Source :- EVARTHA NEWS
(adsbygoogle = window.adsbygoogle || []).push({});

ഇറാനിൽ നിന്നുള്ള മിസൈൽ ഭീഷണിയുടെ പശ്ചാത്തലത്തിൽ ആ രാജ്യവുമായുള്ള എല്ലാ വ്യാപാര, സാമ്പത്തിക ഇടപാടുകളും താൽക്കാലികമായി നിർത്തിവെച്ച് യുഎഇ. അടുത്ത അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇറാനുമായുള്ള വാണിജ്യ കൈമാറ്റങ്ങളും സാമ്പത്തിക ഇടപാടുകളും നിർത്തിവെച്ചതായി യുഎഇ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
യുഎഇ ലക്ഷ്യമിട്ട് ഇറാനിൽനിന്ന് രണ്ട് ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചതായി സ്ഥിരീകരിച്ചതിന് പിന്നാലെയാണ് നടപടി. ഇതിൽ ഒന്ന് യുഎഇയുടെ സമുദ്രാതിർത്തിക്ക് പുറത്തും മറ്റൊന്ന് അതിർത്തിക്കുള്ളിലുമാണ് പതിച്ചതെന്നാണ് അധികൃതർ വ്യക്തമാക്കിയത്.
പ്രാദേശിക സുരക്ഷയും സാമ്പത്തിക സ്ഥിരതയും ഉറപ്പാക്കുന്നതിനാണ് നടപടിയെന്നും അന്താരാഷ്ട്ര നിയമങ്ങളും മാനദണ്ഡങ്ങളും പാലിക്കുമെന്നും യുഎഇ വ്യക്തമാക്കി. പുതിയ നീക്കം ഗൾഫ് മേഖലയിലെ ഇറാൻ-യുഎഇ ബന്ധത്തിൽ കൂടുതൽ സംഘർഷാവസ്ഥ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ.

