Source :- SIRAJLIVE NEWS
ഷാർജ| 2026-ന്റെ രണ്ടാം പാദത്തിൽ അബൂദബി, ഷാർജ എമിറേറ്റുകളിലെ പ്രമുഖ റെസിഡൻഷ്യൽ മേഖലകളിൽ വാടക നിരക്കിൽ വലിയ കുറവുണ്ടായതായി റിപ്പോർട്ട്. ഷാർജയിലെ അൽ തആവൂൻ, അൽ ഖാൻ എന്നിവിടങ്ങളിലും അബൂദബിയിലെ അൽ റീം ദ്വീപ്, യാസ് ദ്വീപ് എന്നിവിടങ്ങളിലുമാണ് വാടകയിൽ വലിയ ഇടിവ് രേഖപ്പെടുത്തിയത്. പ്രമുഖ റിയൽ എസ്റ്റേറ്റ് പോർട്ടലായ പ്രോപ്പർട്ടി ഫൈൻഡർ പുറത്തുവിട്ട ഏറ്റവും പുതിയ ഡാറ്റയിലാണ് പ്രവാസികൾക്ക് ആശ്വാസമേകുന്ന ഈ വിവരങ്ങളുള്ളത്.
2026-ന്റെ ആദ്യ പാദവുമായി താരതമ്യം ചെയ്യുമ്പോൾ രണ്ടാം പാദത്തിൽ അബൂദബിയിലെ അൽ റീം ദ്വീപിൽ 13.3 ശതമാനവും യാസ് ദ്വീപിൽ 10.5 ശതമാനവും വാടക കുറഞ്ഞു. അബൂദബി കോർണിഷ്, അൽ റഹ ബീച്ച് എന്നിവിടങ്ങളിലെ ഒരു കിടപ്പുമുറിയുള്ള ഫ്ലാറ്റുകളുടെ വാടകയിൽ 8.4 ശതമാനത്തോളം കുറവുണ്ടായിട്ടുണ്ട്. അൽ ഖാലിദിയ, അൽ മുറൂർ (മുസഫ്ഫ) എന്നിവിടങ്ങളിൽ 5.6 ശതമാനം മുതൽ ആറ് ശതമാനം വരെയാണ് വാടക കുറഞ്ഞത്.
അബൂദബിയിൽ, പ്രത്യേകിച്ച് യാസ് ഐലൻഡ്, അൽ റീം ഐലൻഡ് പോലുള്ള പ്രീമിയം പ്രദേശങ്ങളിൽ പുതിയ അപ്പാർട്ട്മെന്റുകൾ ധാരാളമായി വിപണിയിലെത്തിയതാണ് വാടക കുറയാൻ കാരണമായതെന്ന് പ്രോപ്പർട്ടി ഫൈൻഡർ ചീഫ് റവന്യൂ ഓഫീസർ ശരീഫ് സ്ലീമാൻ പറഞ്ഞു. അൽ മുറൂർ പോലുള്ള പ്രധാന ഭൂപ്രദേശ ജില്ലകൾ നിലവിൽ സ്ഥിരത പുലർത്തുന്നുണ്ടെന്നും വർഷത്തിന്റെ രണ്ടാം പകുതിയിലും ഈ പ്രവണത തുടർന്നാൽ വിപണിയിൽ വലിയ മാറ്റം പ്രതീക്ഷിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മേഖലയിലെ സൈനിക സംഘർഷങ്ങളും മാന്ദ്യവുമാണ് ഷാർജയിലെ റിയൽ എസ്റ്റേറ്റ് മേഖലയെ ബാധിച്ചത്. സാമ്പത്തിക രംഗത്തുണ്ടായ മന്ദഗതി കാരണം ഷാർജയിലെ അൽ ഖാനിൽ ഒരു കിടപ്പുമുറിയുള്ള അപ്പാർട്ട്മെന്റുകളുടെ വാടകയിൽ 15.6 ശതമാനം വരെ ഇടിവ് രേഖപ്പെടുത്തി. അൽ തആവൂനിൽ വാടക നിരക്ക് 11.8 ശതമാനവും അൽ ഖാസിമിയയിൽ 8.5 ശതമാനവും കുറഞ്ഞിട്ടുണ്ട്.
Content Highlights:
Residential rental rates in prominent areas of Abu Dhabi and Sharjah recorded a significant drop in the second quarter of 2026. Data from Property Finder reveals major price declines in premium locations like Yas Island, Al Reem Island, and Al Khan. The downward trend is attributed to an influx of new property supply and regional economic shifts.




