Source :- SIRAJLIVE NEWS
ജക്കാർത്തയിൽ വരുന്നവർക്ക് തനി നാടൻ ദ്വീപ് ജീവിതം അനുഭവിക്കാൻ കഴിയുന്ന പ്രദേശമാണ് പുലാവു സെറിബു, അഥവാ ആയിരം ദ്വീപുകൾ. തൗസൻഡ് ഐലൻഡ് എന്ന് വിദേശികൾ വിളിക്കും. പതിനേഴായിരം ദ്വീപുകൾ ചേർന്ന ആർക്കിപെലഗോ ആണെങ്കിലും ഇന്തോനേഷ്യയിലെ പ്രധാന ദ്വീപുകളിലൊന്നും ഐലൻഡ് കൾച്ചർ അനുഭവപ്പെടില്ല. എന്നാൽ മുക്കുവന്മാരും ചെറുകിട കച്ചവടക്കാരുമാണ് പ്രധാനമായും സെറിബു ദ്വീപുകളിൽ അധിവസിക്കുന്നത്.
പാക്കേജ് എടുത്താണ് ഞങ്ങൾ പോകുന്നത്. മുവാറ അങ്കെ പോർട്ടിൽ നിന്നാണ് കപ്പൽ. ടൂറിസ്റ്റുകളാണ് കൂടുതൽ. യു എ ഇയിൽ നിന്നുള്ള മലയാളി സുഹൃത്തുക്കൾക്കൊപ്പമാണ് ഈ കന്നി സെറിബു യാത്ര. യാത്രാമധ്യേ ഒരുപാട് കൊച്ചു ദ്വീപുകൾ കാണാം. രാജ്യത്തെ രാഷ്ട്രീയ പ്രമുഖരും ബിസിനസ്സ് സാമ്രാട്ടുകളും സ്വന്തമാക്കിയ പ്രൈവറ്റ് ദ്വീപുകൾ ഒരുപാട് കണ്ടു. ഇപ്പോഴത്തെ പ്രസിഡന്റ് പ്രബോവോയുടെ ഉടമസ്ഥതയിലുള്ള ദ്വീപും മീറ്റിംഗ് പോയിന്റായി വർത്തിക്കാനുതകും വിധത്തിൽ തയാറാക്കിയെടുത്ത കെട്ടിടങ്ങളും അത്ഭുതത്തോടെയാണ് നിരീക്ഷിച്ചത്. വമ്പൻ സ്രാവുകൾക്കിടയിലെ സുപ്രധാന ഡീലുകൾക്ക് ഇത്തരം റിമോട്ട് സ്‌പേസുകൾ ആണല്ലോ വേദിയാകുക.
കടലിൽ തൂണിറക്കി മുകളിൽ പട്ടികയടിച്ച് നിർമിക്കുന്ന വീടുകളിലാണ് താമസം. കടലിനോട് ചേർന്ന് പണികഴിപ്പിച്ച വീടുകളെല്ലാം ഇങ്ങനെയാണ്. വിവിധയിനം മത്സ്യങ്ങൾ ഒറ്റയായും കൂട്ടമായും എപ്പോഴും വീടിനടിയിലൂടെ നീന്തുന്നത് കാണാം. സ്‌നോർക്കലിംഗിന് മുമ്പേ ഒരു മിനി സ്‌നിർക്കലിംഗ് അനുഭവം.
സ്‌നോർക്കലിംഗും ബീച്ച് എക്‌സ്പീരിയൻസും കഴിഞ്ഞ് ബാർബിക്യൂവിന് വേണ്ടി വെയിറ്റ് ചെയ്തു. പകൽ മറ്റൊരു ബോട്ടിൽ ഫിഷിംഗിന് പോയി. ഇതുവരെ കണ്ടിട്ടില്ലാത്ത മീനുകൾ ചൂണ്ടയിൽ കുരുങ്ങുമ്പോൾ വല്ലാത്തൊരു കൗതുകം. മസാലകൾ തീരെ ഉപയോഗിക്കാതെ അല്ലെങ്കിൽ വളരെ പരിമിതമായി ഉപയോഗിച്ചതാണ് ഇവരുടെ മീൻ വിഭവങ്ങൾ. മീനിന്റെ തൊലിയും തലയും വാലും പച്ചമണത്തോടൊപ്പം കഴിക്കാം.
ബുക്ക് ചെയ്ത കപ്പലിൽ തിരികെ പോയാൽ ഫ്ലൈറ്റ് കിട്ടുമോ എന്ന സംശയത്തിൽ മറ്റൊരു ലോക്കൽ ഫെറിയിലാണ് തിരികെ ജക്കാർത്തയിലേക്ക് പോയത്. ഞങ്ങൾ നാലുപേരൊഴികെ എല്ലാവരും നാട്ടുകാർ തന്നെ. നാല് ഭാഗത്ത് നിന്നും കടൽക്കാറ്റ് കിട്ടുന്നുണ്ട്. കൈയിലുള്ള വെള്ളമൊക്കെ കഴിഞ്ഞു. നാട്ടുകാരോട് സൊറ പറഞ്ഞും കപ്പലിന്റെ മുകളിൽ കയറി കിടന്നും നാല് മണിക്കൂർ കൊണ്ട് കരക്കെത്തി. ഇന്തോനേഷ്യ ഞങ്ങൾ വിദേശികൾക്ക് സമ്മാനിച്ച മനോഹരമായൊരു കപ്പൽജീവിതം.
Content Highlights:
Pulau Seribu offers an authentic island living experience near Jakarta with local fishermen and vibrant marine life. The journey from Muara Angke port features private islands, thrilling snorkeling, and unique local seafood. Returning via a local ferry provided an unforgettable ocean journey.




