Source :- SIRAJLIVE NEWS

തിരുവനന്തപുരം |  സംഘര്‍ഷത്തിനിടെ പതിനേഴുകാരന്‍ കൊല്ലപ്പെട്ടു. പെരിങ്ങമല സ്വദേശി ശിവസൂര്യയാണ് മരിച്ചത്. സംഭവത്തില്‍ രണ്ട് സുഹൃത്തുക്കളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അജിത്, കാര്‍ത്തിക് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇരുവരും ചേര്‍ന്നാണ് ശിവസുര്യയെ ആശുപത്രിയില്‍ എത്തിച്ചത്. ശരീരമാസകലം പരുക്കേറ്റ നിലയിലാണ് പതിനേഴുകാരനെ ആശുപത്രിയില്‍ കൊണ്ടുവന്നത്. മെഡിക്കല്‍ കോളേജിലേക്ക് മാറ്റുമ്പോഴേക്കും മരണം സംഭവിച്ചു.

ലഹരിപ്പുറത്തുണ്ടായ സംഘര്‍ഷത്തിനിടെയാണ് 17കാരന്‍ കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. പൊന്നുമൂട് ജംഗ്ഷനില്‍വെച്ച് ഇവര്‍ സംഘര്‍ഷത്തില്‍ ഏര്‍പ്പെടുകയായിരുന്നു. ഇതിനിടെ ശിവസൂര്യ ചില്ല് ഗ്ലാസിന് പുറത്തേക്ക് വീഴുകയായിരുന്നു. ചില്ലുകള്‍ ശരീരത്തില്‍ കുത്തിക്കയറിയാണ് മരണം സംഭവിച്ചതെന്നാണ് വിവരം. കൊലപാതകമാണോയെന്ന് പോലീസ് പരിശോധിച്ചുവരികയാണ്. സമീപത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.