Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

പിഎം ശ്രീ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ പങ്കാളിയാണെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. കഴിഞ്ഞ ഇടതുസര്‍ക്കാരാണ് പദ്ധതിയില്‍ ഒപ്പിട്ടത്. ഫിനാന്‍സിന്റെ എല്ലാം അനുമതിയോടെ 2024 ല്‍ ഇതുസംബന്ധിച്ച് തീരുമാനമെടുത്തിട്ടുണ്ട്. സര്‍ക്കാര്‍ ഒപ്പുവെച്ച് പണം വാങ്ങിച്ചു കഴിഞ്ഞു.

അതുകൊണ്ടു തന്നെ പദ്ധതി തുടരാന്‍ നിര്‍ബന്ധിതമായിരിക്കുകയാണെന്ന് മുഖ്യമന്ത്രി കാബിനറ്റ് യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് വ്യക്തമാക്കി. സര്‍ക്കാരിനുള്ള അവകാശങ്ങള്‍ ബലി കഴിക്കാതെ എന്തു ചെയ്യാന്‍ സാധിക്കുമെന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ പരിശോധിക്കുന്നതെന്നും വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

പദ്ധതിയുമായി ബന്ധപ്പെട്ട് കേരളം 99 കോടി രൂപ കേന്ദ്രത്തില്‍ നിന്നും വാങ്ങിച്ചിട്ടുണ്ട്. തടഞ്ഞുവെച്ച പണം തന്നിട്ടുണ്ട്. കൂടാതെ 106 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ആശയപരമായ എതിര്‍പ്പ് എന്താണെന്ന് വെച്ചാല്‍ കരിക്കുലം സ്വാതന്ത്ര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടരുത് എന്നതാണ്. നടപ്പാക്കുന്ന സ്‌കൂളുകള്‍ തെരഞ്ഞെടുക്കാനുള്ള അവകാശം കേരള സര്‍ക്കാരിന് നല്‍കണം എന്നതാണ്. കരിക്കുലം തീരുമാനിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ സ്വാതന്ത്ര്യത്തില്‍ ഇടപെടാന്‍ ഒരു കാരണവശാലും അനുവദിക്കില്ല. സ്‌കൂള്‍ സെലക്ഷന്‍ സംസ്ഥാനം തന്നെ തീരുമാനിക്കും.

പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട യുഡിഎഫ് സര്‍ക്കാരിന്റെ ആശയപരമായ നിലപാടുകള്‍ കേന്ദ്രത്തെ അറിയിക്കാനുള്ള കാര്യങ്ങള്‍ തയ്യാറാക്കാനായി പൊതു വിദ്യാഭ്യാസമന്ത്രി ഷംസുദ്ദീന്‍ കണ്‍വീനറായി മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസമന്ത്രി റോജി എം ജോണ്‍, മന്ത്രിമാരായ പി സി വിഷ്ണുനാഥ്, എം ലിജു എന്നിവരാണ് സമിതിയില്‍ ഉള്‍പ്പെട്ട മറ്റ് മന്ത്രിമാര്‍. പദ്ധതിയില്‍ ഒപ്പുവെച്ച ബിജെപി ഇതര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി സംസാരിച്ചു. സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ അവകാശങ്ങളെ ബാധിക്കാത്ത തരത്തില്‍ തീരുമാനമെടുക്കാന്‍ സംയുക്തമായി പ്രവര്‍ത്തിക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.