Home rss national malayalam പുതിയ വാർത്ത ഡിജിറ്റൽ സർവേ: ഭൂമി അളക്കൽ നിർത്തി

ഡിജിറ്റൽ സർവേ: ഭൂമി അളക്കൽ നിർത്തി

4
0

Source :- SIRAJLIVE NEWS

കണ്ണൂർ | സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് 3,300ഓളം കരാർ ജീവനക്കാരെ ഒഴിവാക്കിയതിന് പിന്നാലെ ഡിജിറ്റൽ സർവേ പദ്ധതിയുടെ തുടർപ്രവർത്തനങ്ങൾ താളംതെറ്റി. സർവേയുടെ ഭാഗമായുള്ള ഭൂമി അളക്കൽ പ്രവൃത്തി നിർത്തിവെച്ചു. വകുപ്പിലെ സർവേയർമാരെ ഉപയോഗിച്ച് സർവേ തുടരുമെന്ന് നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും കരാർ ജീവനക്കാർ ഇല്ലാതായതോടെ ഭൂമി അളക്കൽ ഉൾപ്പെടെ നിർത്തിവെക്കുകയായിരുന്നു. നൂറുദിന കർമപരിപാടിയിൽ തീർപ്പാക്കാൻ സർക്കാർ നിർദേശിച്ച റീസർവേ പരാതികളുടെ പരിഹാരനടപടികൾ മാത്രമാണ് ഇപ്പോൾ നടക്കുന്നത്. പിരിച്ചുവിടാതെ നിലനിർത്തിയ കരാർ ജീവനക്കാരെ കൂടി ഉപയോഗിച്ചാണ് പരാതിപരിഹാരം നടത്തുന്നത്. നൂറുദിന കർമപദ്ധതി തീരുന്ന ഒക്ടോബർ ഒമ്പത് വരെ മാത്രമേ ഇവരെയും നിലനിർത്തുകയുള്ളൂ. ഡിജിറ്റൽ സർവേക്കായി ആരംഭിച്ച ക്യാമ്പ് ഓഫീസുകളുടെ പ്രവർത്തനം നേരത്തേ അവസാനിപ്പിച്ചിരുന്നു. ഡിജിറ്റൽ സർവേയിൽ ഇനി താത്കാലിക്കാർ വേണോയെന്നതിൽ തീരുമാനം കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ഫണ്ട് കിട്ടുന്നതിനെ ആശ്രയിച്ചിരിക്കും. സർവേ നടത്തേണ്ട 1,550 വില്ലേജുകളിൽ 839 ഇടത്താണ് സർവേ തുടങ്ങിയത്. 711 വില്ലേജുകളിൽ ഇനിയും തുടങ്ങിയിട്ടില്ല. 858 കോടി ചെലവ് കണക്കാക്കിയ പദ്ധതിയിൽ ഇതുവരെ 10.42 ലക്ഷം ഹെക്ടർ ഭൂമിയാണ് അളന്നത്.

അതേസമയം, പ്രതിഷേധങ്ങൾക്കും നിവേദനങ്ങൾക്കുമൊടുവിൽ പിരിച്ചുവിടപ്പെട്ട ഡിജിറ്റൽ സർവേ കരാർ ജീവനക്കാർക്ക് 15 ദിവസത്തെ വേതനം ലഭിച്ചു. ശമ്പള കുടിശ്ശിക ഉടൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാരുടെ കൂട്ടായ്മ റവന്യൂവകുപ്പിന് നിവേദനം നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് കഴിഞ്ഞദിവസം ഇവരുടെ അക്കൗണ്ടിലേക്ക് 15 ദിവസത്തെ വേതനമെത്തിയത്. എന്നാൽ ബാക്കിയുള്ള നാല് മാസത്തെ വേതനം എന്ന് ലഭിക്കുമെന്ന് ഒരു ഉറപ്പും അധികൃതർ നൽകിയിട്ടില്ല. ജീവനക്കാർ വിടുതൽ സർട്ടിഫിക്കറ്റിനായി സർവേ സൂപ്രണ്ടിന് അപേക്ഷ സമർപ്പിച്ചിട്ട് രണ്ടാഴ്ചയായെങ്കിലും നൽകാന്‍ നടപടിയായിട്ടില്ല. സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ മാത്രമേ ഇവർക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന പുതിയ ജോലിയിൽ പ്രവേശിക്കാനാകൂ. കരാർ കാലാവധി കഴിഞ്ഞെന്നറിയിച്ച് കഴിഞ്ഞമാസം 31നാണ് ജീവനക്കാരെ സർക്കാർ ഒഴിവാക്കിയത്. മുൻകൂർ അറിയിപ്പൊന്നുമില്ലാതെയാണ് കരാർ അവസാനിച്ചതായുള്ള കത്ത് നൽകിയത്. സർവേയർ, ഹെൽപർ തസ്തികയിൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന 179 ദിവസത്തേക്കാണ് ഇവരെ നിയമിച്ചത്.

സർവേയർക്ക് 24,520 രൂപയും ഹെൽപർമാർക്ക് 18,390 രൂപയുമായിരുന്നു വേതനം. സർവേ നടപടികൾക്കായി വാഹനം ഓടുന്നവർക്കും ഇന്ധനച്ചെലവുൾപ്പെടെ കുടിശ്ശികയാണ്. പദ്ധതിയുടെ ഒന്നാംഘട്ടത്തിനായി റീബിൽഡ് കേരള ഇനീഷ്യേറ്റീവ് മുഖാന്തരം അനുവദിച്ച 453.71 കോടിയിൽ കരാർ ജീവനക്കാരുടെ വേതനവിഭാഗത്തിലെ തുക 2025-26 സാമ്പത്തികവർഷം പൂർണമായും ചെലവഴിച്ചുവെന്നാണ് പറയുന്നത്. 2026-27 സാമ്പത്തിക വർഷത്തെ ആവശ്യങ്ങൾക്കായി ഫണ്ട്് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെ ലഭ്യമായിട്ടില്ലെന്നും സർവേ വിഭാഗം പറയുന്നുണ്ട്.

Content Highlights: Digital survey operations in Kerala came to a complete halt after nearly 3300 contract employees were terminated due to severe financial constraints. Only re-survey complaint resolutions under the 100-day program are functioning. Terminated staff recently received 15 days of pending wages.