Source :- SIRAJLIVE NEWS
ദുബൈ | കോംഗോയുടെ കിഴക്കന്‍ മേഖലയില്‍ പടര്‍ന്നുപിടിക്കുന്ന പുതിയ എബോള വൈറസ് വകഭേദത്തെ പ്രതിരോധിക്കുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങള്‍ക്ക് പിന്തുണയുമായി ദുബൈ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ നിര്‍ദേശപ്രകാരമാണ് ദുബൈ ഹ്യുമാനിറ്റേറിയന്‍, ലോകാരോഗ്യ സംഘടനയുടെ ശേഖരത്തില്‍ നിന്നുള്ള 20 മെട്രിക് ടണ്‍ അടിയന്തര മെഡിക്കല്‍ സാമഗ്രികള്‍ വ്യോമമാര്‍ഗം കോംഗോയിലേക്ക് അയച്ചത്. ഉഗാണ്ട വഴിയാണ് സഹായം എത്തിക്കുന്നത്.
അടുത്ത നാലാഴ്ചത്തേക്ക് നൂറുകണക്കിന് രോഗികള്‍ക്ക് ചികിത്സ നല്‍കുന്നതിനും ബാധിത പ്രദേശങ്ങളിലെ 280ഓളം ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കും ഈ സഹായം പ്രയോജനപ്പെടും. മള്‍ട്ടി പര്‍പ്പസ് ടെന്റുകള്‍, അണുനാശിനികള്‍, പേഴ്സണല്‍ പ്രൊട്ടക്റ്റീവ് എക്യുപ്‌മെന്റ് (പി പി ഇ കിറ്റുകള്‍), തെര്‍മോമീറ്ററുകള്‍ എന്നിവയുള്‍പ്പെടെ എബോള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍നിര ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ആവശ്യമായ അവശ്യവസ്തുക്കളാണ് വിമാനത്തിലുള്ളത്.
എബോള കേസുകള്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ അന്താരാഷ്ട്ര മാനുഷിക സമൂഹത്തിന് ആവശ്യമായ പിന്തുണ അതിവേഗം നല്‍കാന്‍ ദുബൈ ഹ്യുമാനിറ്റേറിയന്‍ പ്രതിജ്ഞാബദ്ധമാണെന്ന് സി ഇ ഒയും ബോര്‍ഡ് അംഗവുമായ ജുസെപ്പെ സബ പറഞ്ഞു. ഗ്ലോബല്‍ ഹ്യുമാനിറ്റേറിയന്‍ ഇംപാക്ട് ഫണ്ടിന്റെയും ദുബൈ റോയല്‍ എയര്‍ വിങിന്റെയും സഹകരണത്തോടെ ആവശ്യമെങ്കില്‍ കൂടുതല്‍ സഹായങ്ങള്‍ എത്തിക്കാന്‍ എയര്‍ ബ്രിഡ്ജ് സംവിധാനം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.







