Source :- SIRAJLIVE NEWS
കൊച്ചി | അനധികൃത സ്വത്തുസമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട് ജാമ്യത്തിലിറങ്ങിയ മുന്‍ ഡി ജി പി. ടോമിന് ജെ തച്ചങ്കരി വിദേശത്തുപോയി ജോലി ചെയ്യാന്‍ അനുമതി തേടി നല്കിയ ഹരജിയില്‍ രൂക്ഷ വിമര്‍ശനവും പരിഹാസവുമായി ഹൈക്കോടതി. ജയിലില്‍ കഴിയുമ്പോള്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് കാട്ടുകയും, ജാമ്യം ലഭിച്ചയുടന്‍ വിദേശത്തേക്ക് ജോലിക്കായി പോകാന്‍ അനുമതി തേടുകയും ചെയ്യുന്ന നിലപാടിലെ വൈരുധ്യത്തെ കോടതി ചോദ്യം ചെയ്തു. ജസ്റ്റിസ് എ ബദറുദ്ധീന്റെ ബഞ്ചാണ് ഹരജി പരിഗണിച്ചത്.
ജയിലിലാകുമ്പോള്‍ രോഗിയാണെന്നും ആശുപത്രിയില്‍ കഴിയണമെന്നും പറയുന്നവര്‍ പുറത്തിറങ്ങിയാല്‍ അമേരിക്കയിലോ സഊദി അറേബ്യയിലോ പോകണമെന്ന് ആവശ്യപ്പെടുന്നത് എങ്ങനെ ന്യായീകരിക്കാനാകുമെന്ന് ജസ്റ്റിസ് ബദറുദ്ധീന്‍ ചോദിച്ചു. ജയിലില്‍ പോകുമ്പോള്‍ ഗുരുതര രോഗവും പുറത്തിറങ്ങിയാല്‍ വിദേശയാത്രയും എന്ന രീതി അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. ജാമ്യാപേക്ഷയില്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉന്നയിച്ച ഒരാള്‍ക്ക് വിദേശത്ത് പോയി ജോലി ചെയ്യാനുള്ള ശാരീരികക്ഷമത ഉണ്ടോയെന്ന് കോടതി സംശയം പ്രകടിപ്പിച്ചു. തച്ചങ്കരി റിമാന്‍ഡില്‍ തടവില്‍ കഴിഞ്ഞ ഏകദേശം നാലാഴ്ചക്കാലയളവില് പൂജപ്പുര സെന്‍ട്രല്‍ ജയില്‍ ആശുപത്രിയില്‍ എത്ര ദിവസം ചികിത്സയില്‍ കഴിഞ്ഞു, ഏതെല്ലാം രോഗങ്ങള്‍ക്കായിരുന്നു ചികിത്സ നല്‍കിയത് തുടങ്ങിയ വിവരങ്ങള്‍ അടങ്ങിയ വിശദമായ മെഡിക്കല്‍ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ജയില്‍ സൂപ്രണ്ടിനോട് കോടതി ആവശ്യപ്പെട്ടു. കേസ് ഈ മാസം ആറിലേക്ക് വീണ്ടും പരിഗണിക്കാന്‍ മാറ്റി.
ദുബൈയിലെ ഐ ടി കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തില്‍ പങ്കാളിയാണെന്നും ജോലിയില്‍ പ്രവേശിക്കുന്നതിനായി ജാമ്യവ്യവസ്ഥകളില്‍ ഇളവ് നല്കി വിദേശയാത്രാ വിലക്ക് നീക്കണമെന്നുമാണ് തച്ചങ്കരിയുടെ ആവശ്യം. അനധികൃത സ്വത്തുസമ്പാദന കേസില്‍ നാല് വര്‍ഷത്തെ കഠിനതടവിന് ശിക്ഷിക്കപ്പെട്ട തച്ചങ്കരിയുടെ ശിക്ഷ കഴിഞ്ഞ ഒക്ടോബര്‍ 15-നാണ് ഹൈക്കോടതി മരവിപ്പിച്ചത്. തുടര്‍ന്ന് ജാമ്യം അനുവദിച്ചപ്പോള്‍ രാജ്യം വിട്ടുപോകരുതെന്ന കര്‍ശന വ്യവസ്ഥ കോടതി ഏര്‍പ്പെടുത്തിയിരുന്നു.
Content Highlights: The High Court slammed Tomin Thachankary for claiming severe illness while in jail but living comfortably once out. The court expressed strong displeasure over such health claims during imprisonment. Details regarding the observation were reported during the hearing on his case.



