിവാര്യം
പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും പ്രസാര്‍ ഭാരതി യഥാര്‍ഥത്തിലുള്ള പൊതുസേവന പ്രക്ഷേപണ സ്ഥാപനമായി മാറിയിട്ടില്ല. ഈ അവസ്ഥക്ക് മാറ്റം വരണം. 1990ലെ പ്രസാര്‍ ഭാരതി നിയമത്തിലെ വ്യവസ്ഥകള്‍ ഫലപ്രദമായി നടപ്പാക്കുകയും പ്രായോഗിക അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ നിയമത്തിലെ പോരായ്മകള്‍ പരിഹരിക്കുകയും വേണം. പാര്‍ലിമെന്ററി സമിതിയുടെ മേല്‍നോട്ടത്തില്‍ ബോര്‍ഡ് പുനഃസംഘടിപ്പിച്ച് പ്രൊഫഷനല്‍ സ്വഭാവമുള്ള സ്ഥാപനമാക്കുകയും നിയമത്തില്‍ വിഭാവനം ചെയ്ത നിയന്ത്രണ കൗണ്‍സില്‍ രൂപവത്കരിക്കുകയും വേണം. സ്ഥാപനത്തിന്റെ ആസ്തികള്‍ പൂര്‍ണമായി കൈമാറി, സര്‍ക്കാര്‍ നിര്‍ദേശങ്ങളില്‍ നിന്ന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഫണ്ടിംഗ് സംവിധാനം പ്രസാര്‍ ഭാരതിക്ക് ഏര്‍പ്പെടുത്തണം. വാര്‍ത്താവതരണത്തിലെ എഡിറ്റോറിയല്‍ സ്വാതന്ത്ര്യം ഉറപ്പാക്കുന്നതിനൊപ്പം സര്‍ക്കാറിന്റെ അനാവശ്യമായ ഇടപെടലുകളില്‍ നിന്ന് സ്ഥാപനത്തെ സംരക്ഷിക്കുകയും പൊതുജനങ്ങളോടുള്ള ഉത്തരവാദിത്വം ഉറപ്പാക്കുകയും വേണം.
ഇനി വേണ്ടത് സ്വയംഭരണത്തിന്റെ പേരിലുള്ള പ്രഖ്യാപനങ്ങളല്ല. അതിനെ യാഥാര്‍ഥ്യമാക്കുന്ന നിയമപരവും സ്ഥാപനപരവുമായ നടപടികളാണ്. ഭരണകൂടത്തിന്റെ താത്പര്യങ്ങള്‍ക്കപ്പുറം പൊതുജനങ്ങളുടെ അറിയാനുള്ള അവകാശത്തിന് മുന്‍ഗണന നല്‍കുകയും അധികാരത്തെ ചോദ്യം ചെയ്യാന്‍ കഴിയുന്ന സ്വതന്ത്ര മാധ്യമ സംവിധാനമായി പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോഴേ പ്രസാര്‍ ഭാരതിക്ക് അതിന്റെ ജനാധിപത്യപരമായ ദൗത്യം നിറവേറ്റാനാകൂ.
Content Highlights: Prasar Bharati, India’s public broadcasting agency established under the 1990 Act, continues to face persistent questions regarding its true autonomy and editorial independence. Critics argue that despite promises to model it after the BBC, the institution often reflects government narratives rather than functioning as a fully independent public service medium. Realizing its democratic mission requires moving beyond declarations to implement genuine structural and financial independence.



