Home rss national malayalam പുതിയ വാർത്ത അമിത് ഷാ സഭയിലെത്തി, പ്രസ്താവനകളോ വിശദീകരണങ്ങളോ ഉണ്ടായില്ല; പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു

അമിത് ഷാ സഭയിലെത്തി, പ്രസ്താവനകളോ വിശദീകരണങ്ങളോ ഉണ്ടായില്ല; പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു

2
0

Source :- SIRAJLIVE NEWS

ന്യൂഡല്‍ഹി| നീറ്റ് പരീക്ഷാ ക്രമക്കേട് ഉള്‍പ്പെടെയുള്ള വിഷയങ്ങളിലെ ശക്തമായ പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. സമ്മേളനത്തിന്റെ അവസാന ദിവസമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് എന്നിവര്‍ സഭയിലെത്തി. നീറ്റ് വിഷയത്തില്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുമെന്ന് അമിത് ഷാ മുന്‍പ് അറിയിച്ചിരുന്നെങ്കിലും അവസാന ദിനം സഭയില്‍ പ്രസ്താവനകളോ വിശദീകരണങ്ങളോ ഉണ്ടായില്ല. വന്ദേമാതരം ആലപിച്ച് സഭ പിരിയുകയായിരുന്നു.

രാജ്യസഭയില്‍ അവസാന ദിനവും ഭരണ-പ്രതിപക്ഷ അംഗങ്ങളുടെ ബഹളമായിരുന്നു. ലോക്‌സഭയില്‍ എത്തിയ അമിത് ഷാ, രാജ്യസഭയില്‍ എത്തിയില്ല. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും വിഷയത്തില്‍ നിന്ന് ഒളിച്ചോടുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.

സമ്മേളനം അനിശ്ചിതകാലത്തേക്ക് പിരിഞ്ഞതിന് പിന്നാലെ ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയുടെ ചേംബറില്‍ സംഘടിപ്പിച്ച പരമ്പരാഗത ചായസംഗമം പ്രതിപക്ഷം ബഹിഷ്‌കരിച്ചു. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളെയും മറ്റ് പ്രതിപക്ഷ നേതാക്കളെയും പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു ഔദ്യോഗികമായി ക്ഷണിച്ചിരുന്നുവെങ്കിലും അവര്‍ ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു.

അതേസമയം, ഡിഎംകെ നേതാവ് കനിമൊഴി ചടങ്ങില്‍ പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത്ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു എന്നീ എന്‍ ഡി എ നേതാക്കളും പങ്കെടുത്തു.

Content Highlights:
Parliament’s Monsoon Session adjourned sine die amid intense opposition protests over NEET exam irregularities. Opposition leaders including Rahul Gandhi and Priyanka Gandhi boycotted Speaker Om Birla’s traditional tea party. DMK leader Kanimozhi attended the event alongside NDA leaders.