Home rss national malayalam പുതിയ വാർത്ത പുറത്തുപോയ ആ പെനാൽറ്റി കിക്ക് ഓർക്കാറുണ്ടോ?

പുറത്തുപോയ ആ പെനാൽറ്റി കിക്ക് ഓർക്കാറുണ്ടോ?

3
0

Source :- SIRAJLIVE NEWS

പത്ത് പതിനഞ്ചു വർഷമായി ഒരു സ്വപ്നമായി മനസ്സിൽ കൊണ്ടുനടന്ന കാർ ഒടുവിൽ വാങ്ങി. അതിന്റെ മുന്നിൽനിന്ന് ഫോട്ടോയെടുത്ത് വാട്സാപ്പിൽ സ്റ്റാറ്റസിട്ടു. ഇരുപത് പേർ ലൈക്കടിച്ചു, അഞ്ചുപേർ അഭിനന്ദിച്ചു, രണ്ടുപേർ ഹാർട്ട് അയച്ചു. സന്തോഷത്തിന്റെ കൊടുമുടിയിൽ നിൽക്കുമ്പോഴാണ് ഒരു ബന്ധുവിന്റെ ചോദ്യം: “മൈലേജ് എത്ര കിട്ടും?” അതോടെ സംഭാഷണം പെട്രോൾ വിലയിലേക്കും ഇന്ധനക്ഷമതയിലേക്കും വഴിമാറും. ഒരു മാസം കഴിഞ്ഞാൽ കാറിന്റെ പുതുമ കുറയുകയും അടുത്ത സ്വപ്നം അതിലും വലിയൊരു കാറായി മാറുകയും ചെയ്യും. ഇപ്പോൾ ഇരിക്കുന്ന ഡ്രൈവിംഗ് സീറ്റ്‌ ആസ്വദിക്കാൻ മറക്കുകയും ചെയ്യും.

മനുഷ്യജീവിതത്തിലെ വലിയ തമാശകളിലൊന്ന് സന്തോഷം കണ്ടെത്താൻ നമ്മൾ ഇങ്ങനെ ലക്ഷ്യങ്ങൾ മാറ്റിക്കൊണ്ടേയിരിക്കുമെന്നതാണ്‌. “ഒരു നല്ല ജോലി കിട്ടിയാൽ ഞാൻ സന്തോഷവാനാകും; വിവാഹം കഴിഞ്ഞാൽ ജീവിതം ശരിയാകും; ശമ്പളം കൂടിയാൽ ആത്മവിശ്വാസം വരും… അങ്ങനെ ജീവിതത്തെ മുഴുവൻ ഒരു നിബന്ധനയുടെ പിന്നാലെ ഓടിക്കുന്നവരാണ് നമ്മൾ. ലക്ഷ്യത്തിലെത്തിയാൽ ജീവിതം പൂർണമാകുമെന്ന ഈ തെറ്റായ പ്രതീക്ഷക്ക് മനഃശാസ്ത്രത്തിൽ “അറൈവൽ ഫാലസി’ എന്നാണ് പറയുന്നത്.

ലക്ഷ്യത്തിലെത്തുമ്പോൾ സന്തോഷം സ്ഥിരമായി നിലനിൽക്കുമെന്നു കരുതും; എന്നാൽ അവിടെയെത്തുമ്പോഴേക്കും മറ്റൊരു ലക്ഷ്യം മുന്നിൽ പ്രത്യക്ഷപ്പെടും. പ്രമോഷൻ കിട്ടുമ്പോൾ ജോലിഭാരം കൂടുന്നു; ശമ്പളം കൂടുമ്പോൾ ചെലവും കൂടുന്നു. മനസ്സ് വീണ്ടും പറയും: “ഇതൊന്നും പോരാ, കുറച്ചുകൂടി വേണം!” ഈ ഓട്ടത്തിനിടയിൽ നാം മറന്നുപോകുന്ന ഒരു കാര്യമുണ്ട്: നമ്മുടെ വിലയും സന്തോഷവും ഓരോ നേട്ടത്തിന്റെയും അംഗീകാരത്തിന്റെയും പിന്നാലെ വെച്ചുകൊടുക്കേണ്ടതല്ല. എന്നാൽ പലപ്പോഴും നമ്മൾ അങ്ങനെ മാത്രമാണ് ജീവിക്കുന്നത്.

പുറത്തുനിന്നുള്ള അംഗീകാരം കുറഞ്ഞാൽ നമുക്ക് നമ്മളെക്കുറിച്ചുള്ള മതിപ്പും കുറയുന്നു; ഒരു പരാജയം സംഭവിച്ചാൽ നമ്മുടെ കഴിവിനെ മാത്രമല്ല, സ്വന്തം വ്യക്തിത്വത്തെത്തന്നെ ചോദ്യം ചെയ്യുന്നു. പരീക്ഷയിൽ തോറ്റാൽ തോറ്റത് പരീക്ഷയിലാണ്; ജീവിതത്തിലല്ല. ഒരാൾ നമ്മളെ നിരസിച്ചാൽ നിരസിക്കപ്പെട്ടത് ഒരു ബന്ധത്തിലാണ്; നമ്മുടെ വ്യക്തിത്വത്തിന്റെ മുഴുവനായിട്ടല്ല. ഒരു സംരംഭം പരാജയപ്പെട്ടാൽ പരാജയപ്പെട്ടത് ആ സംരംഭമാണ്; നമ്മൾ മനുഷ്യരെന്ന നിലയിൽ പാപ്പരായിട്ടില്ല! പക്ഷേ, ഒരു പരാജയത്തെ സ്വന്തം വ്യക്തിത്വത്തിന്റെ സർട്ടിഫിക്കറ്റാക്കി മാറ്റാൻ നമുക്ക് അധികസമയം വേണ്ട. ഒരാൾ വിമർശിച്ചാൽ “എന്നെ ആർക്കും ഇഷ്ടമല്ല” എന്നു ചിന്തിക്കും. ഒരു ബന്ധം തകർന്നാൽ “എന്നെ ആർക്കും സ്നേഹിക്കാൻ കഴിയില്ല” എന്നു വിശ്വസിക്കും.

വേദിയിൽ സംസാരിക്കുമ്പോൾ നാക്കുപിഴച്ചാൽ അടുത്ത പത്ത് വർഷവും ആ സംഭവമോർത്ത് സ്വയം പരിഹസിച്ചുകൊണ്ടിരിക്കും. രസകരമെന്താണെന്നോ? നമ്മൾ ഓർത്തിരിക്കുന്ന ആ നാണക്കേട് മറ്റുള്ളവർ ഒരു മിനുട്ടുകൊണ്ട് മറന്നിട്ടുണ്ടാകും. എന്നാൽ നമ്മളത് വർഷങ്ങളോളം തെളിമയോടെ ഓർമയിൽ സൂക്ഷിക്കും! ഇതിന്റെ കാരണം ഇന്നത്തെ സംഭവങ്ങളിൽ മാത്രമല്ല; ചിലപ്പോൾ വർഷങ്ങൾക്കുമുമ്പ് നമ്മളെക്കുറിച്ച് രൂപപ്പെട്ട വിശ്വാസങ്ങളിലുമാണ്.

നമ്മുടെ ആത്മാഭിമാനത്തെ ബാധിക്കുന്നത് പലപ്പോഴും വർഷങ്ങൾക്കുമുമ്പ് സംഭവിച്ച കാര്യങ്ങളായിരിക്കും. പഴയ ഓർമകൾ മനസ്സിനുള്ളിലെ അദൃശ്യ ന്യായാധിപന്മാരെപ്പോലെ ഇന്നത്തെ ജീവിതത്തെ വിലയിരുത്തിക്കൊണ്ടിരിക്കും. കുട്ടിക്കാലത്ത് “നിന്നെ ഒന്നിനും കൊള്ളില്ല” എന്ന് നിരന്തരം കേട്ടുവളർന്ന ഒരാൾ വലിയ ജോലിയും വരുമാനവും നേടിയാലും താൻ അർഹനാണെന്ന് തെളിയിക്കാനുള്ള ഓട്ടത്തിൽനിന്ന് പുറത്തുകടക്കണമെന്നില്ല. ക്ലാസ്സിൽ തെറ്റായ ഉത്തരം പറഞ്ഞതിന് പരിഹസിക്കപ്പെട്ട വിദ്യാർഥി വർഷങ്ങൾക്കുശേഷം അധ്യാപകനായിട്ടും ആരെങ്കിലും ചോദ്യം ചോദിക്കുമ്പോൾ പരിഭ്രമിച്ചേക്കാം.

സംഭവം കഴിഞ്ഞുപോയി; പക്ഷേ, ആ സംഭവത്തെക്കുറിച്ച് നമ്മൾ രൂപപ്പെടുത്തിയ വിശ്വാസം ഇപ്പോഴും ജീവിക്കുന്നു. ഇവിടെ തിരിച്ചറിയേണ്ടത്, നമുക്ക് സംഭവിച്ച കാര്യവും അതിന്റെ പേരിൽ നമ്മളെക്കുറിച്ച് വിശ്വസിച്ചുതുടങ്ങിയ കാര്യവും ഒന്നല്ല എന്നതാണ്. “എന്നെ നിരസിച്ചു” എന്നത് ഒരു അനുഭവമാണ്; “ഞാൻ സ്നേഹിക്കപ്പെടാൻ അർഹനല്ല” എന്നത് അതിൽനിന്ന് നമ്മൾ രൂപപ്പെടുത്തിയ നിഗമനമാണ്. “എനിക്ക് തെറ്റുപറ്റി” എന്നത് ഒരു വസ്തുതയാണ്; “ഞാൻ തന്നെ ഒരു തെറ്റാണ്” എന്നത് നമ്മൾ സ്വയം നൽകുന്ന ക്രൂരമായ വിധിയാണ്. ഓർമകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങൾ ചില പഴയ അനുഭവങ്ങളുടെ വൈകാരിക അർഥം പുതുക്കാൻ കഴിയുമെന്ന് സൂചിപ്പിക്കുന്നു.

“മെമ്മറി റെക്കൻസോളിഡേഷൻ’ എന്നറിയപ്പെടുന്ന ഈ പ്രക്രിയയിൽ, പഴയ ഓർമയെ പുതിയൊരു കാഴ്ചപ്പാടിലൂടെ മനസ്സിലാക്കാനുള്ള സാധ്യതയുണ്ട്. കുട്ടിക്കാലത്ത് ഫുട്ബോൾ കളിക്കുമ്പോൾ പെനാൽറ്റി നഷ്ടപ്പെടുത്തിയതുകൊണ്ട് ടീം തോറ്റ ഒരു സംഭവം ഓർത്തുനോക്കൂ. വർഷങ്ങളായി നിങ്ങൾ സ്വയം പറഞ്ഞുകൊണ്ടിരിക്കുന്നത്, “ഞാനാണ് തോൽവിക്ക് കാരണം” എന്നാണ്. എന്നാൽ ഇന്നത്തെ നിങ്ങൾ ആ ഓർമയിലേക്ക് മടങ്ങിച്ചെന്ന് അന്നത്തെ കുട്ടിയോട് ഇങ്ങനെ പറഞ്ഞാലോ: “നീ ആ ഷോട്ട് എടുക്കാൻ ധൈര്യം കാണിച്ചു. ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയ്യാറായി. നീ അന്ന് ഒരു കുട്ടിയായിരുന്നു; രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ നിയന്ത്രിക്കുന്ന റിസർവ് ബാങ്ക് ഗവർണറായിരുന്നില്ല!” അങ്ങനെ നോക്കുമ്പോൾ ആ ഓർമ കഴിവില്ലായ്മയുടെ തെളിവല്ല, ധൈര്യത്തിന്റെയും പരിശ്രമത്തിന്റെയും അടയാളമായി മാറുന്നു.

ഭൂതകാലത്തിൽ നടന്ന സംഭവത്തെ മാറ്റാനാവില്ലെങ്കിലും അത് ഇന്നത്തെ ജീവിതത്തെ നിയന്ത്രിക്കുന്ന രീതിയിൽ മാറ്റം വരുത്താൻ കഴിയും. മറക്കുന്നതല്ല എല്ലാ മുറിവുകളുടെയും പരിഹാരം; ചിലപ്പോൾ സ്വയം ശിക്ഷിക്കാതെ ഓർക്കാൻ പഠിക്കുന്നതാണ് യഥാർഥ സൗഖ്യം. കടുത്ത മാനസികാഘാതങ്ങളുമായി ബന്ധപ്പെട്ട ഓർമകൾ കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ അവ ഒറ്റയ്ക്ക് നിർബന്ധിച്ച് ഓർത്തെടുക്കാതെ യോഗ്യതയുള്ള മാനസികാരോഗ്യ വിദഗ്ധന്റെ സഹായം തേടണം.

ആത്മാഭിമാനം എന്നത് നമ്മൾ പൂർണതയുള്ളവരാണെന്ന് സ്വയം ബോധ്യപ്പെടുത്തുന്നതല്ല; പൂർണതയില്ലാത്തവരായിരിക്കുമ്പോഴും സ്നേഹത്തിനും ആദരവിനും അർഹരാണെന്ന് തിരിച്ചറിയുന്നതാണ്. മറ്റുള്ളവരോട് നമ്മൾ എത്ര കരുണയോടെ പെരുമാറുന്നുവെന്നും സ്വന്തം കാര്യത്തിൽ എത്ര ക്രൂരരാകുന്നുവെന്നും ആലോചിച്ചുനോക്കൂ. ഒരു സുഹൃത്തിന് പരീക്ഷയിൽ മാർക്ക് കുറഞ്ഞാൽ നമ്മൾ പറയും: “സാരമില്ല, അടുത്ത തവണ നന്നാക്കാം.” എന്നാൽ നമുക്ക് മാർക്ക് കുറഞ്ഞാൽ മനസ്സിനുള്ളിൽ ഒരു ക്രിമിനൽ കോടതി തുറക്കും! നമ്മൾതന്നെ ജഡ്ജി, നമ്മൾതന്നെ പ്രോസിക്യൂട്ടർ, നമ്മൾതന്നെ ശിക്ഷ വിധിക്കുന്നയാൾ. ശിക്ഷയോ? ഇരുപത് വർഷം പഴയ തെറ്റുകൾ ഓർത്ത് കുറ്റബോധത്തോടെ ജീവിക്കണം; അപ്പീൽ അനുവദനീയമല്ല! മറ്റുള്ളവർക്ക് നൽകുന്ന അതേ കാരുണ്യം നമ്മളോടും കാണിക്കാൻ പഠിക്കണം.

അതിനർഥം സ്വന്തം തെറ്റുകളെ ന്യായീകരിക്കണമെന്നല്ല; തെറ്റുകളിൽനിന്ന് പഠിക്കുമ്പോഴും സ്വന്തം അന്തസ്സിനെ തകർക്കരുത് എന്നാണ്. തെറ്റുപറ്റിയാൽ തിരുത്താം; അതിനായി സ്വയം വെറുക്കേണ്ടതില്ല. നമ്മൾ വളർന്നുകൊണ്ടിരിക്കുന്ന ഈ ഘട്ടത്തിലും നമ്മളെ ബഹുമാനിക്കാൻ കഴിയണം. നമ്മൾ അതിജീവിച്ച മനുഷ്യരാണ്, പഠിച്ചുകൊണ്ടിരിക്കുന്ന മനുഷ്യരാണ്, മാറാനും വളരാനും ഇനിയും അവസരമുള്ള മനുഷ്യരാണ്. ഭൂതകാലത്തിന് നമ്മുടെ ഭയങ്ങളെ വിശദീകരിക്കാൻ കഴിഞ്ഞേക്കാം; എന്നാൽ ഭാവിയിലെ എല്ലാ തീരുമാനങ്ങളും നിയന്ത്രിക്കാനുള്ള അധികാരം അതിന് നൽകേണ്ടതില്ല.

ബേങ്ക് ബാലൻസ് കൂടുകയും കുറയുകയും ചെയ്യും. അതിനനുസരിച്ച് ആത്മാഭിമാനവും മാറുന്നുവെങ്കിൽ നമ്മുടെ മനസ്സിന്റെ സാമ്പത്തിക സ്ഥിതിയും ഒട്ടും സുരക്ഷിതമല്ല! അതുകൊണ്ട് നല്ലൊരു ജോലി കിട്ടുന്നതുവരെ, മികച്ച ശരീരം സ്വന്തമാക്കുന്നതുവരെ, സമൂഹം അംഗീകരിക്കുന്നതുവരെ, ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കുന്നതുവരെ സ്വയം ബഹുമാനിക്കുന്നത് മാറ്റിവെക്കരുത്. വളരാനുള്ള ആഗ്രഹം വേണം; എന്നാൽ വളർന്നുകൊണ്ടിരിക്കുന്ന നമ്മളെ വിലമതിക്കാനും കഴിയണം. സന്തോഷം ഒരു ലക്ഷ്യത്തിലെത്തുമ്പോൾ മാത്രം ലഭിക്കുന്ന സമ്മാനമല്ല. സ്വന്തം അപൂർണതകളോടും പഴയ മുറിവുകളോടും ഇന്നത്തെ ജീവിതത്തോടും കുറച്ചുകൂടി കരുണയോടെ പെരുമാറാൻ തുടങ്ങുമ്പോൾ, അത് യാത്രയിലും കണ്ടെത്താനാകും.

Content Highlights:
This article explores the psychological phenomenon known as arrival fallacy, where people mistakenly believe achieving goals will bring permanent happiness. It discusses how past memories and harsh self-criticism impact self-esteem and offers ways to practice self-compassion. Readers learn to appreciate personal growth during the journey rather than tying self-worth solely to external achievements.