Source :- SIRAJLIVE NEWS
ലെസ്ബോസ് | ഗ്രീക്ക് ദ്വീപുകളായ സാമോസ്, ലെസ്ബോസ് എന്നിവിടങ്ങളിലുണ്ടായ വ്യത്യസ്ത ബോട്ടപകടങ്ങളില്‍ 12 കുടിയേറ്റക്കാര്‍ മരിച്ചു. കോസ്റ്റ് ഗാര്‍ഡ് പിന്തുടരുന്നതിനിടെയാണ് ബോട്ടുകള്‍ മറിഞ്ഞത്. സാമോസിലെ അപകടത്തില്‍ അഞ്ച് പുരുഷന്മാരും ഒരു സ്ത്രീയുമാണ് മരിച്ചത്. തുര്‍ക്കിയില്‍ നിന്ന് കുടിയേറ്റക്കാരുമായി വരികയായിരുന്ന സ്പീഡ് ബോട്ട് കോസ്റ്റ് ഗാര്‍ഡിനെ കണ്ട് വേഗം കൂട്ടിയതിനെ തുടര്‍ന്ന് മറിയുകയായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. കാണാതായ 14 പേരെ കണ്ടെത്താനുള്ള തിരച്ചില്‍ തുടരുകയാണ്. കുടിയേറ്റക്കാരെ അനധികൃതമായി കടത്തിയെന്ന സംശയത്തില്‍ ബോട്ടിലെ ഒരു ഇറാനിയന്‍ പൗരനെ അധികൃതര്‍ അറസ്റ്റ് ചെയ്തു.
ലെസ്ബോസിലെ അഗ്രിലിയ മേഖലയിലാണ് മറ്റൊരു അപകടം സംഭവിച്ചത്. കുടിയേറ്റക്കാരുടെ ബോട്ട് ഗ്രീക്ക് കോസ്റ്റ് ഗാര്‍ഡ് കപ്പലുമായി കൂട്ടിയിടിച്ച് മറിയുകയായിരുന്നു. അപകടത്തില്‍ നാല് പുരുഷന്മാരും ഒരു സ്ത്രീയും ഒരു കൈക്കുഞ്ഞും മരിച്ചു. രക്ഷപ്പെട്ട എട്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്ഷപ്പെട്ട എട്ടുപേരില്‍, കുടിയേറ്റക്കാരെ കടത്തുന്ന സംഘത്തിലെ അംഗമാണെന്ന് സംശയിക്കുന്ന 37കാരനായ തുര്‍ക്കി പൗരനെ അധികൃതര്‍ അറസ്റ്റ് ചെയ്തു. സ്പീഡ് ബോട്ടിന്റെ മുന്‍ഭാഗം കോസ്റ്റ് ഗാര്‍ഡ് കപ്പലിന്റെ ഇടത് വശത്ത് ഇടിച്ചതായാണ് പ്രാഥമിക വിവരമെന്നും സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണെന്നും ഗ്രീക്ക് ഷിപ്പിംഗ് മന്ത്രി വസിലിസ് കിക്കിലിയാസ് പറഞ്ഞു. കുടിയേറ്റക്കാരെ അനധികൃതമായി കടത്തുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
മധ്യപൂര്‍വേഷ്യ, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് യൂറോപ്പിലേക്കുള്ള പ്രധാന പ്രവേശന കവാടങ്ങളിലൊന്നാണ് ഗ്രീസ്. 2015-16 കാലഘട്ടത്തില്‍ യൂറോപ്പിലുണ്ടായ കുടിയേറ്റ പ്രതിസന്ധിയുടെ മുന്‍നിരയില്‍ ഗ്രീസ് ഉണ്ടായിരുന്നു. അക്കാലത്ത് തുര്‍ക്കിയില്‍ നിന്ന് 10 ലക്ഷത്തോളം ആളുകള്‍ ഗ്രീക്ക് ദ്വീപുകളില്‍ എത്തിച്ചേര്‍ന്നിരുന്നു. തുടര്‍ന്ന് ഗ്രീസ് നിലപാട് കര്‍ശനമാക്കിയിട്ടുണ്ട്. അതിര്‍ത്തികളില്‍ വെച്ച് കുടിയേറ്റക്കാരെയും അഭയാര്‍ഥികളേയും ബലമായി തിരിച്ചയക്കുന്നുവെന്ന് മനുഷ്യാവകാശ സംഘടനകള്‍ ഗ്രീസിനെതിരെ ആരോപണമുന്നിയിച്ചിട്ടുണ്ട്.
Content Highlights:
Twelve migrants died after boats capsized near the Greek islands of Lesbos and Samos during coast guard pursuits. Survivors include individuals rescued from the wreckage while authorities arrested suspected smugglers. Greece remains a primary entry point for migrants fleeing from the Middle East, Africa, and Asia.




