Home rss national malayalam പുതിയ വാർത്ത കേരളത്തിന്റെ വൈദ്യുതി ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് എന്‍ ടി പി സിയുടെ പിന്തുണ; ഉറപ്പ് ലഭിച്ചത് മുഖ്യമന്ത്രി...

കേരളത്തിന്റെ വൈദ്യുതി ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് എന്‍ ടി പി സിയുടെ പിന്തുണ; ഉറപ്പ് ലഭിച്ചത് മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയില്‍

3
0

Source :- SIRAJLIVE NEWS

ന്യൂഡല്‍ഹി | കേരളത്തിന്റെ വര്‍ധിച്ചുവരുന്ന വൈദ്യുതി ആവശ്യകത നിറവേറ്റുന്നതിനൊപ്പം പുനരുപയോഗ ഊര്‍ജം, ബാറ്ററി എനര്‍ജി സ്റ്റോറേജ് സംവിധാനങ്ങള്‍ (BESS), അധിക വൈദ്യുതി ലഭ്യത തുടങ്ങിയ മേഖലകളില്‍ സംസ്ഥാനത്തിന് ആവശ്യമായ എല്ലാ പിന്തുണയും നല്‍കുമെന്ന് കേന്ദ്ര പൊതുമേഖല സ്ഥാപനമായ എന്‍ ടി പി സിയുടെ ഉറപ്പ്. മുഖ്യമന്ത്രി വി ഡി സതീശന്‍ എന്‍ ടി പി സി ചെയര്‍മാന്‍ ഗുര്‍ദീപ് സിംഗുമായി ന്യൂഡല്‍ഹി കേരള ഹൗസില്‍ നടത്തിയ ചര്‍ച്ചയിലാണ് ഉറപ്പ് ലഭിച്ചത്. വൈദ്യുതി മന്ത്രി സണ്ണി ജോസഫ്, ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

കായംകുളത്ത് 2000 മെഗാവാട്ട് ശേഷിയുള്ള ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റം പദ്ധതി അടക്കം നടപ്പാക്കുന്നതിനായി കെ എസ് ഇ ബി, എന്‍ ടി പി സി, എന്‍ ടി പി സി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ് എന്നിവ ചേര്‍ന്ന് ധാരണാപത്രം ഒപ്പുവെക്കും. പുനരുപയോഗ ഊര്‍ജ മേഖലയില്‍ എന്‍ ടി പി സിയുമായി കൂടുതല്‍ സഹകരണം ഉറപ്പാക്കാനും ചര്‍ച്ചയില്‍ ധാരണയായി. ദീര്‍ഘകാല വൈദ്യുതി ആവശ്യകത കണക്കിലെടുത്ത് കേരളത്തിനായി ഒരു സമര്‍പ്പിത വൈദ്യുതി നിലയം സ്ഥാപിക്കണമെന്ന് ചര്‍ച്ചയില്‍ എന്‍ ടി പി സിയോട് ആവശ്യപ്പെട്ടു.

എന്‍ ടി പി സിയുടെ ഹരിത ഊര്‍ജ വിഭാഗമായ എന്‍ ജി ഇ എല്‍ നടപ്പാക്കുന്ന പോത്തന്‍കോട്, ശ്രീകണ്ഠാപുരം എന്നിവിടങ്ങളിലെ 80 മെഗാവാട്ട് വീതമുള്ള രണ്ട് ബാറ്ററി എനര്‍ജി സ്റ്റോറേജ് പദ്ധതികള്‍ 2027 മാര്‍ച്ചോടെ കമ്മീഷന്‍ ചെയ്യുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കും. എന്‍ ടി പിസിയുടെ മഹാരാഷ്ട്രയിലെ സിന്നര്‍ പദ്ധതിയില്‍ നിന്ന് കേരളത്തിന് 300 മെഗാവാട്ട് വരെ വൈദ്യുതി യൂണിറ്റിന് 5.18 രൂപ നിരക്കില്‍ ലഭ്യമാക്കുമെന്നും ചെയര്‍മാന്‍ ഉറപ്പ് നല്‍കി.

കായംകുളത്ത് എന്‍ ടി പി സി നടപ്പാക്കുന്ന 27 മെഗാവാട്ട് സോളാര്‍ പദ്ധതി സംബന്ധിച്ച ആവശ്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ എന്‍ ടി പി സിയുടെ പരിഗണനക്ക് സമര്‍പ്പിച്ചു. പദ്ധതിയുടെ തുടര്‍നടപടികള്‍ വേഗത്തിലാക്കുന്നതും ആവശ്യമായ സഹകരണം ഉറപ്പാക്കുന്നതും സംബന്ധിച്ചും ചര്‍ച്ച നടന്നു.

രാമഗുണ്ടം പവര്‍ പ്ലാന്റില്‍ നിന്നും കേരളത്തിന് ആവശ്യമുള്ള വൈദ്യുതി ലഭ്യമാക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് കേരളവുമായി വൈദ്യുതി വാങ്ങല്‍ കരാര്‍ ഒപ്പുവെക്കാന്‍ എന്‍ ടി പി സി സന്നദ്ധത അറിയിച്ചു. കെ എസ് ഇ ബിയുടെ മാനേജ്മെന്റ്, സാങ്കേതിക പ്രവര്‍ത്തനം, വൈദ്യുതി മേഖലയിലെ ആധുനിക മാനേജ്മെന്റ് സംവിധാനങ്ങള്‍ എന്നിവ ശക്തിപ്പെടുത്തുന്നതിനായി എന്‍ ടി പി സിയുടെ പ്രൊഫഷണല്‍, സാങ്കേതിക വൈദഗ്ധ്യം കേരളത്തിന് ലഭ്യമാക്കണമെന്നും ചര്‍ച്ചയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Content Highlights:
NTPC has assured full support to meet Kerala’s rising electricity demands following a meeting with the Chief Minister. The discussions focused on securing reliable power allocations and addressing peak load shortages. This commitment aims to strengthen the state’s energy supply infrastructure.