Home rss national malayalam പുതിയ വാർത്ത കോര്‍പ്പറേറ്റ് ജീവനക്കാരില്‍ 86 ശതമാനവും കടുത്ത മാനസിക സമ്മര്‍ദ്ദത്തിലെന്ന് പഠനം

കോര്‍പ്പറേറ്റ് ജീവനക്കാരില്‍ 86 ശതമാനവും കടുത്ത മാനസിക സമ്മര്‍ദ്ദത്തിലെന്ന് പഠനം

3
0

Source :- SIRAJLIVE NEWS

ന്യൂഡല്‍ഹി | കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയും (സി ഐ ഐ) മെഡിബഡിയും ചേര്‍ന്ന് പുറത്തിറക്കിയ 2025 കോര്‍പ്പറേറ്റ് വെല്‍നസ് ഇന്‍ഡക്‌സ് പ്രകാരം കോര്‍പ്പറേറ്റ് മേഖലയില്‍ ജോലി ചെയ്യുന്ന 86 ശതമാനം ജീവനക്കാരും കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണെന്ന് പഠനം. ഇത്തരമൊരു പ്രതിസന്ധി നിലനില്‍ക്കുമ്പോഴും മാനസിക സമ്മര്‍ദ്ദം മൂലം അവധിയെടുക്കുന്നതിനെക്കുറിച്ച് തൊഴിലിടങ്ങളില്‍ തുറന്നുപറയാന്‍ നാലിലൊരാള്‍ക്ക് മാത്രമേ സാധിക്കുന്നുള്ളൂ എന്നും പഠനം വ്യക്തമാക്കുന്നു.

ജീവനക്കാര്‍ ജോലികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നുണ്ടങ്കിലും ഉത്കണ്ഠ, ക്ഷീണം, അമിത ജോലിഭാരം മൂലമുള്ള തളര്‍ച്ച എന്നിവ നേരിടുന്നുണ്ട്. അമിതമായ ജോലിഭാരം, തൊഴില്‍ സമയക്രമത്തില്‍ നിയന്ത്രണമില്ലായ്മ എന്നിവയാണ് ജീവനക്കാരെ സമ്മര്‍ദ്ദത്തിലേക്ക് തള്ളിവിടുന്നത്. കൃത്യമായ പിന്തുണ ലഭിക്കാതെ വരുമ്പോള്‍ ജീവനക്കാരുടെ കാര്യക്ഷമത കുറയുകയും, അവധിയെടുക്കല്‍ കൂടുകയും, പലരും ജോലി ഉപേക്ഷിച്ചു പോവുകയും ചെയ്യുന്നെന്നും പഠനം സൂചിപ്പിക്കുന്നു.

തൊഴിലിടങ്ങളിലെ സമ്മര്‍ദ്ദം വ്യത്യസ്ത രീതിയിലാണ് ജീവനക്കാരെ ബാധിക്കുന്നത്. കരിയര്‍ വളര്‍ച്ചയിലെ വേഗതക്കുറവും കുട്ടികളുടെ സംരക്ഷണവും പ്രായമായ മാതാപിതാക്കളുടെ പരിചരണവുമാണ് മധ്യകാല പ്രൊഫഷണലുകള്‍ക്ക് സമ്മര്‍ദ്ദമാകുന്നതെങ്കില്‍ കുടുംബ ചുമതലയും ആരോഗ്യ പ്രശ്‌നങ്ങളുമാണ് വനിതാ ജീവനക്കാര്‍ക്ക് സമ്മര്‍ദ്ദം ഉണ്ടാക്കുന്നത്. ഉയര്‍ന്ന സ്ഥാനം നല്‍കുന്ന ഒറ്റപ്പെടലും വിരമിക്കല്‍ സംബന്ധിച്ച ആശങ്കകളുമാണ് മുതിര്‍ന്ന ഉദ്യോഗസ്ഥരെ സമ്മര്‍ദ്ദത്തിലാക്കുന്നത്.

മാനസികാരോഗ്യ സംരക്ഷണം വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന വെല്‍നസ് പരിപാടികളില്‍ മാത്രമായി ചുരുങ്ങാതെ, കമ്പനിയുടെ ബിസിനസ് തന്ത്രത്തിന്റെ ഭാഗമാക്കണമെന്നും തുറന്ന ചര്‍ച്ചകള്‍, പരസ്പര പിന്തുണ, അനുകമ്പയോടെയുള്ള മാനേജ്മെന്റ് രീതി എന്നിവ ഉറപ്പാക്കണമെന്നും പഠനം ആവശ്യപ്പെടുന്നു.

Content Highlights: A study by CII and MediBuddy reveals that 86 percent of corporate employees face severe mental stress due to heavy workloads and anxiety. Only one in four employees feels comfortable discussing mental health leaves at work. The report emphasizes making mental health part of business strategy.