Home rss national malayalam പുതിയ വാർത്ത കൃഷിയില്‍ ഏര്‍പ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് വെയ്റ്റേജ് മാര്‍ക്ക്: മന്ത്രി

കൃഷിയില്‍ ഏര്‍പ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് വെയ്റ്റേജ് മാര്‍ക്ക്: മന്ത്രി

3
0

Source :- SIRAJLIVE NEWS

കോഴിക്കോട് | കൃഷിയില്‍ ഏര്‍പ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് വെയ്‌റ്റേജ് മാര്‍ക്ക് നല്‍കുന്ന സംവിധാനം നടപ്പാക്കുമെന്ന് കാര്‍ഷിക വികസന-കര്‍ഷകക്ഷേമ മന്ത്രി ടി സിദ്ദിഖ്. കാര്‍ഷിക അടിസ്ഥാനസൗകര്യ വികസനനിധി സംസ്ഥാന കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുവതലമുറയെ കൃഷിയിലേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി ആവിഷ്‌കരിക്കുന്ന കതിര് പദ്ധതി 500 സ്‌കൂളുകളില്‍ ആരംഭിക്കും. നോഡല്‍ അധ്യാപകര്‍, ബാക്ക് അപ് ടീം, 10,000 രൂപ സീഡിംഗ് മണി എന്നിവ ഏര്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുക. പൊതുവിദ്യാഭ്യാസ മന്ത്രിയുമായി ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഐക്യരാഷ്ട്രസഭ വനിതാ കര്‍ഷക വര്‍ഷമായി പ്രഖ്യാപിച്ച ഈ വര്‍ഷം ‘വനിതാ സഖി’ എന്ന പേരില്‍ വനിതാ കര്‍ഷകര്‍ക്ക് മാത്രമായി പ്രത്യേക പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ട്.

2020ല്‍ ആരംഭിച്ച കാര്‍ഷിക അടിസ്ഥാന സൗകര്യ വികസന നിധി (എ ഐ എഫ്) പദ്ധതി രണ്ടാംഘട്ടത്തിലേക്ക് കടക്കുകയാണ്. വിളവെടുപ്പിനു ശേഷമുള്ള പരിപാലനം, മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കി മാറ്റുന്നത്, പാക്കിംഗ്, വിപണനം, കയറ്റുമതി എന്നിവ ഉള്‍പ്പെടെ കാര്‍ഷികമേഖലയില്‍ ആവശ്യമായ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങളില്‍ പ്രധാന പങ്കുവഹിക്കുന്ന നിര്‍ണായകനിധിയായി എ ഐ എഫ് മാറിക്കഴിഞ്ഞു. എ ഐ എഫ് പൂര്‍ണതോതില്‍ വിനിയോഗിക്കാനും കൂടുതല്‍ തുക വാങ്ങിയെടുക്കാനുമുള്ള പ്രധാന ചുവടുവെപ്പാണ് സംസ്ഥാന കോണ്‍ക്ലേവെന്നും മന്ത്രി പറഞ്ഞു.

നിര്‍മിതബുദ്ധിയും ഐ ഒ ടിയും ഡ്രോണുമുള്‍പ്പെടെ എല്ലാ സങ്കേതങ്ങളും ഉപയോഗപ്പെടുത്തുന്ന മേഖലയാണ് ഇന്ന് കാര്‍ഷികരംഗം. അതിനനുസരിച്ച് കര്‍ഷകര്‍ക്ക് എല്ലാവിധ ബേങ്കിംഗ് പിന്തുണ നല്‍കുകയും കാലാനുസൃതമായ പദ്ധതികളും പരിപാടികളും വിഭാവനം ചെയ്യുകയുമാണ്.

പദ്ധതി വഴി 2020 മുതല്‍ അനുവദിക്കപ്പെട്ട 2,520 കോടി രൂപയില്‍ 1,734 കോടിയാണ് കേരളം ചെലവഴിച്ചത്. എന്നാല്‍, കൂടുതല്‍ കാര്യക്ഷമമായി ഫണ്ട് ഉപയോഗപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് നൂറുദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തി തുടര്‍നടപടികളുമായി മുന്നോട്ടുപോകുന്നതെന്നും മന്ത്രി പറഞ്ഞു.
വെള്ളപ്പൊക്കവും വരള്‍ച്ചയും ഉള്‍പ്പെടെ കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ കാര്‍ഷിക മേഖലയില്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനും തുടര്‍നടപടികള്‍ സ്വീകരിച്ച് കര്‍ഷകര്‍ക്ക് താങ്ങാകാനുമായി സഹകരണ വകുപ്പുമായി ചേര്‍ന്ന് പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും മന്ത്രി പറഞ്ഞു.

Content Highlights: Kerala government considers granting exam weightage marks to students participating in farming activities. Agriculture Minister T Siddique announced the formation of Kathir Clubs in schools to foster agricultural culture among youth. The initiative aims to integrate farming into the curriculum.