Home rss national malayalam പുതിയ വാർത്ത അബൂദബിയിൽ 285 കോടി ദിർഹത്തിന്റെ മിഡ്-ഐലൻഡ് പാർക്ക് വേ

അബൂദബിയിൽ 285 കോടി ദിർഹത്തിന്റെ മിഡ്-ഐലൻഡ് പാർക്ക് വേ

2
0

Source :- SIRAJLIVE NEWS

അബൂദബി|സാദിയാത്ത് ദ്വീപിനും റീം ദ്വീപിനുമിടയിലുള്ള യാത്രാസമയം 25 മിനിറ്റിൽനിന്ന് വെറും പത്ത് മിനിറ്റായി ചുരുക്കുന്ന 285 കോടി ദിർഹത്തിന്റെ ബൃഹദ് റോഡ് വികസന പദ്ധതി “മിഡ്-ഐലൻഡ് പാർക്ക്  വേ’യുടെ ഒന്നാം ഘട്ടം 2027-ൽ പൂർത്തിയാകും. അബൂദബി മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റാണ് (ഡി എം ടി) നിർമാണ പുരോഗതി സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.സാദിയാത്ത് ദ്വീപിന്റെ വടക്കൻ ഇന്റർചേഞ്ചിൽനിന്ന് (ഇ12 ഹൈവേ) ആരംഭിച്ച് ദ്വീപിന്റെ തെക്കേയറ്റം വഴി ഉമ്മുൽ യഫീന സെൻട്രൽ ഇന്റർചേഞ്ച് വരെ നീളുന്ന എട്ടുവരി പാതയാണ് ഒന്നാം ഘട്ടത്തിൽ പൂർത്തിയാകുന്നത്. ജനജീവിതത്തിന് കൂടുതൽ സൗകര്യമൊരുക്കുന്നതിനൊപ്പം ടൂറിസം, വ്യാപാരം, ചരക്കുനീക്കം എന്നീ മേഖലകൾക്ക് വലിയ ഉണർവ് പകരുന്നതാണ് ഈ പദ്ധതിയെന്ന് ഡി എം ടി ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് ഡയറക്ടർ ജനറൽ ഈസ മുബാറക് അൽ മസ്‌റൂഇ വ്യക്തമാക്കി.

ഖോർ ലഫാന് അടിയിലൂടെ 11 മീറ്റർ ആഴത്തിൽ നിർമിക്കുന്ന 600 മീറ്റർ നീളമുള്ള തുരങ്കപാതയും ഇതിൽ ഉൾപ്പെടുന്നു. ഇതിനുപുറമെ കാൽനടയാത്രക്കാർക്കും സൈക്കിൾ യാത്രക്കാർക്കുമായി നാല് കിലോമീറ്റർ ട്രാക്കുകളും ഒരുക്കുന്നുണ്ട്. സാദിയാത്തുവരെയുള്ള നിലവിലെ പാതയുമായി ബന്ധിപ്പിക്കുന്നതോടെ ഉമ്മുൽ യഫീന വരെയുള്ള സൈക്ലിംഗ്-നടത്ത ഇടനാഴി ആകെ 12 കിലോമീറ്ററായി മാറും. 23,000 മീറ്റർ സ്മാർട്ട് എനർജി ലൈറ്റിംഗ്, തദ്ദേശീയമായി നിർമിച്ചതും പുനരുപയോഗിച്ചതുമായ നിർമാണ സാമഗ്രികൾ, പരിസ്ഥിതി സൗഹൃദ ജലസേചന സൗകര്യങ്ങൾ എന്നിവയാണ് പദ്ധതിയുടെ മറ്റു സവിശേഷതകൾ.

രണ്ടാം ഘട്ടത്തിൽ ബിൽരിമൈദ്, സമാലിയ ദ്വീപുകളിലൂടെ ശാസ് അൽ നഖൽ, അൽ റാഹ ബീച്ച്, ഖലീഫ സിറ്റി എന്നിവിടങ്ങളിലേക്ക് 14.5 കിലോമീറ്റർ ദൂരത്തിലാണ് റോഡ് നിർമിക്കുക. കടൽപാലങ്ങളും മേൽപ്പാലങ്ങളും കണ്ടൽക്കാടുകളെ സംരക്ഷിക്കുന്ന തുരങ്കങ്ങളും ഇതിലുണ്ടാകും. ഇതിനുപുറമെ അൽ ഹുദൈരിയാത്ത് ദ്വീപിനെ ഇ11 പാതയുമായി ബന്ധിപ്പിക്കുന്ന 37 കിലോമീറ്റർ നീളമുള്ള തീരദേശ എക്‌സ്പ്രസ് വേയും നിർമാണ പദ്ധതിയിലുണ്ട്. ഇതോടെ സാദിയാത്ത് ദ്വീപിൽനിന്ന് സായിദ് സിറ്റിയിലേക്കുള്ള ദൂരം വെറും 15 മിനിറ്റിൽ താഴെയായി ചുരുങ്ങും.
Content Highlights:
Abu Dhabi announced Phase 1 of the 2.85 billion dirham Mid-Island Parkway project connecting Saadiyat and Reem Island. The eight-lane highway reduces travel time from 25 to 10 minutes. The project includes a 600-meter underwater tunnel and extensive cycling and pedestrian tracks.