Source :- SIRAJLIVE NEWS
കോഴിക്കോട് | 2020 ആഗസ്റ്റ് ഏഴിന് കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഉണ്ടായ വിമാനാപകടത്തില്‍ മരിച്ചവരുടെയും പരുക്കേറ്റവരുടെയും നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട കേസുകള്‍ അന്തിമവാദത്തിനായി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ദുബൈയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ്സ് വിമാനം ഇറങ്ങുന്നതിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറി അപകടത്തില്‍പ്പെടുകയായിരുന്നു. 22 പേര്‍ മരിക്കുകയും 166 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. അപകടത്തില്‍ മരിച്ചവരുടെ ആശ്രിതരും പരുക്കേറ്റവരും സമര്‍പ്പിച്ച നഷ്ടപരിഹാര കേസുകളാണ് ഇപ്പോള്‍ സുപ്രീം കോടതിയുടെ പരിഗണനയില്‍ എത്തുന്നത്.
അപകടത്തില്‍പ്പെട്ട യാത്രക്കാര്‍ക്കും മരിച്ചവരുടെ ആശ്രിതര്‍ക്കും മോണ്ട്രിയല്‍ കണ്‍വെന്‍ഷനും ക്യാരേജ് എയര്‍ ആക്ട് 1972ഉം അനുശാസിക്കുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള നഷ്ടപരിഹാരം ലഭിക്കണമെന്നാണ് ഹരജിക്കാരുടെ പ്രധാന ആവശ്യം. അപകടത്തിന് പിന്നാലെ എയര്‍ ഇന്ത്യ അടിയന്തര ധനസഹായവും പിന്നീട് നഷ്ടപരിഹാരത്തുകയും നല്‍കിയിരുന്നു. എന്നാല്‍, അത് അന്താരാഷ്ട്ര നിയമപ്രകാരം ലഭിക്കേണ്ട നഷ്ടപരിഹാരമായില്ലെന്നാണ് ഹരജിക്കാരുടെ വാദം. മോണ്ട്രിയല്‍ കണ്‍വെന്‍ഷന്‍ ഇന്ത്യയില്‍ നിയമപരമായി പ്രാബല്യത്തില്‍ വന്നിട്ടുള്ള സാഹചര്യത്തില്‍, അന്താരാഷ്ട്ര ഉടമ്പടിയുടെ വ്യവസ്ഥകള്‍ക്കനുസൃതമായി നഷ്ടപരിഹാരം നല്‍കേണ്ട ബാധ്യത വിമാനക്കമ്പനിക്ക് ഉണ്ടോ എന്ന സുപ്രധാന നിയമപ്രശ്നമാണ് കേസില്‍ ഉയരുന്നത്.
കോഴിക്കോട് വിമാനാപകടത്തിലെ ഇരകള്‍ക്കും കുടുംബങ്ങള്‍ക്കും നീതി ഉറപ്പാക്കുന്നതിന് പുറമെ, മോണ്ട്രിയല്‍ കണ്‍വെന്‍ഷന്റെ വ്യവസ്ഥകള്‍ പ്രകാരം വിമാനാപകട ഇരകള്‍ക്ക് ലഭിക്കേണ്ട നഷ്ടപരിഹാരത്തിന്റെ പരിധിയും വിമാനക്കമ്പനികളുടെ നിയമപരമായ ബാധ്യതയും സംബന്ധിച്ച് സുപ്രീം കോടതി സ്വീകരിക്കുന്ന നിലപാട് ഭാവിയിലെ വിമാനാപകട നഷ്ടപരിഹാര കേസുകള്‍ക്കും നിര്‍ണായകമായിരിക്കും.
ഹരജിക്കാര്‍ക്ക് വേണ്ടി സീനിയര്‍ അഭിഭാഷകരായ കൃഷ്ണന്‍ വേണുഗോപാല്‍, ചിദംബരേഷ്, കോടോത് ശ്രീധരന്‍, കെ പി മുഹമ്മദ് ആരിഫ്, എ രഘുനാഥ്, പി എസ് സുല്‍ഫീക്കര്‍ അലി, യു കെ അബ്ദുല്‍ ജലീല്‍ എന്നിവരാണ് ഹാജരാകുന്നത്. വര്‍ഷങ്ങളായി തുടരുന്ന നിയമപോരാട്ടത്തില്‍ നിര്‍ണായക വഴിത്തിരിവാകുന്ന ഇന്നത്തെ സുപ്രീം കോടതിയിലെ വാദം മരിച്ചവരുടെ കുടുംബങ്ങളും പരുക്കേറ്റവരും ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.
Content Highlights: The Supreme Court is set to conduct the final hearing today on compensation petitions related to the 2020 Karipur plane crash. Victims and families are demanding enhanced compensation under the international Montreal Convention provisions. The court will consider arguments against Air India.



