Home rss national malayalam പുതിയ വാർത്ത ചരിത്ര ഗവേഷണ കൗണ്‍സിലിലെ കൂട്ടരാജി

ചരിത്ര ഗവേഷണ കൗണ്‍സിലിലെ കൂട്ടരാജി

3
0

Source :- SIRAJLIVE NEWS

കേരള ചരിത്ര ഗവേഷണ കൗണ്‍സിലിലെ (കെ സി എച്ച് ആര്‍) രാജി തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ദേശീയ- അന്തര്‍ദേശീയ തലത്തില്‍ അറിയപ്പെടുന്ന പ്രമുഖ ചരിത്രകാരന്മാരും ഗവേഷകരുമായ പ്രൊഫ. ജാനകി നായര്‍, പ്രൊഫ. മാനു വി ദേവന്‍, പ്രൊഫ. സുബ്രഹ്മണ്യം എന്നിവര്‍ക്കു പിന്നാലെ സെര്‍ച്ച് കമ്മിറ്റി അംഗം പ്രൊഫ. സനല്‍ മോഹനും കഴിഞ്ഞ ദിവസം രാജി സമര്‍പ്പിച്ചു. സെര്‍ച്ച് കമ്മിറ്റിയെ നോക്കുകുത്തിയാക്കി, കമ്മിറ്റി നല്‍കിയ പാനലിനു പുറത്തുനിന്നുള്ള ഡോ. വിനോദ് കുമാറിനെ ചെയര്‍മാനായി നിയമിച്ച നടപടിയില്‍ പ്രതിഷേധിച്ചാണ് രാജി.

രാജിക്കത്തില്‍ പ്രൊഫ. സനല്‍ മോഹന്‍ ചൂണ്ടിക്കാട്ടിയ കാര്യങ്ങള്‍ അതീവ ഗൗരവമുള്ളതാണ്. സെര്‍ച്ച് കമ്മിറ്റി കണ്‍വീനറായി നിയോഗിക്കപ്പെട്ട, കെ സി എച്ച് ആറിന്റെ ചുമതലയുള്ള കോളജ് വിദ്യാഭ്യാസ ഡയറക്ടറെ മറികടന്ന് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി നിയമനത്തില്‍ ഇടപെട്ടതായും ഏകപക്ഷീയമായി കാര്യങ്ങള്‍ കൈകാര്യം ചെയ്തതായും കത്തില്‍ ആരോപിക്കുന്നു. ഒക്ടോബര്‍ 24ന് ചേര്‍ന്ന യോഗത്തിന്റെ മിനുട്സില്‍ കണ്‍വീനറെ മറികടന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഒപ്പുവെച്ചു. ചെയര്‍മാന്‍ നിയമനത്തിനു മുമ്പ് മറ്റൊരു യോഗം വിളിക്കണമെന്ന കണ്‍വീനറുടെ നിര്‍ദേശം അവഗണിക്കുകയും ചെയ്തു. രണ്ടാം യോഗത്തിനു ശേഷം തയ്യാറാക്കിയ പട്ടിക കമ്മിറ്റി അംഗങ്ങള്‍ക്ക് അയച്ചതുമില്ല. എന്നിങ്ങനെ നീളുന്നു പരാതികള്‍. ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ താത്പര്യമാണ് പാനലിനെ മറികടന്ന് ഡോ. വിനോദ് കുമാറിനെ നിയമിച്ചതിനു പിന്നിലെന്നാണ് പറയപ്പെടുന്നത്.

യോഗ്യരായവരെ കണ്ടെത്തി സുതാര്യമായ നടപടികളിലൂടെ സര്‍ക്കാറിനു ശിപാര്‍ശ ചെയ്യുക വഴി കെ സി എച്ച് ആറിന്റെ അക്കാദമിക് നിലവാരം ഉറപ്പാക്കാനാണ് സെര്‍ച്ച് കമ്മിറ്റിയെ നിയോഗിച്ചത്. മന്ത്രി ആഗ്രഹിക്കുന്ന ഒരാളെ നിയമിക്കാനാണ് നേരത്തേ പദ്ധതിയെങ്കില്‍ എന്തിനായിരുന്നു കമ്മിറ്റി രൂപവത്കരിച്ചത്? ഭരണപരമായ അധികാരം ദുരുപയോഗം ചെയ്ത് അക്കാദമിക് നേതൃപദവികളില്‍ രാഷ്ട്രീയ താത്പര്യങ്ങള്‍ക്കനുസരിച്ച് ആളുകളെ തിരുകിക്കയറ്റുന്നത് ജനാധിപത്യ സര്‍ക്കാറിനു യോജിച്ചതല്ല. രാഷ്ട്രീയ നിയമനങ്ങള്‍ക്കും അക്കാദമിക് നിയമനങ്ങള്‍ക്കുമിടയില്‍ വ്യക്തമായ അതിര്‍വരമ്പുകളുണ്ട്. ഭരണകൂടത്തിന് നിയമപരമായ അധികാരമുണ്ടെന്നതുകൊണ്ട് എല്ലാ നിയമനവും നീതീകരിക്കപ്പെടുകയില്ല. അധികാരത്തിന്റെ വിനിയോഗം നടപടിക്രമങ്ങളുടെയും സ്ഥാപനങ്ങളുടെ ലക്ഷ്യത്തിന്റെയും അടിസ്ഥാനത്തിലായിരിക്കണം.

കേരളത്തിന്റെ ചരിത്രപഠനത്തിനും ഗവേഷണത്തിനും ആധികാരിക വേദി ഒരുക്കുകയെന്ന ലക്ഷ്യത്തോടെ രൂപവത്കരിക്കപ്പെട്ട ചരിത്ര ഗവേഷണ കൗണ്‍സിലിന്റെ നേതൃപദവി ഇന്നുവരെ അലങ്കരിച്ചത് ലോകപ്രശസ്ത ചരിത്രപണ്ഡിതന്മാരാണ്. പ്രൊഫ. കെ എന്‍ പണിക്കര്‍, പ്രൊഫ. മൈക്കല്‍ തരകന്‍, പ്രൊഫ. കെ എന്‍ ഗണേഷ് എന്നിവരായിരുന്നു മുന്‍കാല ചെയര്‍മാന്മാര്‍. പ്രമുഖ ചരിത്ര ഗവേഷകരായ പ്രൊഫ. ജെ ദേവിക (സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസ്), പ്രൊഫ. കെ എസ് മാധവന്‍ (കാലിക്കറ്റ് സര്‍വകലാശാല), പ്രൊഫ. റെയ്മണ്ട് (സംസ്ഥാന ആര്‍കൈവ്സ് മുന്‍ ഡയറക്ടര്‍) എന്നീ പേരുകളാണ് പുതിയ ചെയര്‍മാന്‍ സ്ഥാനത്തേക്ക് സെര്‍ച്ച് കമ്മിറ്റി നിര്‍ദേശിച്ചത്.

ചരിത്ര ഗവേഷണ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഇവരെ വെട്ടിയാണ് കമ്മിറ്റിയില്‍ പേര് ഉയര്‍ന്നുവന്നിട്ടില്ലാത്ത ഒരാളെ നിയമിച്ചത്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ സ്ഥാപനങ്ങളെ രാഷ്ട്രീയവത്കരിക്കാനും അവയുടെ സ്വയംഭരണാവകാശം കവര്‍ന്നെടുക്കാനുമുള്ള ശ്രമങ്ങള്‍ സംസ്ഥാനത്ത് പുതിയതല്ല. എന്നാല്‍, കെ സി എച്ച് ആര്‍ പോലുള്ള ഒരു സ്ഥാപനത്തില്‍ ഇത്തരം ഇടപെടലുകള്‍ കേരളത്തിന്റെ ബൗദ്ധിക മണ്ഡലത്തില്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതവും നഷ്ടവും വളരെ വലുതായിരിക്കും. ചരിത്രത്തെ പുനര്‍വ്യാഖ്യാനിച്ച് മത- രാഷ്ട്രീയ അജന്‍ഡകള്‍ക്ക് അനുസൃതമാക്കാനുള്ള ശ്രമങ്ങള്‍ രാജ്യത്ത് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും.
സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനം മുതല്‍ ഗവേഷണ സ്ഥാപനങ്ങളുടെ തലപ്പത്ത് നടക്കുന്ന നിയമനങ്ങള്‍ വരെ കേരളത്തില്‍ തുടര്‍ച്ചയായി വിവാദങ്ങളില്‍ അകപ്പെടുകയാണ്.

ഗവര്‍ണര്‍- സര്‍ക്കാര്‍ തര്‍ക്കങ്ങളും രാഷ്ട്രീയ- ഉദ്യോഗസ്ഥ ഇടപെടലുകളും കാരണം സംസ്ഥാനത്തെ അക്കാദമിക് സ്ഥാപനങ്ങളുടെ നിലവാരം താഴ്ന്നുപോകുന്ന സ്ഥിതിവിശേഷമാണുള്ളത്. മികച്ച ഗവേഷകരും വിദ്യാര്‍ഥികളും കേരളം വിട്ട് ഇതര സംസ്ഥാനങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേക്കും ചേക്കേറാന്‍ ഇതിടയാക്കുന്നു. കെ സി എച്ച് ആറില്‍ നിന്ന് രാജിവെച്ചവരില്‍ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ചരിത്രപണ്ഡിതരുമുണ്ടെന്ന കാര്യം സര്‍ക്കാര്‍ ഗൗരവത്തോടെ കാണണം. മുന്‍ സര്‍ക്കാര്‍ ഇത്തരം സ്ഥാപനങ്ങളില്‍ നടത്തിയ നിയമനങ്ങളെ രൂക്ഷമായി വിമര്‍ശിച്ചവര്‍ അധികാരത്തിലെത്തിയപ്പോള്‍ അതേ രീതി തുടരുന്നത് വിരോധാഭാസമാണ്.

കൂട്ടരാജിയുടെ പശ്ചാത്തലത്തില്‍ ചെയര്‍മാന്‍ നിയമന കാര്യത്തില്‍ സര്‍ക്കാര്‍ തിരുത്തല്‍ നടപടിക്ക് സന്നദ്ധമാകേണ്ടതുണ്ട്. പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഇടപെടലിനെക്കുറിച്ചുള്ള ആരോപണത്തില്‍ സ്വതന്ത്ര അന്വേഷണം നടത്തുകയും ചട്ടലംഘനമോ നടപടി ക്രമങ്ങളില്‍ അട്ടിമറിയോ നടന്നതായി ബോധ്യപ്പെട്ടാല്‍ അത് പുനഃപരിശോധിക്കുകയും വേണം. ചെയര്‍മാന്‍ സ്ഥാനത്തേക്ക് അനുയോജ്യരായ വ്യക്തിത്വങ്ങളെ കണ്ടെത്താന്‍ ഒരു കമ്മിറ്റി രൂപവത്കരിച്ചുകഴിഞ്ഞാല്‍, അതിന്റെ പ്രവര്‍ത്തനങ്ങളില്‍ ഉദ്യോഗസ്ഥര്‍ കടന്നുകയറ്റം നടത്തുന്നത് നിയമലംഘനമാണ്. ഭരണകൂടത്തിന്റെ നയങ്ങളും തീരുമാനങ്ങളും നടപ്പാക്കുക മാത്രമാണ് ഉദ്യോഗസ്ഥരുടെ ചുമതല. ഇക്കാര്യം മറന്ന് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ നിലയ്ക്കുനിര്‍ത്താന്‍ സര്‍ക്കാര്‍ ആര്‍ജവം കാണിക്കണം. തങ്ങളുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ചാല്‍ ഭാവിയില്‍ അത് തിരിഞ്ഞുകൊത്തുമെന്ന് മന്ത്രിമാര്‍ ഓര്‍ത്തിരിക്കുകയും വേണം.

Content Highlights: Eminent historians including Prof Sanal Mohan and Prof Janaki Nair resigned from the Kerala Council for Historical Research (KCHR) protesting the appointment of Dr Vinod Kumar outside the search committee panel. The controversy highlights growing concerns over political and bureaucratic interference eroding academic autonomy in Kerala’s higher education sector.