Home rss national malayalam പുതിയ വാർത്ത ആ കുറ്റവാളിയെ അല്ലാഹുവിന് ഇഷ്ടമാണ്

ആ കുറ്റവാളിയെ അല്ലാഹുവിന് ഇഷ്ടമാണ്

3
0

Source :- SIRAJLIVE NEWS

തെറ്റുകള്‍ സംഭവിക്കുക സ്വാഭാവികമാണ്. ജീവിതത്തില്‍ അബദ്ധങ്ങള്‍ സംഭവിക്കുമ്പോള്‍ ഞാന്‍ പിഴച്ചുപോയി, എനിക്കിനി മോചനമില്ല എന്ന് ചിന്തിക്കുന്നവരാണ് പലരും. ഈ ചിന്തയാകട്ടെ നിരന്തര പാപത്തിന്റെ വഴിയിലേക്കാണ് മനുഷ്യനെ തള്ളിവിടുന്നത്. എന്നാല്‍ തെറ്റുകള്‍ ചെയ്യുകയും പിന്നീട് ആത്മാര്‍ഥമായി ഖേദിച്ച് മടങ്ങുകയും ചെയ്യുന്നവരെയാണ് അല്ലാഹുവിന് ഏറ്റവും ഇഷ്ടം എന്ന് ഇസ്ലാമിക പ്രമാണങ്ങള്‍ വ്യക്തമാക്കുന്നു. പാപം സംഭവിച്ചാലും പശ്ചാത്തപിച്ച് മടങ്ങുന്നവരും അല്ലാഹുവിന്റെ ഇഷ്ടദാസന്മാരാണ്.

വിശുദ്ധ ഖുര്‍ആന്‍ അല്ലാഹുവിന്റെ കാരുണ്യത്തെക്കുറിച്ച് വ്യക്തമായി പറയുന്നുണ്ട്. പാപങ്ങള്‍ ചെയ്തുപോയ മനുഷ്യര്‍ക്ക് വലിയ പ്രതീക്ഷ നല്‍കുന്നതാണ് സൂറത്ത് അസ്സുമറിലെ 53ാം വചനം: ‘സ്വന്തത്തോട് അതിക്രമം ചെയ്ത എന്റെ ദാസന്മാരേ, അല്ലാഹുവിന്റെ കാരുണ്യത്തെക്കുറിച്ച് നിങ്ങള്‍ നിരാശരാകരുത്. തീര്‍ച്ചയായും അല്ലാഹു എല്ലാ പാപങ്ങളും പൊറുക്കുന്നവനാണ്. അവന്‍ ഏറെ പൊറുക്കുന്നവനും കാരുണ്യവാനുമാകുന്നു.’ ഇമാം അഹ്മദ്(റ) അവിടുത്തെ മുസ്‌നദില്‍ റിപോര്‍ട്ട് ചെയ്ത ഹദീസില്‍ ഈ ആയത്തിനെ കുറിച്ച് നബി(സ) നടത്തിയ ഒരു പരാമര്‍ശമുണ്ട്. അവിടുന്ന് പറഞ്ഞു: ‘ഈ ആയത്തിന് പകരം ദുനിയാവും അതിലുള്ള സര്‍വതും എനിക്ക് ലഭിക്കുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നില്ല.’ മനുഷ്യര്‍ക്ക് എത്ര വലിയ പ്രതീക്ഷയും ആശ്വാസവുമാണ് ഈ ഖുര്‍ആന്‍ വചനം നല്‍കുന്നത് എന്ന് ഈ ഹദീസിലൂടെ വ്യക്തമാകുന്നു. തന്റെ സമുദായത്തിലെ പാപികളായ ആളുകള്‍ക്ക് അല്ലാഹുവിന്റെ കാരുണ്യം ലഭിക്കുമെന്നും അവര്‍ക്ക് ആത്മാര്‍ഥമായ പശ്ചാത്താപത്തിലൂടെ മടങ്ങിവരാന്‍ സാധിക്കുമെന്നുമുള്ള സന്തോഷമാണ് പ്രവാചകര്‍(സ) ഇതിലൂടെ അടിവരയിടുന്നത്. ‘തീര്‍ച്ചയായും പശ്ചാത്തപിച്ചു മടങ്ങുന്നവരെയും ശുചിത്വം പാലിക്കുന്നവരെയും അല്ലാഹു ഇഷ്ടപ്പെടുന്നു’ എന്ന സൂറത്ത് അല്‍ബഖറയിലെ 222ാം സൂക്തവും ഇതിനോട് ചേര്‍ത്തുവെക്കാവുന്നതാണ്.

മനുഷ്യപ്രകൃതിയെ അംഗീകരിക്കുകയും കാരുണ്യം ചൊരിയുകയും ചെയ്യുന്നതാണ് ഇസ്ലാമിന്റെ നിലപാട്. നബി(സ) പറഞ്ഞു: ‘എല്ലാ മനുഷ്യരും തെറ്റുകള്‍ ചെയ്യുന്നവരാണ്. എന്നാല്‍ തെറ്റ് ചെയ്യുന്നവരില്‍ ഏറ്റവും ഉത്തമര്‍ പശ്ചാത്തപിക്കുന്നവരാകുന്നു’ (തിര്‍മിദി, ഇബ്‌നുമാജ). തെറ്റുകള്‍ സംഭവിക്കുമ്പോള്‍ നിരാശപ്പെട്ട് അല്ലാഹുവില്‍ നിന്ന് അകലുകയല്ല വേണ്ടത്. അവന്റെ കാരുണ്യത്തില്‍ പ്രതീക്ഷയര്‍പ്പിച്ച്, കണ്ണീരോടെ അവനിലേക്ക് മടങ്ങുകയാണ് വേണ്ടത്. തന്നിലേക്ക് ഖേദിച്ചുമടങ്ങുന്ന ദാസനെ കാണുമ്പോള്‍ മരുഭൂമിയില്‍ നഷ്ടപ്പെട്ട ഒട്ടകത്തെ തിരികെ കിട്ടിയ ആളേക്കാള്‍ അല്ലാഹു സന്തോഷിക്കുന്നു എന്ന് നബി(സ) പഠിപ്പിച്ചിട്ടുണ്ട്. പാപങ്ങള്‍ എത്ര വലുതാണെങ്കിലും അല്ലാഹുവിന്റെ കാരുണ്യം അതിനേക്കാള്‍ വിശാലമാണ്.

നബി(സ) ഒരിക്കല്‍ പറഞ്ഞു: ‘ദുര്‍മാര്‍ഗിയായ ഒരു വ്യക്തി അല്ലാഹുവിന്റെ കാരുണ്യത്തെക്കുറിച്ച് നിരാശനാകുന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു.’ അതായത്, അല്ലാഹുവിന്റെ കാരുണ്യം അത്രമേല്‍ വിശാലമാണ്, പാപികള്‍ അതില്‍ പ്രതീക്ഷയര്‍പ്പിക്കാതെ നിരാശരാകുന്നത് അത്ഭുതപ്പെടുത്തുന്നതാണ് എന്നാണ് നബി(സ) പഠിപ്പിക്കുന്നത്. മറ്റൊരു ഹദീസില്‍ നബി(സ) പറഞ്ഞു: അല്ലാഹു സൃഷ്ടികളെ പടച്ചപ്പോള്‍ അര്‍ശിന് മുകളിലായി ഒരു ഗ്രന്ഥത്തില്‍ ഇങ്ങനെ രേഖപ്പെടുത്തിവെച്ചു: ‘നിശ്ചയമായും എന്റെ കാരുണ്യം എന്റെ കോപത്തെ മുന്‍കടന്നിരിക്കുന്നു.’ (ബുഖാരി, മുസ്ലിം). ഈ പ്രതീക്ഷയാണ് ഇമാം ബൂസ്വീരി (റ) അവിടുത്തെ ‘ഖസ്വീദത്തുല്‍ ബുര്‍ദ’യില്‍ പ്രകടിപ്പിക്കുന്നത്. ലഅല്ല റഹ്്മത റബ്ബീ ഹീന യഖ്‌സിമുഹാ, തഅ്തീ അലാ ഹസബില്‍ ഇസ്വ്യാനി ഫില്‍ ഖിസമി. ‘എന്റെ നാഥന്‍ അവന്റെ കാരുണ്യം വീതിച്ചുനല്‍കുമ്പോള്‍, എന്റെ പാപങ്ങളുടെ വലിപ്പത്തിനും തോതിനും അനുസരിച്ച് ആ കാരുണ്യം എനിക്കും ലഭിച്ചേക്കാം.’ നിരാശക്ക് പകരം പ്രതീക്ഷയും ഭയവുമുണ്ടാകുക. മനസ്സറിഞ്ഞുള്ള കുറ്റബോധവും തെറ്റില്‍ നിന്ന് അകന്നുനില്‍ക്കാനുള്ള പ്രതിജ്ഞയും കരഗതമാക്കുക. എങ്കില്‍ പൊറുക്കപ്പെടാത്ത പാപങ്ങളൊന്നുമില്ല. നബി(സ) പറഞ്ഞു: ‘മുന്‍കാലത്ത് ജീവിച്ചിരുന്ന ഒരാള്‍ മരണാസന്നനായപ്പോള്‍ തന്റെ മക്കളെ വിളിച്ച് പറഞ്ഞു: ‘ഞാന്‍ മരിച്ചാല്‍ നിങ്ങള്‍ എന്നെ തീയിലിട്ട് കത്തിക്കുകയും എന്റെ ചാരം പകുതി കാറ്റിലും പകുതി കടലിലും വിതറുകയും ചെയ്യുക. അല്ലാഹുവാണ് സത്യം, അല്ലാഹുവിന് എന്നെ പിടികൂടാന്‍ കഴിഞ്ഞാല്‍ അവന്‍ എന്നെ കഠിനമായി ശിക്ഷിക്കും.’ അദ്ദേഹം മരിച്ചപ്പോള്‍ മക്കള്‍ അങ്ങനെ ചെയ്തു. എന്നാല്‍ അല്ലാഹു ആ ചാരമെല്ലാം ഒരുമിച്ചുകൂട്ടി അദ്ദേഹത്തെ ജീവിപ്പിച്ചു. എന്നിട്ട് ചോദിച്ചു: ‘നീ എന്തിനാണ് ഇങ്ങനെ ചെയ്തത്?’ അദ്ദേഹം മറുപടി പറഞ്ഞു: ‘നിന്നോടുള്ള ഭയം കാരണമാണ് നാഥാ.’ ഇത് കേട്ടപ്പോള്‍ അല്ലാഹു അദ്ദേഹത്തിന് പൊറുത്തുകൊടുത്തു.’ (ബുഖാരി). അഹങ്കാരത്തിന് പകരം നാഥന്റെ അധികാരത്തെ അംഗീകരിക്കുകയും വിനയാന്വിതനാകുകയും ചെയ്യുക. തൗബയുടെ വാതില്‍ തുറന്നുതന്നെ കിടക്കുന്നുണ്ട്.