Source :- SIRAJLIVE NEWS
ഷെൻഷെൻ | ചരിത്രപരമായ കൂടിക്കാഴ്ച നടത്തി, ലോകശക്തികളായ അമേരിക്ക, റഷ്യ, ചൈന രാജ്യങ്ങളുടെ രാഷ്ട്രതലവൻമാർ. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ എന്നിവരാണ് ചൈനയിലെ സാങ്കേതിക കേന്ദ്രമായ ഷെൻഷെനിൽ വെച്ച് കൂടിക്കാഴ്ച നടത്തിയത്. മൂന്ന് പ്രധാന ലോകശക്തികളുടെ നേതാക്കൾ ആദ്യമായാണ് ഇത്തരത്തിൽ സംയുക്ത ചർച്ചയ്ക്കായി ഒരുമിക്കുന്നത്. ആഗോളതലത്തിൽ വലിയ ഭൗമരാഷ്ട്രീയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ സാധ്യതയുള്ളതാണ് ഈ കൂടിക്കാഴ്ച.
ചൈന, റഷ്യ, യു എസ് എന്നീ രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാർ ആദ്യമായി ഒരുമിച്ച് ചർച്ച നടത്തുന്നത് ചരിത്രപരമായ പ്രാധാന്യമുള്ളതാണെന്ന് ഷി ജിൻപിങ് പറഞ്ഞു. ചൈനീസ് വാർത്താ ഏജൻസിയായ സിൻഹുവയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
അതേസമയം, വാഷിംഗ്ടണുമായി അഭിപ്രായവ്യത്യാസങ്ങളുള്ള രാജ്യങ്ങളിലെ നേതാക്കളുമായി നേരിട്ട് ഇടപെഴകുന്നതിലൂടെ അമേരിക്കൻ വിദേശനയത്തിൽ താൻ വ്യത്യസ്തമായ ഒരു പാതയാണ് വെട്ടിത്തുറക്കുന്നതെന്ന് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും വലിയ മൂന്ന് രാജ്യങ്ങളുടെ പ്രസിഡന്റുമാർ എന്ന നിലയിൽ, തങ്ങളുടെ ജനങ്ങളെ മാത്രമല്ല, ഈ ഭൂമിയെ മുഴുവൻ ബാധിക്കുന്ന വിഷയങ്ങളിൽ തുറന്നതും മാന്യവും ഫലപ്രദവുമായ സംഭാഷണം നിലനിർത്താൻ തങ്ങൾക്ക് പ്രത്യേക ഉത്തരവാദിത്തമുണ്ടെന്ന് ചർച്ചയുടെ തുടക്കത്തിൽ ട്രംപ് പറഞ്ഞു.
മുൻകാല നേതാക്കൾ അഭിപ്രായവ്യത്യാസങ്ങളുള്ള രാജ്യങ്ങളോട് സംസാരിക്കുന്നത് ഒഴിവാക്കുകയാണ് പതിവെന്നും, എന്നാൽ തങ്ങൾ അതിന് വിപരീതമായാണ് ചിന്തിക്കുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു. എതിരാളികളുമായി ഇടപഴകാൻ വിസമ്മതിക്കുന്നത് ഒരിക്കലും സംഘർഷങ്ങൾ പരിഹരിക്കാൻ സഹായിച്ചിട്ടില്ല. അഭിപ്രായവ്യത്യാസങ്ങളുള്ള നേതാക്കളുമായുള്ള സംഭാഷണങ്ങൾ ഒഴിവാക്കിയതുകൊണ്ട് ഒരു പ്രശ്നവും പരിഹരിക്കപ്പെട്ടിട്ടില്ലെന്നും, ഒരുമിച്ച് സംസാരിക്കാനുള്ള അവസരങ്ങൾ നിരസിച്ചുകൊണ്ട് ഒരിക്കലും സമാധാനം സ്ഥാപിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതിനാൽ തങ്ങൾ വ്യത്യസ്തമായ ഒരു പാത തിരഞ്ഞെടുക്കുകയാണെന്നും ട്രംപ് പറഞ്ഞു.
വർധിച്ചുവരുന്ന പരസ്പരാശ്രിതത്വമുള്ള ലോകത്ത് ക്രിയാത്മകമായ ഇടപെടൽ അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി മൂന്ന് രാജ്യങ്ങളും തമ്മിൽ കൂടുതൽ സഹകരണം വേണമെന്ന് ഷി ജിൻപിങ് ആവശ്യപ്പെട്ടു. വൻശക്തികൾ തമ്മിലുള്ള ക്രിയാത്മകമായ ഇടപെടൽ ഒരു തിരഞ്ഞെടുപ്പല്ല, മറിച്ച് നിർബന്ധിതമായ ആവശ്യകതയാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യങ്ങൾ തമ്മിലുള്ള വർധിച്ചുവരുന്ന പരസ്പരാശ്രിതത്വം ചൂണ്ടിക്കാട്ടിയ ഷി ജിൻപിങ്, ലോകത്തെ ഇനി വേറിട്ടുനിൽക്കുന്ന ഘടകങ്ങളായി കാണാൻ കഴിയില്ലെന്നും വ്യക്തമാക്കി. എല്ലാവരുടെയും വിധി പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന ഒരൊറ്റ ആഗോള ഗ്രാമത്തിലാണ് മനുഷ്യരാശി ജീവിക്കുന്നതെന്നും, ആഗോള സമൂഹത്തോട് വൻശക്തികൾക്ക് പ്രത്യേക ഉത്തരവാദിത്തങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മോസ്കോയുമായി ബീജിംഗ് വികസിപ്പിക്കുന്ന തന്ത്രപരമായ പങ്കാളിത്തവും വാഷിംഗ്ടണുമായി സുസ്ഥിരമായ ബന്ധം നിലനിർത്താനുള്ള ശ്രമങ്ങളും ഷി ജിൻപിങ് എടുത്തുപറഞ്ഞു. സമാധാനപരമായ സഹവർത്തിത്വം, മൊത്തത്തിലുള്ള സ്ഥിരത, സന്തുലിതമായ വികസനം എന്നിവയിൽ അധിഷ്ഠിതമായ വൻശക്തി ബന്ധങ്ങളുടെ ഒരു മാതൃകയാണ് ചൈന മുന്നോട്ട് വെക്കുന്നതെന്നും, ഇതിന്റെ പ്രയോജനങ്ങൾ നേരിട്ട് ഉൾപ്പെടുന്ന രാജ്യങ്ങൾക്കപ്പുറത്തേക്ക് വ്യാപിക്കുമെന്നും ഷി ജിൻപിങ് വ്യക്തമാക്കി.
Content Highlights
US President Donald Trump, China’s Xi Jinping, and Russia’s Vladimir Putin held historic first-ever joint talks in Shenzhen. Trump emphasized direct dialogue with adversaries to forge global peace, while Xi called for major power cooperation and stability in an interconnected global village.




