Home rss national malayalam പുതിയ വാർത്ത ജന്തര്‍ മന്തറിനെ എന്താണിത്ര പേടി?

ജന്തര്‍ മന്തറിനെ എന്താണിത്ര പേടി?

3
0

Source :- SIRAJLIVE NEWS

ജനാധിപത്യ രീതിയില്‍ രാജ്യതലസ്ഥാനത്ത് ജനങ്ങള്‍ നടത്തുന്ന പ്രതിഷേധം ജന്തര്‍ മന്തര്‍ അടച്ചിട്ടതു കൊണ്ട് മോദി സര്‍ക്കാറിന് തടയാനാകില്ല. ജനാധിപത്യം അനുവദിച്ച, വിയോജിപ്പ് പ്രകടിപ്പിക്കുന്നതിനുള്ള ജനങ്ങളുടെ അവകാശത്തെ മോദി സര്‍ക്കാര്‍ ഭയപ്പെടുകയാണ്. കഴിഞ്ഞ ദിവസം ഡല്‍ഹി പോലീസ് കമ്മീഷണര്‍ അനുരാഗ് കുമാര്‍ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം, ജന്തര്‍ മന്തര്‍ ഇനി മുതല്‍ പ്രതിഷേധ സ്ഥലങ്ങളുടെ പട്ടികയില്‍ ഉണ്ടായിരിക്കില്ല. പകരം രാംലീല മൈതാനം, കിഴക്കന്‍ ഡല്‍ഹിയിലെ ഷഹ്ദാരയിലെ സി ബി ഡി ഗ്രൗണ്ട്, വടക്കന്‍ ഡല്‍ഹിയിലെ ബുരാരി ഗ്രൗണ്ട് എന്നിവ പ്രതിഷേധ സ്ഥലങ്ങളായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

പ്രതിഷേധം പൗരന്റെ ജനാധിപത്യ അവകാശമാണ്. അവകാശം നിഷേധിക്കപ്പെടുമ്പോള്‍ പ്രതിഷേധിക്കുന്നത് ആ സ്ഥലത്ത് വെച്ചായിരിക്കും. അടി കൊണ്ടാല്‍ തട വേണ്ടത് അടികൊണ്ട സ്ഥലത്താണ്. അല്ലാതെ അടുത്തവന്റെ ശരീരത്തില്‍ അല്ല. അണ്ണാ ഹസാരെയുടെ നേതൃത്വത്തില്‍ മാസങ്ങളോളം നീണ്ട സമരം ജന്തര്‍ മന്തറില്‍ നടന്നു. കേന്ദ്രത്തിലെ എന്‍ ഡി എ സര്‍ക്കാറും നരേന്ദ്രമോദിക്കു ലഭിച്ച പ്രധാനമന്ത്രി പട്ടവും ആ സമരത്തിന്റെ ഉത്പന്നമാണ്. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറിന്റെ സാമ്പത്തിക നയത്തില്‍ പ്രതിഷേധിച്ച് 33 സംഘടനകള്‍ ചേര്‍ന്ന് ജന്തര്‍ മന്തറില്‍ ജയില്‍ നിറക്കല്‍ സമരം നടത്തി. അവരോടൊപ്പം പ്രധാനമന്ത്രിയുടെ പാര്‍ട്ടിയും ഉണ്ടായിരുന്നു.

മുഗള്‍ ചക്രവര്‍ത്തിയായ അക്ബറിന്റെ കാലത്ത് അക്ബറിന്റെ ഭാര്യ ആമേറിലെ രാജകുമാരി (ഷാജഹാന്‍ ചക്രവര്‍ത്തിയുടെ മാതാവ്) യുടെ അനന്തരവനും ജയ്പൂര്‍ രാജാവുമായ ജയ് സിംഗ് രണ്ടാമന്‍ ജ്യോതിശാസ്ത്ര നിരീക്ഷണത്തിനായി പണിത സ്ഥലമായിരുന്നു ജന്തര്‍ മന്തര്‍. മുഗളന്മാരും പഴയ ജയ്പൂര്‍ സ്റ്റേറ്റും തമ്മിലുണ്ടായിരുന്ന ബന്ധത്തിന്റെ അടയാളം കൂടിയായിരുന്നു ജന്തര്‍ മന്തര്‍. ഭരണകൂടത്തോടുള്ള വിയോജിപ്പ് പ്രകടിപ്പിക്കാനുള്ള വേദിയായി ജന്തര്‍ മന്തര്‍ മാറിയത് 1990കളുടെ തുടക്കത്തിലാണ്. അതുവരെയും ജനങ്ങള്‍ പ്രതിഷേധിക്കാന്‍ ഒത്തുകൂടിയിരുന്നത് ഡല്‍ഹി ബോട്ട് ക്ലബ്ബിലായിരുന്നു. ആവശ്യം വേഗത്തില്‍ അധികാരികളില്‍ എത്തിക്കാന്‍ ജന്തര്‍ മന്തറിലെ സമരം കൊണ്ട് സാധിക്കും. കേന്ദ്ര സര്‍ക്കാറിന്റെ പ്രധാന ഓഫീസുകള്‍ ഇതിനു സമീപത്താണ്.

2020-2021ല്‍ പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ ആയിരക്കണക്കിന് ജനങ്ങള്‍ സമാധാനപരമായി ഒത്തുകൂടിയത് ജന്തര്‍ മന്തറിലായിരുന്നു. ജയിലിലടക്കപ്പെട്ട വിദ്യാര്‍ഥി ആക്ടിവിസ്റ്റ് ഉമര്‍ ഖാലിദ് മണ്ടി ഹൗസില്‍ നിന്ന് ജന്തര്‍ മന്തറിലേക്ക് ഒരു മാര്‍ച്ച് നയിച്ചു, അവിടെ നൂറുകണക്കിന് ആളുകള്‍ അദ്ദേഹത്തോടൊപ്പം ചേര്‍ന്നു. സ്വാതന്ത്ര്യത്തിനായുള്ള ആഗ്രഹവും വിപ്ലവത്തിന്റെ കവിതയും ഓര്‍മപ്പെടുത്തലുമായി അവര്‍ ജന്തര്‍ മന്തറില്‍ ഒത്തുകൂടി. പ്രതിഷേധത്തിന്റെ കേന്ദ്രസ്ഥാനം ഷഹീന്‍ ബാഗാണെങ്കിലും ജനരോഷത്തിന്റെ അലയടികള്‍ ജന്തര്‍ മന്തറില്‍ പ്രതിധ്വനിച്ചു.

പതിറ്റാണ്ടുകളായി ജനങ്ങള്‍ പ്രതിഷേധിക്കാന്‍ ഒത്തുകൂടിയിരുന്ന ഡല്‍ഹിയിലെ പ്രധാനപ്പെട്ട ഒരു സ്ഥലമായിരുന്ന ജന്തര്‍ മന്തറില്‍ ജനങ്ങള്‍ സംഘടിക്കുന്നത് തന്റെ കസേരക്ക് ഇളക്കം തട്ടുമെന്ന് നരേന്ദ്ര മോദി ഭയപ്പെടുന്നുണ്ടാകാം. പ്രതിപക്ഷ വിമര്‍ശങ്ങളെ ചോദ്യം ചെയ്തു കൊണ്ട് മുന്‍ ഐ പി എസ് ഉദ്യോഗസ്ഥ കിരണ്‍ ബേദി നടത്തിയ പ്രസ്താവനയില്‍ മോദിയുടെയും ബി ജെ പിയുടെയും ഭയം ഒളിഞ്ഞിരിപ്പുണ്ട്. ജന്തര്‍ മന്തര്‍ പ്രതിഷേധങ്ങള്‍ക്ക് അനുയോജ്യമായ സ്ഥലമല്ലെന്നാണ് മുന്‍ ഐ പി എസ് ഉദ്യോഗസ്ഥയും ഇപ്പോള്‍ ബി ജെ പി നേതാവുമായ കിരണ്‍ ബേദിയുടെ ന്യായീകരണം. ജന്തര്‍ മന്തറില്‍ തുടര്‍ച്ചയായി നടക്കുന്ന പ്രതിഷേധങ്ങള്‍ മധ്യ ഡല്‍ഹിയിലെ ഗതാഗതത്തെയും ബിസിനസ്സിനെയും ബാധിക്കുന്നുവെന്ന ഡല്‍ഹി പോലീസിന്റെ വാദം കിരണ്‍ ബേദി ആവര്‍ത്തിക്കുകയാണ്. പോലീസ് ഓഫീസറായിരുന്ന കാലത്തോ അണ്ണാ ഹസാരയോടൊപ്പം സമരത്തില്‍ പങ്കെടുത്തപ്പോഴോ തോന്നാതിരുന്ന സുരക്ഷാ ഭീഷണി, ബി ജെ പിയില്‍ ചേര്‍ന്നപ്പോള്‍ കിരണ്‍ ബേദിക്കു തോന്നുന്നുണ്ടെങ്കില്‍ അത് ആര്‍ക്കു വേണ്ടിയാണെന്നു വ്യക്തം. കര്‍ഷകരും വിദ്യാര്‍ഥികളും തൊഴിലാളികളും രാഷ്ട്രീയ സംഘടനകളും തങ്ങളുടെ ആവശ്യങ്ങള്‍ ഉന്നയിക്കാന്‍ ഒത്തുകൂടുന്ന സ്ഥലമാണിത്. മാസങ്ങള്‍ക്കു മുമ്പ് നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചക്കെതിരെ യുവാക്കള്‍ നടത്തിയ പ്രതിഷേധങ്ങളുടെ കേന്ദ്രമായും ജന്തര്‍ മന്തര്‍ മാറി. സമരക്കാരുടെ ആവശ്യം അന്നത്തെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്നായിരുന്നു. ഒടുവില്‍ വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നു. ധര്‍മേന്ദ്ര പ്രധാന്റെ രാജി മോദിയുടെ മനസ്സിനെ ഭീതിപ്പെടുത്തുന്നുണ്ടാകാം. പ്രതിഷേധങ്ങളുടെ കേന്ദ്രം എപ്പോഴും ജന്തര്‍ മന്തര്‍ ആയിരുന്നില്ല. പ്രകടനങ്ങളുടെ പ്രധാന കേന്ദ്രമായി ജന്തര്‍ മന്തര്‍ ഉയര്‍ന്നുവരുന്നതിനു മുമ്പ്, പാര്‍ലിമെന്റിനും സര്‍ക്കാറിന്റെ പ്രധാന ഓഫീസുകള്‍ക്കും സമീപമുള്ള ഇന്ത്യാ ഗേറ്റിനും ബോട്ട് ക്ലബ്ബിനും ചുറ്റുമുള്ള വിശാലമായ പുല്‍ത്തകിടികള്‍ തലസ്ഥാനത്തെ സമര കേന്ദ്രമായിരുന്നു.

സര്‍ക്കാറിനെതിരെ പ്രതിഷേധിക്കാന്‍ ജന്തര്‍ മന്തര്‍ തന്നെ വേണമെന്നില്ല എന്നാണ് ഡല്‍ഹി നല്‍കുന്ന പാഠം. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് അധികാരം നഷ്ടപ്പെട്ടതും നരേന്ദ്ര മോദിക്ക് പ്രധാനമന്ത്രി പദം ലഭിച്ചതും, അണ്ണാ ഹസാരെയുടെ നേതൃത്വത്തില്‍ രാംലീല മൈതാനിയില്‍ നടത്തിയ സമരത്തിന്റെ തുടര്‍ച്ചയായിരുന്നു. ബി ജെ പി നേതാക്കളായ വാജ്പയിയും എല്‍ കെ അദ്വാനിയും ആദ്യമായി അധികാരത്തിലെത്തിയതിനു പിന്നിലും രാംലീല മൈതാനത്തിനു പങ്കുണ്ടായിരുന്നു. 1975 ജൂണില്‍, ഇതേ മൈതാനത്ത് ലോക് നായക് ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ നടന്ന പ്രതിപക്ഷ സമരത്തിന്റെ പര്യവസാനം തിരഞ്ഞെടുപ്പില്‍ ഇന്ദിരാ ഗാന്ധി സര്‍ക്കാറിന്റെ പതനവും മൊറാര്‍ജി ദേശായിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രൂപവത്കരണവും ആയിരുന്നു.

സ്വാതന്ത്ര്യ സമരം, പാകിസ്താനെതിരായ വിജയം, അടിയന്തരാവസ്ഥ, രാമക്ഷേത്ര പ്രസ്ഥാനം, ജന്‍ ലോക്പാലിനായുള്ള പ്രസ്ഥാനം തുടങ്ങി ചരിത്ര സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ഇടമാണ് രാംലീല മൈതാനം. പഴയ ഡല്‍ഹിയിലെ വിവിധ സംഘടനകള്‍ ഈ മൈതാനത്ത് രാംലീലകള്‍ സംഘടിപ്പിക്കാന്‍ തുടങ്ങി. രാംലീല മൈതാനം എന്നറിയപ്പെടാന്‍ കാരണം ഇതാണ്. അക്കാലത്ത് ഡല്‍ഹിയില്‍ ഇതിനേക്കാള്‍ വലുതും തുറസ്സായതുമായ മറ്റൊരു സ്ഥലം ഇല്ലായിരുന്നു. റാലികള്‍ പോലുള്ള വലിയ പരിപാടികള്‍ക്കും പൊതുജനങ്ങളുമായി നേരിട്ട് ആശയവിനിമയം നടത്തുന്നതിനുമുള്ള വേദിയായി രാഷ്ട്രീയ നേതാക്കള്‍ തിരഞ്ഞെടുത്തത് രാംലീല മൈതാനിയാണ്. സ്വാതന്ത്ര്യ സമരകാലത്ത്, മഹാത്മാ ഗാന്ധി, ജവഹര്‍ലാല്‍ നെഹ്റു, സര്‍ദാര്‍ പട്ടേല്‍, മൗലാനാ ആസാദ് തുടങ്ങിയ നേതാക്കള്‍ ഇവിടെ വെച്ച് ജനങ്ങളെ അഭിസംബോധന ചെയ്തു. പാകിസ്താനെതിരായ യുദ്ധത്തില്‍ ഇന്ത്യ വിജയം വരിച്ചതിന്റെ ആഘോഷം ഇന്ദിരാ ഗാന്ധി നടത്തിയത് രാംലീല മൈതാനിയില്‍ വെച്ചായിരുന്നു. പക്ഷേ ഇന്ന് സ്ഥിതി ആകെ മാറി. തോന്നുമ്പോള്‍ രാംലീല മൈതാനിയില്‍ പോയി സമരം നടത്താനാകില്ല. ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്റെ ഹോര്‍ട്ടികള്‍ച്ചര്‍ വകുപ്പ് വഴിയാണ് രാംലീല മൈതാനത്തിന്റെ ബുക്കിംഗ് നടത്തുന്നത്. മാസങ്ങള്‍ക്ക് മുമ്പേ ബുക്കിംഗ് നടന്നിരിക്കും. ഈ വര്‍ഷം ഡിസംബര്‍ 29, 30, 31 തീയതികളില്‍ മാത്രമാണ് മൈതാനം ഒഴിവുള്ളതെന്ന് ഇന്ത്യാ ടുഡേ റിപോര്‍ട്ട് ചെയ്യുന്നു.

12 ഏക്കര്‍ വിസ്തൃതിയുള്ള ഈ മൈതാനിക്ക് അര ലക്ഷം പേരെ ഉള്‍ക്കൊള്ളാനുള്ള ശേഷിയുണ്ട്. ഒരു ദിവസത്തെ വാടക 1.21 ലക്ഷം രൂപയാണ്. രാംലീല മൈതാനം ബുക്ക് ചെയ്യാന്‍ ഡല്‍ഹി പോലീസില്‍ നിന്നുള്ള എന്‍ ഒ സി ഹാജരാക്കേണ്ടതുണ്ട്. ഇതില്ലെങ്കില്‍ മൈതാനം അനുവദിക്കുകയില്ല. ജന്തര്‍ മന്തര്‍ വിലക്കിയ അമിത് ഷായുടെ പോലീസ് സമരം നടത്താന്‍ രാംലീല മൈതാനം ചൂണ്ടിക്കാട്ടിയത് ഈ കുടുക്കുകള്‍ കണ്ടുകൊണ്ടായിരിക്കാം. അതേസമയം രാംലീല മൈതാനിയുടെ ചെറിയ ഭാഗത്ത് സന്ദര്‍ശകര്‍ക്ക് സൗജന്യമായി പ്രവേശിക്കാം. പക്ഷേ 150 പേര്‍ക്ക് ഒരുമിച്ചു കൂടാനുള്ള അനുമതിയേയുള്ളൂ.