Source :- SIRAJLIVE NEWS
ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ ആവേശത്തോടെ അവതരിപ്പിക്കുന്ന കണക്കുകളെ മുന്‍ ധനകാര്യ സെക്രട്ടറി സുഭാഷ് ഗാര്‍ഗ്, റിസര്‍വ് ബേങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ തുടങ്ങിയ സാമ്പത്തിക വിദഗ്ധരും പ്രതിപക്ഷവും ചോദ്യം ചെയ്തു വരുന്നു. 2026 വര്‍ഷത്തെ രണ്ടാംപാദത്തില്‍ (ഏപ്രില്‍- ജൂണ്‍) ജി ഡി പിയില്‍ 7.8 ശതമാനം വളര്‍ച്ചാ നിരക്ക് നേടിയെന്നാണ് സര്‍ക്കാര്‍ അവകാശവാദം. “ഹെര്‍ക്കുലിയന്‍ നേട്ടം’ എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി “വളര്‍ച്ച’യെ വിശേഷിപ്പിച്ചത്.
എന്നാല്‍ സര്‍ക്കാര്‍ കാണിക്കുന്ന ജി ഡി പി വളര്‍ച്ചയും രാജ്യത്തിന്റെ യഥാര്‍ഥ സാമ്പത്തിക സ്ഥിതിയും തമ്മില്‍ വലിയ അന്തരമുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പക്ഷം. കഴിഞ്ഞ വര്‍ഷത്തെ രണ്ടാം പാദത്തിലെ വളര്‍ച്ചാ നിരക്ക് മാറ്റിത്തിരുത്തിയാണ് ഈ വര്‍ഷത്തെ കണക്ക് പെരുപ്പിച്ചു കാണിക്കുന്നതെന്ന് സുഭാഷ് ഗാര്‍ഗ് പറയുന്നു. കഴിഞ്ഞ വര്‍ഷത്തെ ജി ഡി പി നടപ്പുവിലയില്‍ ആദ്യം കണക്കാക്കിയിരുന്നത് ഏകദേശം 86 ലക്ഷം കോടി രൂപയായിരുന്നു. ഈ വര്‍ഷത്തെ വളര്‍ച്ച പെരുപ്പിച്ചു കാണിക്കാനായി സര്‍ക്കാര്‍ അത് 80 ലക്ഷം കോടി രൂപയായി തിരുത്തുകയായിരുന്നു. യഥാര്‍ഥ ജി ഡി പി വളര്‍ച്ചാ നിരക്ക് 2.6 ശതമാനം മാത്രമാണെന്നാണ് സുഭാഷ് ഗാര്‍ഗിന്റെ വിലയിരുത്തല്‍. ഒരു ഇംഗ്ലീഷ് ചാനലില്‍ നടന്ന ചര്‍ച്ചയിലാണ് സര്‍ക്കാര്‍ കണക്കുകളിലെ കൃത്രിമത്വം അദ്ദേഹം പുറത്തുകൊണ്ടുവന്നത്.
രഘുറാം രാജന്റെ അഭിപ്രായത്തില്‍ തൊഴില്‍ വളര്‍ച്ച, സ്വകാര്യ കോര്‍പറേറ്റ് നിക്ഷേപത്തിലെ വര്‍ധന, വിദേശ നിക്ഷേപത്തിലെ വളര്‍ച്ച തുടങ്ങിയവയെ ആധാരമാക്കിയാണ് ജി ഡി പി വളര്‍ച്ച കണക്കാക്കേണ്ടത്. ഏതൊരു സമ്പദ് വ്യവസ്ഥയുടെയും അളവുകോലില്‍ ജനങ്ങള്‍ക്ക് നല്‍കുന്ന ജീവിതമാര്‍ഗം മുഖ്യഘടകമാണ്. ഇക്കാര്യത്തില്‍ പാടേ പരാജയമാണ് എന്‍ ഡി എ ഭരണം. രാജ്യത്തെ തൊഴില്‍ വളര്‍ച്ചാ നിരക്ക് അടിക്കടി വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. അഭ്യസ്തവിദ്യരായ ദശലക്ഷക്കണക്കിനു യുവാക്കള്‍ക്ക് അനുയോജ്യമായ ജോലി നല്‍കാന്‍ നിലവിലെ സമ്പദ് വ്യവസ്ഥക്ക് കഴിയുന്നില്ല. ഏറ്റവും കൂടുതല്‍ തൊഴില്‍ നല്‍കേണ്ട നിര്‍മാണ മേഖല അതീവ മന്ദഗതിയിലാണ്.
രാജ്യം വന്‍തോതില്‍ സാമ്പത്തിക വളര്‍ച്ച കൈവരിക്കുന്നുണ്ടെങ്കില്‍ സ്വാഭാവികമായും സ്വകാര്യ വ്യവസായികള്‍ പുതിയ പദ്ധതികളില്‍ നിക്ഷേപം നടത്താനും മുന്നോട്ടു വരും. നിലവില്‍ പക്ഷേ കോര്‍പറേറ്റ് മേഖല പുതിയ നിക്ഷേപങ്ങള്‍ക്ക് തയ്യാറാകുന്നില്ല. രാജ്യത്തെ ഉപഭോഗ ശേഷിയുടെ ഇടിവാണ് കാരണം. സാധാരണക്കാരന്റെയും ഇടത്തരക്കാരുടെയും കൈകളില്‍ ചെലവഴിക്കാന്‍ പണമില്ലാതെ വരുമ്പോഴാണ് ഉപഭോഗ ശേഷി കുറയുന്നത്. ഇതാണ് പുതിയ നിക്ഷേപം ഇറക്കുന്നതില്‍ നിന്ന് സമ്പന്നരെ പിന്തിരിപ്പിക്കുന്നത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വിദേശ നിക്ഷേപവും കുറവാണ്. നയപരമായ അനിശ്ചിതത്വവും ആഗോള പ്രതിസന്ധികളും കാരണം വിദേശ കമ്പനികള്‍ ഇന്ത്യയില്‍ ദീര്‍ഘകാല നിക്ഷേപത്തിനു മടിക്കുന്നു. മാത്രമല്ല, വിദേശ നിക്ഷേപകര്‍ വന്‍തോതില്‍ പണം പിന്‍വലിച്ചു കൊണ്ടിരിക്കുകയുമാണ്.
സര്‍ക്കാര്‍ കണക്കുകളിലല്ല, ജനങ്ങളുടെ ജീവിത രീതിയിലാണ് രാജ്യത്തെ സമ്പദ് വ്യവസ്ഥാ വളര്‍ച്ച പ്രതിഫലിക്കേണ്ടത്. രഘുറാം രാജനെ പോലുള്ള അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ട സാമ്പത്തിക വിദഗ്ധര്‍ ഉയര്‍ത്തിയ വിമര്‍ശങ്ങളെ ശരിവെക്കുന്ന തരത്തിലാണ് ജനങ്ങളില്‍ ഭൂരിഭാഗത്തിന്റെയും ജീവിതം. ദുഷ്‌കരമായ അവസ്ഥയിലൂടെയാണ് അവര്‍ ജീവിതം മുന്നോട്ടുകൊണ്ടു പോകുന്നത്. ഇന്ധനവില വര്‍ധനയുടെ പ്രത്യാഘാതം അടുക്കള മുതല്‍ ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും വരെ പ്രതിഫലിക്കുന്നു. ഇന്ധന വിലയിലുണ്ടാകുന്ന ചെറിയ വര്‍ധന പോലും വിപണിയിലെ സമസ്ത മേഖലകളെയും ചങ്ങല പോലെ ബാധിക്കും.
മരുന്നുകളുടെയും നിത്യോപയോഗ സാധനങ്ങളുടെയും അനിയന്ത്രിതമായ വിലവര്‍ധനവാണ് ജനങ്ങളെ ദുരിതത്തിലാക്കുന്ന മറ്റൊരു പ്രധാന ഘടകം. ഇതോടൊപ്പം ബസ്, ട്രെയിന്‍, ഓട്ടോ യാത്രാ കൂലിയിലുണ്ടായ വര്‍ധന അനുദിന ജീവിതച്ചെലവുകള്‍ കുത്തനെ ഉയര്‍ത്തുകയും ചെയ്യുന്നു.
സാമ്പത്തിക വളര്‍ച്ചാ നിരക്ക് പെരുപ്പിച്ചു കാണിക്കുന്നതിനായി മോദി സര്‍ക്കാര്‍, അധികാരത്തിലേറിയതിന്റെ തൊട്ടടുത്ത വര്‍ഷം തന്നെ അതിന്റെ നിര്‍ണയ രീതിയില്‍ മാറ്റം വരുത്തിത്തുടങ്ങിയിട്ടുണ്ട്. 2015ല്‍ സര്‍ക്കാര്‍ ജി ഡി പി കണക്കാക്കാനുള്ള അടിസ്ഥാന വര്‍ഷം 2004-05ല്‍ നിന്ന് 2011-12ലേക്ക് മാറ്റി. ഇതോടൊപ്പം ‘ഫാക്ടര്‍ കോസ്റ്റ്’ (ഉത്പാദനച്ചെലവ്) അടിസ്ഥാനമാക്കി കണക്കാക്കിയിരുന്ന രീതിക്കു പകരം വിപണിവിലയെ അടിസ്ഥാനമാക്കിയുള്ള രീതി അംഗീകരിച്ചു. ഇത് പെട്ടെന്ന് രാജ്യത്തെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് ഉയര്‍ത്തിക്കാട്ടാന്‍ ഇടയാക്കി.
കേന്ദ്ര സര്‍ക്കാറിന്റെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന അരവിന്ദ് സുബ്രഹ്മണ്യന്‍ ഈ കണക്കുകളിലെ അപാകത പരസ്യമായി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സര്‍ക്കാര്‍ അവകാശവാദ പ്രകാരം 2011 മുതല്‍ 2017 വരെയുള്ള കാലയളവില്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് ഏഴ് ശതമാനമാണ്. യഥാര്‍ഥത്തില്‍ ഇത് 4.5 ശതമാനം മാത്രമാണെന്ന് അരവിന്ദ് സുബ്രഹ്മണ്യന്‍ വ്യക്തമാക്കുന്നു. ഇന്ത്യയുടെ ഡാറ്റാ വിശ്വസ്തതയില്‍ അന്താരാഷ്ട്ര നാണയ നിധി (ഐ എം എഫ്) തന്നെ സംശയം പ്രകടിപ്പിക്കുകയും ഇന്ത്യയില്‍ നിന്നുള്ള ഔദ്യോഗിക സാമ്പത്തിക സ്ഥിതിവിവരങ്ങളുടെ വിശ്വാസ്യത ഐ എം എഫ് ലിസ്റ്റിംഗ് ബി ഗ്രേഡില്‍ നിന്ന് സി ഗ്രേഡിലേക്ക് താഴ്ത്തുകയും ചെയ്തു.
ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതും ദാരിദ്ര്യനിര്‍മാര്‍ജനത്തിനും എല്ലാവര്‍ക്കും തുല്യാവസരം ഉറപ്പാക്കാനും സഹായകവുമായിരിക്കണം സാമ്പത്തിക വളര്‍ച്ച. രാജ്യത്തിന്റെ യഥാര്‍ഥ അവസ്ഥക്കു നേരെ കണ്ണടക്കാതെ അത് പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമ്പോള്‍ മാത്രമാണ് ശക്തവും സുസ്ഥിരവുമായ സാമ്പത്തിക ശക്തിയായി ഇന്ത്യ വളരുകയുള്ളൂ. ജി ഡി പി നിരക്കിലെ കണക്കുകളിലെ കളിയല്ല ജനങ്ങള്‍ക്ക്, വിശിഷ്യാ പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും ആവശ്യം; മെച്ചപ്പെട്ട ജീവിതമാണ്.
Content Highlights:
Former Finance Secretary Subhash Garg and former RBI Governor Raghuram Rajan questioned the central government’s GDP growth figures. Economists point out that the real economic state differs significantly from official statistics due to high unemployment and reduced foreign investments. Experts emphasize that genuine economic growth should reflect in public living standards rather than manipulated figures.




