Home LATEST NEWS malyalam പുതിയ വാർത്ത അൽഷിമേഴ്സ് രോഗം തലച്ചോറിൽ പടരുന്നത് എങ്ങനെ? ശാസ്ത്രലോകം കാത്തിരുന്ന ആ ചോദ്യത്തിന് ഉത്തരമായി

അൽഷിമേഴ്സ് രോഗം തലച്ചോറിൽ പടരുന്നത് എങ്ങനെ? ശാസ്ത്രലോകം കാത്തിരുന്ന ആ ചോദ്യത്തിന് ഉത്തരമായി

2
0

Source :- SIRAJLIVE NEWS

യുട്ടാ | അൽഷിമേഴ്സ് രോഗം തലച്ചോറിലെ ഒരു കോശത്തിൽ നിന്ന് മറ്റൊന്നിലേക്ക് പടരുന്നത് എങ്ങനെയെന്നതിനെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ ശാസ്ത്രജ്ഞർ കണ്ടെത്തി. തലച്ചോറിലെ കോശങ്ങൾ തമ്മിൽ ആശയവിനിമയം നടത്താൻ സാധാരണയായി സഹായിക്കുന്ന ആർക് (Arc) എന്ന ബ്രെയിൻ പ്രോട്ടീൻ ആണ് അൽഷിമേഴ്സിന് കാരണമാകുന്ന ടോക്സിക് ടാവു പ്രോട്ടീനുകളെ (Tau proteins) ഒരു കോശത്തിൽ നിന്ന് മറ്റൊന്നിലേക്ക് എത്തിക്കാൻ സഹായിക്കുന്നതെന്ന് ഗവേഷകർ കണ്ടെത്തി. കോശങ്ങൾ നശിക്കുന്നതിന് മുൻപ് തന്നെ ഈ പ്രോട്ടീൻ പാക്കേജുകളെ തടയാൻ കഴിഞ്ഞാൽ രോഗം പടരുന്നത് സാവധാനത്തിലാക്കാൻ സാധിക്കുമെന്നാണ് യൂണിവേഴ്സിറ്റി ഓഫ് യുട്ടാ ഹെൽത്തിലെ ഗവേഷകർ വിശ്വസിക്കുന്നത്. സെൽ (Cell) എന്ന ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

അൽഷിമേഴ്സ് രോഗം ബാധിക്കുമ്പോൾ ടാവു പ്രോട്ടീനുകൾ ഒട്ടിപ്പിടിക്കുന്ന വലിയ തരികളായി മാറുകയും ഇത് കോശങ്ങൾക്കുള്ളിലെ ഗതാഗത സംവിധാനത്തെ തടസ്സപ്പെടുത്തി കോശങ്ങളെ നശിപ്പിക്കുകയും ചെയ്യും. ഇവ പിന്നീട് ചെറിയ കണികകളായി പൊട്ടി പുതിയ കോശങ്ങളിലേക്ക് പടരുകയും അവിടെയുള്ള നല്ല പ്രോട്ടീനുകളെ കൂടി നശിപ്പിക്കുകയും ചെയ്യുന്നു. എലികളിൽ നടത്തിയ പരീക്ഷണത്തിൽ ആർക് പ്രോട്ടീന്റെ സാന്നിധ്യമുള്ളപ്പോഴാണ് ടോക്സിക് ടാവു പ്രോട്ടീനുകൾ എക്സ്ട്രാസെല്ലുലാർ വെസിക്കിളുകൾ (extracellular vesicles) എന്നറിയപ്പെടുന്ന സൂക്ഷ്മ സഞ്ചിയിലായി മറ്റ് കോശങ്ങളിലേക്ക് സഞ്ചരിക്കുന്നതെന്ന് കണ്ടെത്തി. അതേസമയം എലികളിൽ നിന്ന് ആർക് പ്രോട്ടീൻ മാറ്റിയപ്പോൾ ടാവു പ്രോട്ടീനുകളുടെ കൈമാറ്റം പൂർണ്ണമായും നിലച്ചതായും ഗവേഷകർ വ്യക്തമാക്കി.

എന്നാൽ രോഗത്തിന്റെ ആദ്യ ഘട്ടങ്ങളിൽ ഈ പ്രോട്ടീൻ കോശങ്ങൾക്ക് സംരക്ഷണം നൽകുന്നുണ്ടെന്നും ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. കോശങ്ങളിൽ അധികമുള്ള ടോക്സിക് ടാവു പ്രോട്ടീനുകളെ പുറന്തള്ളാൻ ആർക് സഹായിക്കുന്നുണ്ട്. ആർക് പ്രോട്ടീൻ ഇല്ലാത്തപ്പോൾ ഈ വിഷപദാർത്ഥങ്ങൾ കോശങ്ങൾക്കുള്ളിൽ തന്നെ കെട്ടിക്കിടന്ന് കോശങ്ങൾ വേഗത്തിൽ നശിക്കാൻ കാരണമാകുന്നു. അതിനാൽ കോശങ്ങളിൽ നിന്ന് ടാവു പുറത്തുപോകുന്നത് തടയുന്നതിന് പകരം അത് മറ്റ് കോശങ്ങളിലേക്ക് പ്രവേശിക്കുന്നത് തടയുകയാണ് ഫലപ്രദമായ ചികിത്സാ രീതിയെന്ന് ശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നു.

മനുഷ്യന്റെ തലച്ചോറിലെ കോശങ്ങളിലും ആർക്, ടാവു പ്രോട്ടീനുകൾ അടങ്ങിയ എക്സ്ട്രാസെല്ലുലാർ വെസിക്കിളുകൾ കണ്ടെത്തിയിട്ടുണ്ടെങ്കിലും മനുഷ്യരിൽ ഇത് എത്രത്തോളം ഫലപ്രദമാകുമെന്ന് സ്ഥിരീകരിക്കാൻ കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്ന് മുതിർന്ന ഗവേഷകനായ ജേസൺ ഷെപ്പേർഡ് വ്യക്തമാക്കി.

Content Highlights

Scientists have discovered that a brain protein named Arc helps toxic Tau proteins spread from damaged neurons to healthy ones in Alzheimer’s disease. By investigating mouse models, researchers found that blocking these toxic extracellular vesicles before they enter healthy cells could slow disease progression. Although further research is needed in humans, this mechanism opens a promising new target for future therapies.