Source :- SIRAJLIVE NEWS
തിരുവനന്തപുരം | സംസ്ഥാനത്ത് ഷിഗെല്ല രോഗികളുടെ എണ്ണം ആശങ്കപ്പെടുത്തും വിധം വര്‍ധിക്കുന്നു.ഇന്ന് മാത്രം സംസ്ഥാനത്ത് പുതുതായി 10 പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. നാല് ജില്ലകളിലാണ് ഇന്ന് രോഗം റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ കോഴിക്കോട് ജില്ലയില്‍ മാത്രം 7 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ വയനാട്, എറണാകുളം, മലപ്പുറം ജില്ലകളില്‍ ഓരോരുത്തര്‍ക്കും വീതം രോഗം സ്ഥിരീകരിച്ചു. ഇതോടെ ഈ വര്‍ഷം ഇതുവരെ കേരളത്തില്‍ ഷിഗെല്ല സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 226 ആയി ഉയര്‍ന്നു.
ജൂണ്‍ മാസം മാത്രം സംസ്ഥാനത്ത് ആറ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 150 പേര്‍ക്കാണ് ഇതേ മാസം രോഗം ബാധ കണ്ടെത്തിയത്.കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ജൂണ്‍ മാസം ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.
രോഗവ്യാപനം അനിയന്ത്രിതമായ സാഹചര്യത്തില്‍ നിലവില്‍ കോഴിക്കോട് (49), വയനാട് (20), തൃശൂര്‍ (12), ആലപ്പുഴ (3) എന്നീ നാല് ജില്ലകളില്‍ ആരോഗ്യവകുപ്പ് ഔദ്യോഗികമായി ‘ഔട്ട്ബ്രേക്ക്’ (രോഗവ്യാപന അടിയന്തരാവസ്ഥ) പ്രഖ്യാപിച്ചിട്ടുണ്ട്.ഇതിന് പുറമേ മലപ്പുറം (21), തിരുവനന്തപുരം (17), കണ്ണൂര്‍ (10), കൊല്ലം (9), ഇടുക്കി (3), എറണാകുളം (3), പാലക്കാട് (3) എന്നിവിടങ്ങളിലും ജൂണ്‍ മാസം ഷിഗെല്ല ബാധ രേഖപ്പെടുത്തിയിട്ടുണ്ട്. ശുചിത്വക്കുറവിലൂടെയും മലിനമായ വെള്ളത്തിലൂടെയും പകരുന്ന രോഗമായതിനാല്‍ കര്‍ശനമായ വകുപ്പ് തല ഏകോപനത്തോടെയാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
Content Highlights: Ten new Shigella cases were confirmed in Kerala today, mostly in Kozhikode district. This brings the total number of infections in the state to 226 this year. An official outbreak has been declared in four districts as the health department intensifies preventive measures.




