Home rss national malayalam പുതിയ വാർത്ത വിലക്കയറ്റം; സര്‍ക്കാര്‍ നോക്കുകുത്തിയാകരുത്

വിലക്കയറ്റം; സര്‍ക്കാര്‍ നോക്കുകുത്തിയാകരുത്

8
0

Source :- SIRAJLIVE NEWS

മലയാളികളെ കടുത്ത ആശങ്കയിലാഴ്ത്തുന്നതാണ് കേരളത്തിലേക്കുള്ള അരിവിതരണം വന്‍തോതില്‍ വെട്ടിക്കുറയ്ക്കാനുള്ള കര്‍ണാടക, തമിഴ്നാട് വ്യാപാരികളുടെ നീക്കം. മഴക്കുറവ് കാരണം ഈ സംസ്ഥാനങ്ങളില്‍ നെല്ലുത്പാദനം കുറഞ്ഞ സാഹചര്യത്തിലാണ് കയറ്റുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഒരുങ്ങുന്നത്. പ്രതിവര്‍ഷം 40 മെട്രിക് ടണ്‍ അരി ആവശ്യമുള്ള കേരളത്തിന്റെ ആഭ്യന്തര ഉത്പാദനം കേവലം അഞ്ച് മെട്രിക് ടണ്‍ മാത്രമാണ്. കര്‍ണാടക, തമിഴ്നാട്, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് ബാക്കിയുള്ള അരി എത്തുന്നത്. ഈ വരവിനു മുടക്കം നേരിട്ടാല്‍ കേരളത്തിലെ അടുക്കളകള്‍ പ്രതിസന്ധിയിലാകും.

തമിഴ്നാട്ടില്‍ നെല്ലുത്പാദനത്തില്‍ 28 ശതമാനം കുറവുണ്ടായതാണ് റിപോര്‍ട്ടുകള്‍. മഴക്കുറവിനു പുറമെ നെല്ലിന്റെ പതിരില്‍ പാല്‍നിറയേണ്ട സമയത്ത് അനുഭവപ്പെട്ട കടുത്ത ചൂടും വിളവിനെ ബാധിച്ചു. മട്ട അരിയേക്കാള്‍ വിലക്കൂടുതലുള്ള പൊന്നി അരിയിലേക്ക് കര്‍ഷകര്‍ മാറുന്നതും കേരളത്തിലേക്കുള്ള മട്ട അരിയുടെ വരവിനെ ബാധിക്കുന്നുണ്ട്. കര്‍ണാടകയില്‍ മഴക്കുറവ് കാരണം വിവിധ അണക്കെട്ടുകളിലെ ജലനിരപ്പ് താഴ്ന്നതാണ് നെല്‍കൃഷിക്ക് തിരിച്ചടിയായത്.

കാലാവസ്ഥാ വ്യതിയാനം ബംഗാളില്‍ നിന്നുള്ള കൈമ അരിയുടെ ലഭ്യതയിലും കുറവ് വരുത്തി.
മൂന്ന് മാസത്തിനിടെ സംസ്ഥാനത്ത് അരി വിലയില്‍ കിലോക്ക് മുപ്പത് രൂപയോളം വര്‍ധനവുണ്ടായി. നേരത്തേ 60 രൂപ വിലയുണ്ടായിരുന്ന പൊന്നി അരിയുടെ ഇപ്പോഴത്തെ വില 90 രൂപയാണ്. 70-75 രൂപ വിലയുണ്ടായിരുന്ന കോല അരിയുടെ വില നൂറ് രൂപക്ക് മുകളിലെത്തി. രാജ്യത്ത് ഈ വര്‍ഷം അരിയുത്പാദനത്തില്‍ കുറവുണ്ടാകുമെന്ന കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ വെളിപ്പെടുത്തലും അരി വിലയെ ബാധിച്ചതായി വിലയിരുത്തപ്പെടുന്നു. എഥനോള്‍ ഉത്പാദനത്തിനു ധാന്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നത് വിപണിയിലെ സ്റ്റോക്കിനെ ബാധിച്ചാല്‍ അരി വില ഇനിയും വര്‍ധിക്കും.

അരിവില വര്‍ധനയുടെ ആഘാതം കൂടുതല്‍ നേരിടുന്നത് സാധാരണക്കാരും കുറഞ്ഞ വരുമാനക്കാരുമാണ്. ഹോട്ടലുകള്‍, ചെറുകിട ഭക്ഷ്യവ്യാപാരികള്‍, തൊഴിലാളികള്‍, ഇടത്തരം കുടുംബങ്ങള്‍ തുടങ്ങിയ വിഭാഗങ്ങളെയും ഇത് ബാധിക്കും. ഈ സാഹചര്യം മുതലെടുത്ത് മൊത്തവ്യാപാരികളും ഇടനിലക്കാരും കൃത്രിമക്ഷാമം സൃഷ്ടിക്കാനും അരിയുടെ വില ഉയര്‍ത്താനും സാധ്യതയുണ്ട്. ഇത് തടയാന്‍ കര്‍ശന പരിശോധന വേണം. പൊതുവിപണിയിലെ അരിവിലയും സ്റ്റോക്കും നിരന്തരം നിരീക്ഷിക്കുകയും ആവശ്യമായ ഇടങ്ങളില്‍ സര്‍ക്കാര്‍ ഇടപെട്ട് വില നിയന്ത്രിക്കുകയും ചെയ്യേണ്ടതാണ്. റേഷന്‍ കടകളിലൂടെയും സപ്ലൈകോ ഔട്ട്ലെറ്റുകളിലൂടെയും ആവശ്യത്തിന് അരി ലഭ്യമാക്കാനുള്ള മുന്‍കരുതലുകള്‍ ഇപ്പോഴേ സ്വീകരിക്കുകയും വേണം. തെലങ്കാന, ഛത്തിസ്ഗഢ് തുടങ്ങി ഇതര അരി ഉത്പാദക സംസ്ഥാനങ്ങളുമായി സര്‍ക്കാര്‍ തലത്തില്‍ നേരിട്ടു ചര്‍ച്ചകള്‍ നടത്തി അരി സംഭരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചാല്‍ വിലവര്‍ധന ഒരു പരിധിവരെ നിയന്ത്രിക്കാനായേക്കും.

അയല്‍ സംസ്ഥാനങ്ങളിലെ വരള്‍ച്ച കേരളത്തിനു സൃഷ്ടിക്കുന്ന പ്രതിസന്ധി പ്രകൃതിയുടെ ഒരു താത്കാലിക പ്രതിഭാസം മാത്രമായി അവഗണിക്കരുത്. ഭക്ഷ്യോത്പാദനത്തിലും സംഭരണത്തിലും വിതരണത്തിലും കേരളം എത്രത്തോളം ദുര്‍ബലമാണെന്നു തിരിച്ചറിഞ്ഞ് തിരുത്തലുകള്‍ വരുത്താനുള്ള അവസരമായി ഇതിനെ കാണുകയും സംസ്ഥാനത്ത് നെല്ലുത്പാദനം വര്‍ധിപ്പിക്കാനുള്ള ദീര്‍ഘകാല പദ്ധതികള്‍ ആവിഷ്‌കരിക്കുകയും വേണം. കൃഷിക്കാവശ്യമായ ജലലഭ്യത ഉറപ്പാക്കുക, കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കാന്‍ ശേഷിയുള്ള നെല്‍വിത്തിനങ്ങളും ശാസ്ത്രീയ കൃഷിരീതികളും പ്രോത്സാഹിപ്പിക്കുക, കര്‍ഷകര്‍ക്കുള്ള ഇന്‍ഷ്വറന്‍സ് പരിരക്ഷയും നഷ്ടപരിഹാരവും കൂടുതല്‍ കാര്യക്ഷമമാക്കുക തുടങ്ങിയ നടപടികളും ഭക്ഷ്യസുരക്ഷയുടെ കാര്യത്തില്‍ സ്വയം പര്യാപ്തതയിലേക്കുള്ള സംസ്ഥാനത്തിന്റെ മുന്നേറ്റത്തിനു അനിവാര്യമാണ്. ഇല്ലെങ്കില്‍ അയല്‍ സംസ്ഥാനങ്ങളിലെ ഓരോ മഴക്കുറവും കേരളത്തിന്റെ അടുക്കളകളില്‍ പട്ടിണിയുടെയും വിലക്കയറ്റത്തിന്റെയും തീ പുകച്ചു കൊണ്ടേയിരിക്കും.

കേന്ദ്ര സര്‍ക്കാറിന്റെ ഇടപെടലും ഇക്കാര്യത്തില്‍ നിര്‍ണായകമാണ്. ഓപണ്‍ മാര്‍ക്കറ്റ് സെയില്‍സ് സ്‌കീം വഴി കേന്ദ്രം സംസ്ഥാനത്തിന് ആവശ്യമായ അരി ലഭ്യമാക്കണം. അതിനുള്ള വിലയും നിബന്ധനകളും കേരളത്തിന് താങ്ങാവുന്നതുമാകണം. കേന്ദ്രത്തിന്റെ ഭക്ഷ്യശേഖരം ജനങ്ങളുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുള്ള പൊതുസമ്പത്താണ്. വിപണിയിലെ വിലനിയന്ത്രണത്തിനും പ്രതിസന്ധിയിലായ സംസ്ഥാനങ്ങളുടെ ആവശ്യത്തിനും അത് പ്രയോജനപ്പെടേണ്ടതുണ്ട്.
അരിക്കു പുറമെ ഉള്ളി, പഞ്ചസാര, പയറ് വര്‍ഗങ്ങള്‍, പച്ചക്കറികള്‍, മത്സ്യം, മാംസം തുടങ്ങി മറ്റു ഭക്ഷ്യവസ്തുക്കളുടെ വിലയിലും വന്‍ വര്‍ധനവാണ് അനുഭവപ്പെടുന്നത്. കേരളത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഏറ്റവും വിലക്കയറ്റമുണ്ടായ 15 ഇനങ്ങളില്‍ 12 ഇനവും ഭക്ഷ്യവസ്തുക്കളാണ്. 120 ശതമാനമാണ് ഉള്ളി വിലയിലുണ്ടായ വര്‍ധന. തൊട്ടു പിന്നില്‍ നാരങ്ങയാണ്. 96 ശതമാനം.

സ്റ്റാറ്റിസ്റ്റിക്കല്‍ മന്ത്രാലയത്തിന്റേതാണ് ഈ കണക്കുകള്‍. വിലക്കയറ്റത്തിന്റെ ആ ആഘാതം സാധാരണക്കാരന്റെ കുടുംബ ബജറ്റിന്റെ താളം തെറ്റിച്ചു കൊണ്ടിരിക്കുന്നു. വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ സര്‍ക്കാറും ബന്ധപ്പെട്ട വകുപ്പുകളും പൂര്‍ണ പരാജയമാണ്. ജനങ്ങളുടെ ദുരിതം പരിഹരിക്കുന്നതിനു പകരം രാഷ്ട്രീയ വാഗ്വാദങ്ങളിലും ബോര്‍ഡ്- കോര്‍പറേഷന്‍ നിയമന ചര്‍ച്ചകളിലുമാണ് ഭരണാധികാരികളുടെ ശ്രദ്ധ. വിപണിയില്‍ ഇടപെടേണ്ട സിവില്‍ സപ്ലൈസ് വകുപ്പും മറ്റു സംവിധാനങ്ങളും നോക്കുകുത്തിയായി മാറിയിരിക്കുന്നു. പൂഴ്ത്തിവെപ്പുകാരെയും കരിഞ്ചന്തക്കാരെയും നിയന്ത്രിക്കാന്‍ കര്‍ശന പരിശോധനയോ വിപണി ഇടപെടലോ ഉണ്ടാകുന്നില്ല. കേവല വാഗ്ദാനങ്ങള്‍ക്കപ്പുറം ജനങ്ങളുടെ പ്രയാസങ്ങള്‍ കണ്ടറിഞ്ഞു പ്രവര്‍ത്തിക്കാനുള്ള ഇച്ഛാശക്തിയാണ് ഭരണാധികാരികളില്‍ നിന്നുണ്ടാകേണ്ടത്.

Content Highlights: Kerala faces a severe food crisis as Karnataka and Tamil Nadu prepare to cut rice supplies following drought-induced drops in paddy production. Rice prices have surged by Rs 30 per kilogram alongside skyrocketing costs of essential groceries. The editorial urges strict market intervention, Supplyco stock checks, and central government support to ensure food security.