Home rss national malayalam പുതിയ വാർത്ത അബൂബക്കർ അൽ മശ്ഹൂറിന്റെ ദേശാന്തര വഴികൾ

അബൂബക്കർ അൽ മശ്ഹൂറിന്റെ ദേശാന്തര വഴികൾ

3
0

Source :- SIRAJLIVE NEWS

യമനിലെ ഹളർമൗത്തിൽ നിന്നുള്ള പ്രമുഖ പണ്ഡിതനും പ്രബോധകനും എഴുത്തുകാരനും കവിയുമായിരുന്നു ഹബീബ് അബൂബക്കർ അൽ അദനി ബിൻ അലി അൽ മശ്ഹൂർ(1947- 2022). ഇസ്്ലാമിക വിജ്ഞാനം, ആത്മീയത, സാഹിത്യം, സാമൂഹിക ചിന്ത എന്നിവയിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ അദ്ദേഹം നിരവധി ഗ്രന്ഥങ്ങളും കവിതകളും രചിച്ചിട്ടുണ്ട്. ജീവിതത്തിന്റെ ആദ്യഘട്ടത്തിൽ തെക്കൻ യമനിലെ രാഷ്ട്രീയ പ്രക്ഷുബ്ധതകളും കൊളോണിയൽ ഭരണകാലത്തെ സാമൂഹിക സാഹചര്യങ്ങളും നേരിട്ട അദ്ദേഹം പിന്നീട് സഊദി അറേബ്യയിലേക്ക് പലായനം ചെയ്തു. ആ ജീവിതാനുഭവങ്ങളുടെ രേഖയാണ് “അൽ ഖുറൂജു മിനദ്ദാഇറത്തിൽ ഹംറാഅ്’ എന്ന അദ്ദേഹത്തിന്റെ യാത്രാവിവരണം.

ഒരു യാത്രാവിവരണം കേവലം ഒരിടത്തുനിന്ന് മറ്റൊരിടത്തേക്കുള്ള സഞ്ചാരത്തിന്റെ രേഖയല്ല. ചില യാത്രകൾ ഭൂമിശാസ്ത്രപരമായ അതിരുകൾ മറികടക്കുന്നതിനേക്കാൾ ഏറെ ആഴമുള്ളവയാണ്. അവ മനുഷ്യനെ തന്റെ കാലത്തോടും സമൂഹത്തോടും വിശ്വാസത്തോടും സ്വത്വത്തോടും വീണ്ടും അഭിമുഖീകരിക്കുന്നു. അബൂബക്കർ അൽ മശ്ഹൂറിന്റെ ഈ യാത്രാവിവരണവും അത്തരമൊരു ജീവിതയാത്രയുടെ രേഖയാണ്. ഭയത്തിന്റെയും രാഷ്ട്രീയ അടിച്ചമർത്തലിന്റെയും അന്തരീക്ഷത്തിൽ നിന്ന് താരതമ്യേന സ്വാതന്ത്ര്യവും സമാധാനവും അനുഭവപ്പെടുന്ന മറ്റൊരു ഭൂമിയിലേക്കുള്ള പലായനവും അതോടൊപ്പം അറിവിന്റെയും ആത്മീയാന്വേഷണത്തിന്റെയും പുതിയ വഴികളിലേക്കുള്ള പ്രവേശനവുമാണ് ഇതിന്റെ ഉള്ളടക്കത്തിൽ തെളിഞ്ഞുനിൽക്കുന്നത്.

1990ൽ വടക്കൻ യമനും തെക്കൻ യമനും ഏകീകരിക്കപ്പെട്ട് “റിപ്പബ്ലിക് ഓഫ് യമൻ’ രൂപംകൊള്ളുന്നതിന് മുമ്പ്, യമൻ രണ്ട് വ്യത്യസ്ത രാഷ്ട്രങ്ങളായി നിലനിന്നിരുന്ന കാലത്ത്, തെക്കൻ യമനിലെ ഏദനിൽ നിന്നും തുടങ്ങി വടക്കൻ യമനിലെ ഹുദൈദ വരെയും ഹുദൈദ മുതൽ സഊദിയിലെ ജിദ്ദ വരെയും നടത്തിയ ഈ യാത്രയുടെ പശ്ചാത്തലം ഇരുപതാം നൂറ്റാണ്ടിലെ തെക്കൻ യമന്റെ രാഷ്ട്രീയ പരിവർത്തനങ്ങളാണ്. ഏദൻ ഉൾപ്പെടെയുള്ള പ്രദേശങ്ങൾ വലിയ രാഷ്ട്രീയ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചിരുന്ന കാലഘട്ടം. കോളനിവാഴ്ചയിൽ നിന്നുള്ള മോചനമെന്ന പ്രതീക്ഷയും അതിനുശേഷം രൂപപ്പെട്ട പുതിയ രാഷ്ട്രീയ വ്യവസ്ഥയും സമൂഹത്തിന്റെ വിവിധ തലങ്ങളിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചു. ഈ ചരിത്രസാഹചര്യത്തിലാണ് അബൂബക്കർ അൽ മശ്ഹൂറിന്റെ ബാല്യവും കൗമാരവും യൗവനവും രൂപപ്പെടുന്നത്.

അദ്ദേഹത്തിന്റെ വ്യക്തിത്വ രൂപവത്കരണത്തിൽ ഏറ്റവും ശക്തമായ സ്വാധീനം ചെലുത്തിയത് പിതാവായിരുന്ന ഹബീബ് അലി അൽ മശ്ഹൂർ ആയിരുന്നു. ഇസ്്ലാമിക വിജ്ഞാനത്തിലും പ്രബോധനരംഗത്തും സജീവമായിരുന്ന പിതാവ്, ഖുർആൻ, ഫിഖ്ഹ്, അറബി ഭാഷ തുടങ്ങിയ പരമ്പരാഗത വിജ്ഞാനശാഖകളിൽ മകന് ശക്തമായ അടിത്തറ നൽകി. കുടുംബത്തിലെ ഗ്രന്ഥശേഖരവും പിതാവുമായുള്ള നിരന്തരമായ വായനയും ചർച്ചകളും അദ്ദേഹത്തിന്റെ ബൗദ്ധിക വളർച്ചക്ക് നിർണായകമായി. അതുകൊണ്ടുതന്നെ അറിവ് അദ്ദേഹത്തിന് ഒരു വിദ്യാഭ്യാസയോഗ്യത മാത്രമായിരുന്നില്ല; ജീവിതത്തെ മനസ്സിലാക്കാനുള്ള ഒരു വഴിയായിരുന്നു.

എന്നാൽ കാലവും സാഹചര്യങ്ങളും മാറിമറിഞ്ഞു. പരമ്പരാഗത വിദ്യാഭ്യാസത്തോടൊപ്പം ആധുനിക വിദ്യാഭ്യാസത്തിന്റെയും സർട്ടിഫിക്കറ്റുകളുടെയും ആവശ്യകത അദ്ദേഹത്തിന് ബോധ്യപ്പെട്ടു. ഈ ഘട്ടത്തിലാണ് രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങളും കൂടുതൽ സങ്കീർണമാകുന്നത്. മാറ്റത്തിന്റെ മുദ്രാവാക്യങ്ങളും വിപ്ലവത്തിന്റെ ആവേശവും യുവാക്കളെ ആകർഷിച്ചിരുന്ന കാലം. ആദർശപരമായ ആവേശത്തോടെ മാറ്റങ്ങളെ സമീപിച്ചിരുന്ന യുവാവായിരുന്നെങ്കിലും, രാഷ്ട്രീയ നീക്കങ്ങളുടെ ആന്തരിക സ്വഭാവത്തെക്കുറിച്ചുള്ള വ്യക്തമായ ബോധ്യം അന്ന് അദ്ദേഹത്തിനുണ്ടായിരുന്നില്ല.

ഇവിടെയാണ് തന്റെ പിതാവിന്റെ ദീർഘവീക്ഷണം നിർണായകമാകുന്നത്. പുറമേ ഇസ്്ലാമിക ഭാഷയും ജനക്ഷേമത്തിന്റെ മുദ്രാവാക്യങ്ങളും ഉപയോഗിച്ചിരുന്ന യമനിന്റെ രാഷ്ട്രീയ നീക്കങ്ങളുടെ പിന്നിലെ അപകടങ്ങളെക്കുറിച്ച് പിതാവിന് കൂടുതൽ ജാഗ്രതയുണ്ടായിരുന്നു. അതിനാൽ, അന്നത്തെ രാഷ്ട്രീയ ആവേശത്തിൽ എടുത്തുചാടുന്നതിൽ നിന്ന് അദ്ദേഹം മകനെ പിന്തിരിപ്പിച്ചു. പിന്നീട് ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ, ആ നിയന്ത്രണങ്ങളും മുന്നറിയിപ്പുകളും തന്റെ ജീവിതത്തെ പല അപകടങ്ങളിൽ നിന്നും സംരക്ഷിച്ചുവെന്ന് ഗ്രന്ഥകാരൻ തിരിച്ചറിയുന്നുണ്ട്.

എന്നാൽ രാഷ്ട്രീയ സാഹചര്യങ്ങൾ ക്രമേണ കൂടുതൽ കടുത്തതോടെ ഈ കുടുംബത്തിനും അതിന്റെ പ്രത്യാഘാതങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാനായില്ല. ഭരണകൂടത്തിന്റെ അടിച്ചമർത്തലുകളും മതപരമായ അന്തരീക്ഷത്തോടുള്ള സംഘർഷങ്ങളും രൂക്ഷമായപ്പോൾ, പിതാവിന് യമൻ വിട്ട് സഊദി അറേബ്യയിലേക്ക് പലായനം ചെയ്യേണ്ടിവന്നു. മകന്റെ പഠനം നിലച്ചുപോകാതിരിക്കാനായി, നാട്ടിൽ നിന്ന് കൊണ്ട് തന്നെ വിദൂരവിദ്യാഭ്യാസത്തിലൂടെ പഠനം തുടരാനും തുടർന്ന് ജോലിയിൽ പ്രവേശിക്കാനും അദ്ദേഹം അനുമതി നൽകി. അങ്ങനെ, പിതാവിന്റെയും കുടുംബത്തിന്റെയും അഭാവത്തിലും അറിവിനോടുള്ള ബന്ധം അദ്ദേഹം കൂടുതൽ ശക്തമാക്കി മുന്നോട്ടു കൊണ്ടുപോയി.

തുടർന്നുള്ള വിദ്യാഭ്യാസകാലത്ത് അദ്ദേഹത്തിന്റെ ചിന്താലോകവും വികസിച്ചു. അറബി ഭാഷയിലും അധ്യാപനരീതികളിലും പഠനം തുടരുന്നതിനൊപ്പം, ഇസ്്ലാമിനെതിരായ ബൗദ്ധിക വെല്ലുവിളികളെയും സമകാലിക ആശയസംഘർഷങ്ങളെയും അദ്ദേഹം കൂടുതൽ ശ്രദ്ധയോടെ നിരീക്ഷിക്കാൻ തുടങ്ങി. ഇതോടെ എഴുത്ത് അദ്ദേഹത്തിന് ഒരു ആവിഷ്‌കാരമാർഗം എന്നതിന് പുറമെ, തന്റെ കാലഘട്ടത്തെ രേഖപ്പെടുത്താനുള്ള ഉത്തരവാദിത്വവുമായി മാറി. ഡയറിയിൽ കുറിച്ചുവെച്ച ഗദ്യങ്ങളും കവിതകളും പിന്നീട് ഈ ജീവിതാനുഭവങ്ങളുടെ പ്രധാന രേഖകളായി.

എന്നാൽ യഥാർഥ വഴിത്തിരിവ് ജന്മനാട് വിട്ടുള്ള യാത്രയായിരുന്നു. പരിചിതമായ സാമൂഹിക – ബൗദ്ധിക പരിസരങ്ങളിൽ നിന്ന് പുറത്തുകടന്ന് മറ്റൊരു യാഥാർഥ്യത്തെ നേരിടേണ്ടിവന്നപ്പോൾ, ഇതുവരെ നേടിയ അറിവുകളും ധാരണകളും പുതിയ അനുഭവങ്ങളുടെ വെളിച്ചത്തിൽ പുനഃപരിശോധിക്കപ്പെടുകയായിരുന്നു. യാത്ര അദ്ദേഹത്തിന് ഭൂമിശാസ്ത്രപരമായ ഒരു മാറ്റം മാത്രമായിരുന്നില്ല; അറിവിനെയും ജീവിതത്തെയും വീണ്ടും വായിച്ചറിയാനുള്ള അവസരമായിരുന്നു.

സഊദി അറേബ്യയിലെത്തിയതോടെ അദ്ദേഹത്തിന്റെ ജീവിതത്തിൽ മറ്റൊരു അധ്യായം ആരംഭിച്ചു. പള്ളിയിലെ ഇമാമത്തും ഖുതുബയും പ്രബോധനപ്രവർത്തനങ്ങളും അദ്ദേഹത്തെ പുതിയൊരു സാമൂഹിക – മതപരമായ സാഹചര്യത്തിലേക്ക് കൊണ്ടുവന്നു. ഫിഖ്ഹ്, ഹദീസ്, ഭാഷ തുടങ്ങിയ വിഷയങ്ങൾ പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതിനൊപ്പം പ്രമുഖ പണ്ഡിതനായ അൽ ഹബീബ് അബ്ദുൽ ഖാദിർ ബിൻ അഹ്മദ് അസ്സഖാഫിന്റെ സദസ്സുകളിൽ നിരന്തരം പങ്കെടുക്കുകയും ചെയ്തു. അവിടുത്തെ വായനകളും ചർച്ചകളും പണ്ഡിതന്മാരുമായും സാഹിത്യകാരന്മാരുമായുമുള്ള ഇടപെടലുകളും അദ്ദേഹത്തിന്റെ ചിന്തയെയും അറിവിനെയും ജീവിതാനുഭവങ്ങളെയും പുതിയ രീതിയിൽ രൂപപ്പെടുത്തുന്നതിൽ വലിയ പങ്കുവഹിച്ചു.

തെക്കൻ യമൻ രാഷ്ട്രീയ സംഘർഷങ്ങളുടെയും അടിച്ചമർത്തലിന്റെയും നിഴലിലായിരുന്ന ആ കാലത്ത്, അബൂബക്കർ അൽ മശ്ഹൂറിനെപ്പോലെ വിശ്വാസത്തെയും പാരമ്പര്യത്തെയും ചേർത്തുപിടിച്ച് ജീവിച്ചിരുന്ന നിരവധി മുസ്്ലിം പണ്ഡിതന്മാർക്ക് സ്വന്തം മണ്ണിൽ തുടരുന്നത് അതീവ ദുഷ്‌കരമായിരുന്നു. അതുകൊണ്ടുതന്നെ പലരും തങ്ങളുടെ പുറപ്പെടലിനെക്കുറിച്ച് ആരോടും പറയാതെ, വിശ്വസ്തരായ ഏതാനും ആളുകളുടെ സഹായത്തോടെ, രഹസ്യമായ വഴികളിലൂടെ നാടുവിട്ടു.

അവരുടെ ലക്ഷ്യം സഊദി അറേബ്യയിലേക്കോ മറ്റേതെങ്കിലും സുരക്ഷിത ഇടങ്ങളിലേക്കോ എത്തിച്ചേരുക എന്നതായിരുന്നു; എന്നാൽ ആ യാത്രയുടെ ഓരോ ചുവടിലും പിടിക്കപ്പെടുമോ എന്ന ഭയവും മുന്നിലെന്തെന്നറിയാത്ത അനിശ്ചിതത്വവും അവർക്കുള്ളിലുണ്ടായിരുന്നു. വീടും നാടും ബന്ധങ്ങളും പിന്നിലാക്കി അവർ കടന്നുപോയത്, സുരക്ഷയുടെയും വിശ്വാസ സ്വാതന്ത്ര്യത്തിന്റെയും തീരം തേടിയായിരുന്നു. അങ്ങനെ, ചരിത്രത്തിന്റെ ഇരുണ്ടൊരു ഘട്ടത്തിൽ, നിശബ്ദമായി ദേശാന്തര വഴികളിലേക്ക് പുറപ്പെട്ട ഒരു തലമുറയുടെ പാതയിലാണ് ഹബീബ് അബൂബക്കർ അൽ മശ്ഹൂറും യാത്രക്ക് തുടക്കം കുറിക്കുന്നത്. അദ്ദേഹത്തിന്റെ സഞ്ചാര സാഹിത്യ പുസ്തകത്തിന്റെ ശീർഷകം, “അൽ ഖുറൂജു മിനദ്ദാഇറത്തിൽ ഹംറാഅ്’ എന്നാണ്.

(അടുത്ത ലക്കത്തിൽ, ഹബീബ് അബൂബക്കർ അൽ മശ്ഹൂർ ഏദനിൽ നിന്നും യാത്ര തുടങ്ങുന്നു)

Content Highlights:
Habib Abubakar Al-Adni Bin Ali Al-Mashhur was a prominent Yemeni scholar, poet, and writer from Hadhramaut. His travelogue Al Khuruju Mina Dairatil Hamra documents his journey from political turmoil in South Yemen to Saudi Arabia. He left behind a rich legacy of spirituality and knowledge.