Home rss national malayalam പുതിയ വാർത്ത കേരളത്തിലെ പോലീസ് ജില്ലകളില്‍ ഇനി നാലാം ശനിയാഴ്ച ‘അഭിനന്ദന ദിനം’

കേരളത്തിലെ പോലീസ് ജില്ലകളില്‍ ഇനി നാലാം ശനിയാഴ്ച ‘അഭിനന്ദന ദിനം’

3
0

Source :- SIRAJLIVE NEWS

പത്തനംതിട്ട |  പോലീസ് ഉദ്യോഗസ്ഥരുടെയും പൊതുജനങ്ങളുടെയും മികച്ച പ്രവര്‍ത്തനങ്ങളെ അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നതിനായി സംസ്ഥാനത്തെ എല്ലാ പോലീസ് ജില്ലകളിലും എല്ലാ മാസവും നാലാമത്തെ ശനിയാഴ്ച ”അഭിനന്ദന ദിന” മായി (അപ്രീസിയേഷന്‍ ഡേ) ആചരിക്കാന്‍ ക്രമസമാധാന വിഭാഗം എ ഡി ജി പി പി വിജയന്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി. പോലീസ് ഉദ്യോഗസ്ഥരുടെ ആത്മവീര്യം വര്‍ധിപ്പിക്കുക, കര്‍ത്തവ്യനിര്‍വഹണത്തില്‍ മികവ് കൈവരിക്കുന്നതിന് അവരെ പ്രോത്സാഹിപ്പിക്കുക, പോലീസ് പ്രവര്‍ത്തനങ്ങളില്‍ പൊതുജനങ്ങളുടെ പങ്കാളിത്തവും സഹകരണവും വര്‍ദ്ധിപ്പിക്കുക തുടങ്ങിയവയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യങ്ങള്‍.

ജില്ലാ/യൂണിറ്റ് ആസ്ഥാനങ്ങളില്‍ സംഘടിപ്പിക്കുന്ന ചടങ്ങുകളില്‍, മുന്‍ മാസത്തില്‍ മികച്ച സേവനം, മാതൃകാപരമായ പെരുമാറ്റം, മികച്ച അന്വേഷണ മികവ്, ധീരതാപ്രവര്‍ത്തനം, കര്‍ത്തവ്യനിര്‍വഹണത്തിലെ സമര്‍പ്പിത പ്രകടനം തുടങ്ങിയവ കാഴ്ചവച്ച പോലീസ് ഉദ്യോഗസ്ഥരെ കണ്ടെത്തി ജില്ലാ പോലീസ് മേധാവിമാര്‍ ആദരിക്കേണ്ടതാണെന്ന് നിര്‍ദ്ദേശത്തിലുണ്ട്. കൂടാതെ, പൊതുസുരക്ഷയ്ക്കായി പ്രവര്‍ത്തിച്ചവര്‍, പോലീസിന് വിലപ്പെട്ട സഹായം നല്‍കിയവര്‍ എന്നിങ്ങനെ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ വ്യക്തികളെ കണ്ടെത്തി ആദരിക്കണമെന്നും ഉത്തരവിലുണ്ട്. ഇത്തരത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കും പൗരന്മാര്‍ക്കും അഭിനന്ദന സര്‍ട്ടിഫിക്കറ്റുകള്‍, മെമന്റോകള്‍ അല്ലെങ്കില്‍ അനുയോജ്യമായ മറ്റ് അംഗീകാരങ്ങള്‍ നല്‍കി, സഹപ്രവര്‍ത്തകരുടെയും ജീവനക്കാരുടെയും പൊതുജനങ്ങളുടെയും സാന്നിധ്യത്തില്‍ ആദരിക്കേണ്ടതാണെന്നാണ് എഡിജിപിയുടെ നിര്‍ദേശം.

എല്ലാ ജില്ലാ പോലീസ് മേധാവിമാരും അഭിനന്ദന ദിന പരിപാടിയില്‍ നിര്‍ബന്ധമായും പങ്കെടുക്കണം. സോണല്‍ ഐജിമാരും റേഞ്ച് ഡിഐജിമാരും സാധ്യമാകുന്നിടത്തെല്ലാം പരിപാടിയില്‍ പങ്കെടുക്കേണ്ടതാണെന്നും നിര്‍ദേശമുണ്ട്. ഏതെങ്കിലും കാരണത്താല്‍ നാലാമത്തെ ശനിയാഴ്ച പരിപാടി നടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍, അതിന് മുമ്പായി അതേ മാസത്തില്‍ തന്നെ ചടങ്ങ് സംഘടിപ്പിക്കണം. ഓരോ മാസവും അഭിനന്ദിക്കപ്പെടുന്ന പോലീസ് ഉദ്യോഗസ്ഥരുടെയും പൊതുജനങ്ങളുടെയും വിവരങ്ങള്‍, അംഗീകരിക്കപ്പെട്ട മികച്ച പ്രവര്‍ത്തനത്തിന്റെ സ്വഭാവം ഉള്‍പ്പെടെ ജില്ലാ തലത്തില്‍ ഡോക്യുമെന്റ് ചെയ്യണം. പരിപാടിയുടെ റിപ്പോര്‍ട്ടും ഫോട്ടോകളും തുടര്‍ന്നുള്ള മാസത്തിലെ ഒന്നാം തീയതിക്ക് മുമ്പായി ക്രമസമാധാനവിഭാഗം എ ഡി ജി പിക്ക് സമര്‍പ്പിക്കണമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Content Highlights: ADGP P Vijayan instructed all district police chiefs to observe the fourth Saturday as Appreciation Day. The initiative aims to boost officer morale and recognize commendable service and investigation skills. Exemplary police personnel and citizens who aid public safety will receive awards.