Source :- SIRAJLIVE NEWS
ഇന്ത്യന്‍ നീതിന്യായ ചരിത്രത്തില്‍ അസാധാരണ പോരാട്ടവീര്യം പ്രകടിപ്പിച്ച ജസ്റ്റിസ് സി എസ് കര്ണന് വിടപറഞ്ഞിരിക്കുന്നു. 1955ല്‍ തമിഴ്നാട്ടിലെ കര്ണഥം ഗ്രാമത്തില്‍ ജനിച്ച അദ്ദേഹത്തിന് മാതാപിതാക്കള്‍ നല്കിയ പേര് കരുണാനിധി എന്നായിരുന്നു. 1991ല്‍ ചിന്നസ്വാമി സ്വാമിനാഥന് കര്ണന് എന്നാക്കി അദ്ദേഹം പേര് മാറ്റി. അവ്വിധം അസാധാരണത്വവും നിശ്ചയദാര്‍ഢ്യവും നിറഞ്ഞതായിരുന്നു സി എസ് കര്‍ണന്റെ ഹയര്‍ ജുഡീഷ്യറിക്കാലം. ദളിതനായതിന്റെ പേരില്‍ തനിക്ക് ജാതിവിവേചനം നേരിടേണ്ടിവരുന്നു എന്ന് തുറന്നുപറയാന്‍ അദ്ദേഹം ഒട്ടും മടികാണിച്ചില്ല.
സഹിച്ചിരുന്നാല്‍, രാജ്യത്തെ പ്രധാന ഹൈക്കോടതികളിലൊന്നായ മദ്രാസ് ഹൈക്കോടതിയില്‍ നിന്ന് സ്ഥാനക്കയറ്റം ലഭിച്ച് പരമോന്നത കോടതിയിലെത്താമായിരുന്നു. പക്ഷേ, അദ്ദേഹം കലഹിച്ചു കൊണ്ടേയിരുന്നു. അതിന് കാരണവുമുണ്ടായിരുന്നു. സുപ്രീം കോടതിയും ഹൈക്കോടതികളും ഭരണഘടനാ കോടതികളാണല്ലോ. അതായത് ഭരണഘടനയുടെ രക്ഷാകര്‍തൃത്വം നിര്‍വഹിക്കേണ്ട കോടതികള്‍. തൊട്ടുകൂടായ്മയെ ഭരണഘടന കര്‍ക്കശമായി വിലക്കുമ്പോള്‍ അതിന്റെ ആസ്ഥാനമായി ഹൈക്കോടതി നിലകൊള്ളുന്നു. ചങ്ങലക്ക് തന്നെ ഭ്രാന്ത് പിടിച്ചിരിക്കുന്നു എന്ന തിരിച്ചറിവിലാണ് സഹ ന്യായാധിപരില്‍ നിന്ന് തനിക്ക് നേരിട്ടുകൊണ്ടിരിക്കുന്ന ജാതിവിവേചനങ്ങള്‍ നേരം കളയാതെ തുറന്നുപറയാന്‍ സി എസ് കര്ണന് തയ്യാറായത്.
ജുഡീഷ്യറിയിലെ അഴിമതിക്കെതിരെയും ജസ്റ്റിസ് കര്ണന് നിരന്തരം ശബ്ദിച്ചു. അതിന് അദ്ദേഹത്തിന് വലിയ വില കൊടുക്കേണ്ടിയും വന്നു. 2014ല്‍ കോടതി നടപടികള്‍ക്കിടെ കോടതിമുറിയിലെത്തി ഹൈക്കോടതിയിലേക്ക് സ്ഥാനക്കയറ്റം നല്കാന് ഉദ്ദേശിച്ച പേരുകളില്‍ തടസ്സവാദമുന്നയിച്ചത് വലിയ വിവാദമായിരുന്നു. ന്യായാധിപര്‍ക്കിടയില്‍ അഴിമതി സാര്‍വത്രികമാണെന്നും കീഴാളനായതിനാല്‍ അവഹേളിക്കപ്പെടുന്നെന്നും ബോധ്യം വന്നപ്പോഴാണ് ഹയര്‍ ജുഡീഷ്യറിക്കുള്ളില്‍ നിന്ന് തന്നെ സി എസ് കര്ണന് പോര്‍മുഖം തുറന്നത്. അതില്‍ ചില അതിരുകടക്കലുകള്‍ ഉണ്ടായിട്ടുണ്ടെന്നത് ശരിയാണ്. പക്ഷേ, അരുതാത്ത പ്രവണതകള്‍ ഹയര്‍ ജുഡീഷ്യറിയെ അപകടകരമാം വിധം ഗ്രസിച്ചിരിക്കുന്നു എന്ന തിരിച്ചറിവിലാണ് ഒരുവേള തന്റെ മുമ്പിലെ ബാരിക്കേഡുകളെല്ലാം ചാടിക്കടന്ന് അദ്ദേഹം പ്രവര്‍ത്തിച്ചത്.
ന്യായാധിപരിലെ അഴിമതി ചൂണ്ടിക്കാട്ടി 2017 ജനുവരിയില്‍ പ്രധാനമന്ത്രിക്ക് ജസ്റ്റിസ് സി എസ് കര്ണന് കത്തയച്ചത് അദ്ദേഹത്തിന്റെ മാത്രമല്ല രാജ്യ ചരിത്രത്തിലെ തന്നെ അസാധാരണ സന്ദര്‍ഭമായി മാറി. അതോടെ സുപ്രീം കോടതി സ്വമേധയാ കോടതിയലക്ഷ്യ നടപടി തുടങ്ങി. തനിക്കെതിരെ പരമോന്നത നീതിപീഠം വാളോങ്ങിയപ്പോള്‍ സി എസ് കര്‍ണനും തിരിച്ചടിച്ചു. ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാര്‍ ഉള്‍പ്പെടെയുള്ള സുപ്രീം കോടതിയിലെ ഏഴ് ന്യായാധിപര്‍ക്കെതിരെ പട്ടികജാതി/ പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമപ്രകാരം അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ചു ജസ്റ്റിസ് സി എസ് കര്ണന്. അദ്ദേഹത്തിനെതിരായ കോടതിയലക്ഷ്യ കേസില്‍ 2017 മേയ് ഒമ്പതിന് ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ഏഴംഗ ബഞ്ച് വിധി പറഞ്ഞത് ആറ് മാസം തടവിന് വിധിച്ചുകൊണ്ടായിരുന്നു. അങ്ങനെ രാജ്യചരിത്രത്തില്‍ ആദ്യമായി ഒരു സിറ്റിംഗ് ജഡ്ജി കോടതിയലക്ഷ്യത്തിന് ശിക്ഷിക്കപ്പെട്ടു. വിധിക്ക് പിറകെ ജൂണ്‍ 12ന് അദ്ദേഹം ജുഡീഷ്യല്‍ സര്‍വീസില്‍ നിന്ന് രാജിവെച്ചു.
2016ല്‍ ജസ്റ്റിസ് സി എസ് കര്‍ണനെ കല്‍ക്കത്ത ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയത് വിവാദമായിരുന്നു. അതിനെതിരെ അദ്ദേഹം സ്റ്റേ സമ്പാദിക്കുകയും ചെയ്തു. വിരമിച്ചതിന് ശേഷവും അഴിമതിക്കെതിരായ പോരാട്ടങ്ങളില്‍ സി എസ് കര്ണന് നിറഞ്ഞുനിന്നു. 2018 മേയില്‍ ആന്റി കറപ്ഷന്‍ ഡൈനാമിക് പാര്‍ട്ടിക്ക് (എ സി ഡി പി) രൂപം നല്കി രാഷ്ട്രീയ രംഗത്തേക്കിറങ്ങി. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും വിജയിച്ചില്ല.
കോടതിയലക്ഷ്യത്തിന് ആറ് മാസം ശിക്ഷിക്കപ്പെട്ട സി എസ് കര്ണന് 2017 ഡിസംബറില്‍ ജയില്‍ മോചിതനായി. അദ്ദേഹത്തെ ശിക്ഷിക്കുക വഴി നീതിപീഠത്തിന് സ്വയം രക്ഷിക്കാനായെന്ന് സമാധാനിക്കാനായെങ്കിലും ചോദ്യങ്ങളേറെ ബാക്കിയാണിപ്പോഴും. കോടതിയലക്ഷ്യ നിയമം തന്നെയും ജനാധിപത്യവിരുദ്ധമാണെന്ന വിമര്‍ശനം പതിറ്റാണ്ടുകളായി നമ്മുടെ രാജ്യത്തുണ്ട്.
ബ്രിട്ടീഷ് രാജാവിന്റെ അധികാരം ചോദ്യം ചെയ്യപ്പെടരുതെന്നതായിരുന്നു കോടതിയലക്ഷ്യ നടപടികളുടെ അന്തസ്സത്ത. പ്രസ്തുത ആശയം കൊളോണിയലാണ്. രാജ്യത്ത് നിലവിലുള്ള കോടതിയലക്ഷ്യ നിയമം 1971ലേത് ആണെങ്കിലും അതില്‍ ഇന്ത്യന്‍ ജനാധിപത്യത്തിന് പൂര്‍ണ സമ്മതമില്ല. ബ്രിട്ടീഷുകാര്‍ തങ്ങളുടെ അധികാരം ചോദ്യംചെയ്യപ്പെടരുതെന്ന ഉദ്ദേശ്യത്തോടെ കൊണ്ടുവന്ന രാജ്യദ്രോഹക്കുറ്റത്തെയും ക്രിമിനല്‍ അപകീര്ത്തിയെയും ഇന്ത്യന്‍ ജനാധിപത്യം ഇപ്പോഴും പ്രശ്നവത്കരിക്കുന്നുണ്ടെങ്കില് അക്കൂട്ടത്തില്‍ കോടതിയലക്ഷ്യവുമുണ്ട്.
അതെന്തായാലും ജസ്റ്റിസ് സി എസ് കര്‍ണനെന്ന ദളിത് ന്യായാധിപനെ കോടതിയലക്ഷ്യത്തിന് ശിക്ഷിച്ച് തടവറയിലേക്കയച്ചു നാം. നിയമത്തിന്റെ കണ്ണില്‍ അത് ശരി തന്നെ. പക്ഷേ, അദ്ദേഹം നിരന്തരം കലഹിച്ചിരുന്ന തിന്മകള്ക്കെതിരെ ജുഡീഷ്യറി ഇപ്പോഴും മൗനത്തിലാണ്.
ഭരണഘടനാ കോടതികള്‍ ഉന്നത ജാതിക്കാരുടെ നിയന്ത്രണത്തിലാണ്. ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള ആളെ സുപ്രീം കോടതി ന്യായാധിപനായി ശിപാര്‍ശ ചെയ്യുമ്പോള്‍ അയാളുടെ പൂര്‍വ ജാതിയറിയാനാണ് ഭരണകൂടത്തിന് തിടുക്കം. ന്യായാധിപന്റെ താമസ സ്ഥലത്തു നിന്ന് കോടിക്കണക്കിന് രൂപയുടെ നോട്ടുകെട്ടുകള്‍ കണ്ടെടുക്കുന്ന നിലയില്‍ ജുഡീഷ്യറിയിലെ അഴിമതി അങ്ങാടി വാണിഭം കണക്കെയായിരിക്കുന്നു. അപ്പോഴും ജസ്റ്റിസ് കര്‍ണനെ ശിക്ഷിച്ച വ്യവസ്ഥിതിക്ക് ഒന്നിനും മറുപടിയില്ല. ഒന്നും നേരെയാകുന്ന ലക്ഷണം പ്രകടവുമല്ല.
Content Highlights: Justice CS Karnan, who made history as the first sitting judge sentenced to imprisonment for contempt of court, has passed away. He fiercely fought against caste discrimination and corruption within the higher judiciary throughout his tenure. Despite facing severe backlash and legal action, his rebellious stance continues to spark debates on judicial accountability and colonial-era laws in India.




