Source :- SIRAJLIVE NEWS

ന്യൂഡല്‍ഹി | പശ്ചിമബംഗാളില്‍ മമത ബാനര്‍ജിയെ കൈവിട്ട് തൃണമൂല്‍ എം പി മാര്‍ കൂട്ടത്തോടെ ബി ജെ പിയില്‍ ചേര്‍ന്നേക്കുമെന്നു സൂചന. ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിക്കൊപ്പം ഇവര്‍ ഉടന്‍ ബി ജെ പി ദേശീയ അധ്യക്ഷനെ കാണുമെന്നാണ് സൂചന.

തൃണമൂലിന്റെ ആകെ 42 എം പിമാരില്‍ ഇരുപതോളം പേര്‍ ബി ജെ പി നേതൃത്വവുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നാണു വിവരം. ലോക്‌സഭയിലെ 29 ഉം രാജ്യസഭയിലെ 13 ഉം എം പിമാരില്‍ ഇരുപതോളം പേരാണ് ബി ജെ പിയിലേക്ക് കൂടുമാറുക. എം എല്‍ എ മാര്‍ക്കു പിന്നാലെ എം പി മാരുടെ കൂട്ട കൂടുമാറ്റം ഒഴിവാക്കാന്‍ വൈകാരിക തന്ത്രവുമായി മമത രംഗത്തിറങ്ങി. പ്രതിസന്ധി ഘട്ടത്തില്‍ തന്നെ കൈവിടരുതെന്നുംകൂടെ നില്‍ക്കണമെന്നും അഭ്യര്‍ഥിച്ച് എം പിമാരെ വിളിച്ചുകൂട്ടാന്‍ മമത നടത്തിയ ശ്രമങ്ങളും പരാജയപ്പെട്ടു. ഇന്നു വീട്ടില്‍ വിളിച്ച യോഗത്തില്‍ പങ്കെടുത്തത് ഏഴ് എം എല്‍ മാരും നാല് എം പിമാരും മാത്രമാണ്.

നിയമസഭയില്‍ 59 എം എല്‍ എമാരുടെ പിന്തുണയോടെ ഋതബ്രത ബാനര്‍ജി പ്രതിപക്ഷ നേതാവായി ചുമതലയേറ്റതിന് പിന്നാലെയാണ് എം പി മാര്‍ കൂട്ടത്തോടെ ബി ജെ പി പക്ഷത്തേക്കു നീങ്ങുന്നത്. തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ് നേരിടുന്ന പ്രതിസന്ധി പാര്‍ട്ടിയുടെ സര്‍വനാശത്തില്‍ കലാശിക്കുമെന്നാണു വിലയിരുത്തപ്പെടുന്നത്.