Source :- SIRAJLIVE NEWS
കോഴിക്കോട് | പുതിയ കാലത്ത് കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് മത്സരിക്കേണ്ടിവരുന്നത് മറ്റു രാജ്യങ്ങളിലെ കുട്ടികളുമായാണെന്നും അതിന് പ്രാപ്തരാക്കും വിധം വിദ്യാഭ്യാസ മേഖല ശാക്തീകരിക്കുമെന്നും പൊതുവിദ്യാഭ്യാസ മന്ത്രി അഡ്വ. എന്‍ ഷംസുദ്ദീന്‍. പ്ലസ് വണ്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് തലക്കുളത്തൂര്‍ സി എം എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ലോകം ഗ്ലോബല്‍ വില്ലേജായി മാറുകയും അകലം കുറയുകയും ചെയ്ത കാലത്ത് വിദ്യാഭ്യാസ രംഗത്തും അനുദിനം മാറ്റങ്ങളുണ്ടാകുന്നു. ലോകം സഞ്ചരിക്കുന്നതിനൊപ്പം നമുക്കും സഞ്ചരിക്കാനാവുകയും എല്ലാ വിദ്യാഭ്യാസ സ്വപ്നങ്ങളും സഫലീകരിക്കാനാവുകയും വേണം. ഒരു പുതുയുഗപ്പിറവിയിലേക്കും വലിയ മാറ്റത്തിലേക്കും കേരളം കടന്നുവരണം. മറ്റുള്ളവരെ വിദ്യാഭ്യാസത്തിനായി ഇവിടേക്ക് ആകര്‍ഷിക്കാനാവും വിധം നമ്മുടെ വിദ്യാഭ്യാസ രീതികള്‍ പരിഷ്‌കരിച്ച് മുന്നോട്ടുപോകും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ ഉള്‍പ്പെടെയുണ്ടായ നൂതന മാറ്റങ്ങള്‍ വിദ്യാഭ്യാസ രംഗത്തും പ്രകടമാകേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
സ്വന്തം കഴിവുകള്‍ വിദ്യാര്‍ഥികള്‍ സ്വയം വിലയിരുത്തുകയും ഏത് മേഖലയിലെത്തിയാല്‍ ശോഭിക്കാനാവുമെന്ന് ഓരോരുത്തരും തിരിച്ചറിയുകയും വേണം. സ്വപ്നം കാണുന്ന മേഖലകളിലും ചുമതലകളിലും എത്താനാവണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ വിദ്യാബാലകൃഷ്ണന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു.
Content Highlights:
Minister N Shamsudheen announced plans to empower the education sector in Kerala. The government aims to upgrade school infrastructure and modernize the learning curriculum. These initiatives will ensure high-quality public education across the state.




