Home rss national malayalam പുതിയ വാർത്ത ജനറല്‍ മിര്‍സ ഫഖ്റുല്‍ ഇസ്‌ലാം ആലംഗിര്‍ ബംഗ്ലാദേശിന്റെ പുതിയ പ്രസിഡന്റ്; സത്യപ്രതിജ്ഞ നാളെ

ജനറല്‍ മിര്‍സ ഫഖ്റുല്‍ ഇസ്‌ലാം ആലംഗിര്‍ ബംഗ്ലാദേശിന്റെ പുതിയ പ്രസിഡന്റ്; സത്യപ്രതിജ്ഞ നാളെ

4
0

Source :- SIRAJLIVE NEWS

ധാക്ക | ബംഗ്ലാദേശിന്റെ പുതിയ പ്രസിഡന്റായി ജനറല്‍ മിര്‍സ ഫഖ്റുല്‍ ഇസ്‌ലാം ആലംഗിര്‍ തിരഞ്ഞെടുക്കപ്പെട്ടു. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (ബി എന്‍ പി) മുന്‍ സെക്രട്ടറിയാണ് രാജ്യത്തിന്റെ 23-ാമത് പ്രസിഡന്റാകുന്ന ആലംഗിര്‍. സത്യപ്രതിജ്ഞ നാളെ നടക്കും.

രാജ്യത്തിന്റെ പാര്‍ലിമെന്റായ ‘ജാതിയ സംസദി’ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ 255 വോട്ടുകള്‍ നേടിയാണ് ആലംഗിര്‍ വിജയിച്ചത്. തീവ്ര വലതുപക്ഷ പാര്‍ട്ടിയായ ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമിയും രാജ്യത്തെ വിദ്യാര്‍ഥി നേതൃത്വത്തിലുള്ള ആദ്യത്തെ പ്രധാന രാഷ്ട്രീയ പാര്‍ട്ടിയായ നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടിയും (എന്‍ സി പി) ഉള്‍പ്പെടുന്ന 11 കക്ഷി പ്രതിപക്ഷ സഖ്യത്തിന്റെ പിന്തുണയോടെ മത്സരിച്ച ഒലി അഹമ്മദിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. ഒലി അഹമ്മദിന് 88 വോട്ടുകള്‍ ലഭിച്ചു.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ എസ് എം നാസിറുദ്ദീന്റെ മേല്‍നോട്ടത്തില്‍ പ്രാദേശിക സമയം ഉച്ചക്ക് രണ്ട് മുതല്‍ ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് അഞ്ച് വരെ നീണ്ടു. ആകെ 343 പാര്‍ലിമെന്റ് അംഗങ്ങള്‍ വോട്ട് രേഖപ്പെടുത്തി. കഴിഞ്ഞ 35 വര്‍ഷത്തിനിടെ ബംഗ്ലാദേശ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഒന്നിലധികം സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നത് ഇതാദ്യമായാണ്. മുന്‍ തിരഞ്ഞെടുപ്പുകളില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നില്ല. അതിനാല്‍ മത്സരരംഗത്ത് ഒരൊറ്റ സ്ഥാനാര്‍ഥി മാത്രമാണുണ്ടായിരുന്നത്.

കഴിഞ്ഞാഴ്ച ബി എന്‍ പി തങ്ങളുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി ആലംഗിറിനെ നാമനിര്‍ദേശം ചെയ്യുകയായിരുന്നു. സെക്രട്ടേറിയറ്റിലെ ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ഓഫീസിന് സമീപം ചേര്‍ന്ന പാര്‍ട്ടി നാഷണല്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗത്തിന് ശേഷമാണ് ബി എന്‍ പി സീനിയര്‍ ജോയിന്റ് സെക്രട്ടറി ജനറല്‍ റുഹുല്‍ കബീര്‍ റിസ്വി ആലംഗിറിന്റെ നാമനിര്‍ദേശം പ്രഖ്യാപിച്ചത്. ബംഗ്ലാദേശ് പ്രധാനമന്ത്രിയുമായും ബി എന്‍ പി ചെയര്‍മാന്‍ താരിഖ് റഹ്മാനുമായും നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമായിരുന്നു തീരുമാനം. നാമനിര്‍ദേശത്തിന് പിന്നാലെ, ബി എന്‍ പി സെക്രട്ടറി ജനറല്‍ സ്ഥാനത്തു നിന്നും പാര്‍ട്ടിയിലെ നാഷണല്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗത്വത്തില്‍ നിന്നും ആലംഗിര്‍ രാജിവെച്ചു.

Content Highlights: BNP leader Mirza Fakhrul Islam Alamgir has been elected as the 23rd President of Bangladesh following a parliamentary vote in Dhaka. He secured victory in the country’s presidential election after defeating his opponent in parliament. The newly elected President is scheduled to take oath tomorrow.