Source :- SIRAJLIVE NEWS
ലോകത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ഏതാനും സ്വകാര്യ കമ്പനികളെ ആശ്രയിക്കുന്നത് എത്ര ഭയാനകമാണ്? ഇക്കഴിഞ്ഞ നവംബര്‍ 12ന് മൈക്രോസോഫ്റ്റ് സേവനങ്ങളിലുണ്ടായ ആഗോള തകരാര്‍ ഈ ചോദ്യത്തെ പ്രസക്തമാക്കുന്നു. നവംബര്‍ 14ന് ഇത് പൂര്‍ണമായി പരിഹരിച്ചെങ്കിലും രണ്ട് ദിവസത്തെ പ്രതിസന്ധി ധാരാളം ചോദ്യങ്ങള്‍ ബാക്കിയാക്കുന്നുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആശയവിനിമയ സംവിധാനങ്ങള്‍ നിശ്ചലമാകാനും സര്‍ക്കാര്‍ ഓഫീസുകള്‍, ആശുപത്രികള്‍, വിമാനക്കമ്പനികള്‍ എന്നിവയുടെ പ്രവര്‍ത്തനം തടസ്സപ്പെടാനും ഇത് കാരണമായി.
ഔട്ട്ലുക്ക്, മൈക്രോസോഫ്റ്റ് ടീംസ്, കോപൈലറ്റ് എന്നിവയിലെ തടസ്സം എഴുപതിലധികം രാജ്യങ്ങളിലെ ദശലക്ഷക്കണക്കിന് ഉപയോക്താക്കളെ ബാധിച്ചു. സാങ്കേതിക പിഴവുകളാണ് കാരണമെന്നും സൈബര്‍ ആക്രമണമല്ലെന്നും കമ്പനി വിശദീകരിക്കുമ്പോഴും, ആഗോള ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയുടെ അമിത ആശ്രിതത്വത്തിലേക്കും ദുര്ബലതയിലേക്കുമാണ് ഇത് വിരല്‍ചൂണ്ടുന്നത്.
ഇന്ന് മൈക്രോസോഫ്റ്റ്, ഗൂഗിള്‍, ആമസോണ്‍, ആപ്പിള്‍, മെറ്റ തുടങ്ങിയ വന്‍കിട കമ്പനികള്‍ കേവലം വ്യാപാര സ്ഥാപനങ്ങളല്ല. ആശയവിനിമയം, വ്യാപാരം, വിവരശേഖരണം, സാമ്പത്തിക ഇടപാടുകള്‍, ഭരണനിര്‍വഹണം തുടങ്ങി ആധുനിക ജീവിതത്തിന്റെ സര്‍വ മേഖലകളിലും ഇവര്‍ക്ക് നിര്‍ണായക സ്വാധീനമുണ്ട്. ലോകമെമ്പാടുമുള്ള സര്‍ക്കാറുകളും ബേങ്കുകളും ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്വകാര്യ ക്ലൗഡ് സൗകര്യങ്ങളെയാണ് ആശ്രയിക്കുന്നത്. 2025 അവസാനത്തെ സിനര്‍ജി റിസര്‍ച്ച് ഗ്രൂപ്പ് കണക്കുകള്‍ പ്രകാരം ആഗോള ക്ലൗഡ് വിപണിയുടെ അറുപത്തിമൂന്ന് ശതമാനവും ആമസോണ്‍, മൈക്രോസോഫ്റ്റ്, ഗൂഗിള്‍ എന്നിവരുടെ നിയന്ത്രണത്തിലാണ്.
സ്വതന്ത്ര വിപണി മത്സരമാണ് സാമ്പത്തിക വളര്‍ച്ചക്കും നവീകരണത്തിനും വഴിയൊരുക്കുന്നതെന്നാണ് മുതലാളിത്തത്തിന്റെ വാദം. എന്നാല്‍ പ്രായോഗികതലത്തില്‍ ഇത് ഭീമാകാരമായ കുത്തക കമ്പനികളുടെ രൂപവത്കരണത്തിനും ചെറുകിട സംരംഭങ്ങളുടെ തകര്‍ച്ചക്കും വഴിവെക്കുന്നു. വന്‍മൂലധനം, വിപണി ആധിപത്യം, സാങ്കേതിക മികവ്, ചെറുകിട കമ്പനികളെ വിലയ്ക്കെടുക്കാനുള്ള ശേഷി എന്നിവ വന്‍കിടക്കാര്‍ക്ക് അമിത കരുത്തുനല്കുന്നു. ഒരിക്കല്‍ ഒരു ഡിജിറ്റല്‍ പ്ലാറ്റ്ഫോമിനെ ആശ്രയിക്കാന്‍ തുടങ്ങിയാല്‍, സാങ്കേതിക സങ്കീര്‍ണതകളും ചെലവും കാരണം മറ്റൊന്നിലേക്ക് മാറുക എളുപ്പമല്ല. അങ്ങനെ വിപണിയുടെ നിയന്ത്രണം ഏതാനും കോര്‍പറേറ്റുകളിലേക്ക് ചുരുങ്ങുന്നു.
അധികാര കേന്ദ്രീകരണത്തിന്റെ പ്രത്യാഘാതം സാമ്പത്തിക നഷ്ടത്തില്‍ ഒതുങ്ങുന്നില്ല. ഒരു കമ്പനിയുടെ സെര്‍വര്‍ തകരാറിലാകുമ്പോള്‍ പൊതുസ്ഥാപനങ്ങളും സാധാരണ ജനങ്ങളും പ്രതിസന്ധിയിലാകുന്നു. മൈക്രോസോഫ്റ്റിന്റെ തകരാര്‍ ബ്രിട്ടനിലെ പോലീസ്, ആരോഗ്യ സേവനങ്ങളെയും സര്‍ക്കാര്‍ ഓഫീസുകളെയും സാരമായി ബാധിച്ചു. ഇന്ത്യയിലെ വിമാനക്കമ്പനികള്‍ക്കും പ്രവര്‍ത്തന മാന്ദ്യമുണ്ടായി. 2024 ജൂലൈയിലുണ്ടായ “ക്രൗഡ്സ്ട്രൈക്ക്’ തകരാര്‍ ലോകമെമ്പാടുമുള്ള വിമാന സര്‍വീസുകള്‍, ആശുപത്രികള്‍, ബേങ്കുകള്‍ എന്നിവയെ നിശ്ചലമാക്കിയതും ഓര്‍ക്കേണ്ടതാണ്.
തൊഴിലാളികളോ കര്‍ഷകരോ പണിമുടക്കുമ്പോള്‍ ഉണ്ടാകുന്ന നഷ്ടം വലിയ ചര്‍ച്ചയാകുകയും കുറ്റപ്പെടുത്തലുകള്‍ നേരിടുകയും ചെയ്യുന്ന സമൂഹത്തില്‍, കോടിക്കണക്കിന് ആളുകളെ ബാധിക്കുന്ന ഇത്തരം കോര്‍പറേറ്റ് വീഴ്ചകളുടെ ഉത്തരവാദിത്വവും നഷ്ടപരിഹാരവും എത്രത്തോളം ഗൗരവമായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്?
സാങ്കേതിക കുത്തകവത്കരണം ആധുനിക ജനാധിപത്യത്തിന്റെ കൂടി നിലനില്‍പ്പിന്റെ പ്രശ്നമാണ്. ജനാധിപത്യ സര്‍ക്കാറുകള്‍ക്ക് പോലും നിര്‍ണായക ഭരണനിര്‍വഹണ സംവിധാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ വിദേശ സ്വകാര്യ കമ്പനികളെ ആശ്രയിക്കേണ്ടിവരുന്നത് നിസ്സാരമായി കാണാനാകില്ല. പൗരന്മാരുടെ വിവരങ്ങള്‍ എവിടെ സൂക്ഷിക്കണം, ആര് കൈകാര്യം ചെയ്യണം, ഏത് നിബന്ധനകളില്‍ സേവനങ്ങള്‍ നല്‍കണം എന്നിവയില്‍ ഇവര്‍ക്ക് വലിയ സ്വാധീനമുണ്ട്. സ്വകാര്യ കമ്പനികളുടെ ലാഭതാത്പര്യങ്ങളും പൊതുക്ഷേമവും ഒരേ ദിശയിലാകണമെന്നില്ല.
യു പി ഐ, ആധാര്‍ തുടങ്ങിയ ഡിജിറ്റല്‍ പൊതുഅടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതില്‍ ഇന്ത്യ ലോകത്തിന് മാതൃകയാണ്. എങ്കിലും, ക്ലൗഡ് സേവനങ്ങള്‍, ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍, ഓഫീസ് സോഫ്റ്റ് വെയറുകള്‍, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള് എന്നിവയില്‍ വിദേശ കുത്തകകളോടുള്ള ആശ്രിതത്വം തുടരുന്നു. സ്വന്തം സാങ്കേതിക ശേഷിയും ശക്തമായ പൊതുമേഖലാ ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കാതെ യഥാര്‍ഥ “ഡിജിറ്റല്‍ സ്വയംപര്യാപ്തത’ സാധ്യമല്ല.
ഈ പ്രതിസന്ധിക്ക് പരിഹാരം ഒരു കുത്തക കമ്പനിക്ക് പകരം മറ്റൊന്നിനെ ആശ്രയിക്കുകയല്ല. ആരോഗ്യകരമായ മത്സരം ഉറപ്പാക്കുന്നതിനൊപ്പം പൊതുതാത്പര്യം സംരക്ഷിക്കുന്ന കര്‍ശന നിയമ നിര്‍മാണങ്ങള്‍ അനിവാര്യമാണ്. യൂറോപ്യന്‍ യൂനിയന്റെ “ഡിജിറ്റല്‍ മാര്‍ക്കറ്റ്സ് ആക്ട്’ (ഡി എം എ) ഇതിന് മികച്ച ഉദാഹരണമാണ്. സ്വതന്ത്രവും ഓപണ്‍ സോഴ്സുമായ സോഫ്റ്റ് വെയറുകള്‍, പൊതുമേഖലാ ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍, പ്രാദേശികമായി നിയന്ത്രിക്കപ്പെടുന്ന സുരക്ഷിത ഡാറ്റാ സംവിധാനങ്ങള്‍ എന്നിവ ശക്തിപ്പെടുത്തണം. സാങ്കേതികവിദ്യയുടെ ഉടമസ്ഥതയും നിയന്ത്രണവും ജനാധിപത്യപരമായ ഉത്തരവാദിത്വത്തിന് വിധേയമാകണം.
ഒരു കമ്പനി എപ്പോള്‍ തകരുന്നു എന്നതല്ല, മറിച്ച് ഒരു സ്വകാര്യ കമ്പനി തകരുമ്പോള്‍ ലോകം നിശ്ചലമാകുന്ന സാഹചര്യം എന്തുകൊണ്ട് സൃഷ്ടിക്കപ്പെടുന്നു എന്നതാണ് നാം ചിന്തിക്കേണ്ടത്. ആധുനിക ലോകത്തിന്റെ അടിസ്ഥാന സംവിധാനങ്ങള്‍ കോര്‍പറേറ്റുകളുടെ ലാഭതാത്പര്യങ്ങള്ക്കു കീഴിലാണോ, അതോ മനുഷ്യ സമൂഹത്തിന്റെ പൊതുഅവകാശമായാണോ നിലനില്‍ക്കേണ്ടത്? ഈ ചോദ്യത്തിനുള്ള ഉത്തരത്തിലാണ് യഥാര്‍ഥ ഡിജിറ്റല്‍ ജനാധിപത്യത്തിന്റെ ഭാവി നിലകൊള്ളുന്നത്.
Content Highlights: The recent global Microsoft outage disrupted essential services worldwide, highlighting the dangerous over-reliance on a few private tech monopolies. The incident underscores vulnerabilities in the digital economy and the critical need for public sector digital independence. Experts emphasize that robust regulatory frameworks and open-source alternatives are essential for true digital democracy.




