Home LATEST NEWS malyalam പുതിയ വാർത്ത ദുരിതാശ്വാസ ക്യാമ്പുകളില്‍ അവശ്യസഹായം ഉറപ്പാക്കും: മന്ത്രി പി സി വിഷ്ണുനാഥ്

ദുരിതാശ്വാസ ക്യാമ്പുകളില്‍ അവശ്യസഹായം ഉറപ്പാക്കും: മന്ത്രി പി സി വിഷ്ണുനാഥ്

2
0

Source :- SIRAJLIVE NEWS

പത്തനംതിട്ട |  ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളില്‍ ഭക്ഷണം, വെള്ളം, വൈദ്യുതി, മരുന്നുകള്‍ തുടങ്ങിയവ ഉറപ്പാക്കുമെന്ന് മന്ത്രി പി സി വിഷ്ണുനാഥ്. റാന്നിയിലെ മഴക്കെടുതി പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം താലൂക്ക് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ദുരന്ത ലഘൂകരണത്തിന് പോലീസ്, അഗ്‌നിസുരക്ഷാ സേന, എന്‍ ഡി ആര്‍ എഫ് എന്നിവ ഏകോപനത്തോടെ പ്രവര്‍ത്തിക്കും. കലക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലും പോലീസ് ആസ്ഥാനത്തും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചു.

എം എല്‍ എമാര്‍ പ്രാദേശികമായി യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തും. ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സജ്ജമായിരിക്കാന്‍ ജില്ല ഭരണകൂടത്തിന് മന്ത്രി നിര്‍ദേശം നല്‍കി. റാന്നി മേഖലയില്‍ സര്‍ക്കാരിന്റെ കൂടുതല്‍ ശ്രദ്ധ വേണമെന്ന് പഴകുളം മധു എം എല്‍ എ അഭ്യര്‍ഥിച്ചു. നദിയിലെ പുറ്റും ചെളിയും അടിയന്തരമായി നീക്കം ചെയ്യണം. അയിരൂര്‍, ചെറുകോല്‍പ്പുഴ, കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടെ പല പ്രദേശങ്ങളിലും വെള്ളം കയറിയതായി അദ്ദേഹം ചൂണ്ടികാട്ടി.
ആറന്മുളയിലെ മഴക്കെടുതി പ്രദേശങ്ങളും ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളും മന്ത്രി സന്ദര്‍ശിച്ചു. ആന്റോ ആന്റണി എംപി, അബിന്‍ വര്‍ക്കി എംഎല്‍എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി, ജില്ല കലക്ടര്‍ എ നിസാമുദ്ദീന്‍, ജില്ല പോലിസ് മേധാവി ആര്‍ ആനന്ദ്, എ ഡി എം ആര്‍ രാജലക്ഷ്മി എന്നിവരും സന്നിഹിതരായിരുന്നു.

ജില്ലയില്‍ 22 ദുരിതാശ്വാസ ക്യാമ്പുകളിലായി 567 പേരാണ് നിലവിലുള്ളത്. കോന്നി താലൂക്ക് ഒന്ന്, തിരുവല്ല രണ്ട്, റാന്നി രണ്ട്, മല്ലപ്പള്ളി 13, കോഴഞ്ചേരി നാല് എന്നിങ്ങനെയാണ് ദുരിതാശ്വാസ ക്യാമ്പുകളുടെ കണക്ക്. പമ്പയിലും മറ്റ് നദികളിലും പള്ളിയോടങ്ങള്‍, വള്ളങ്ങള്‍, ബോട്ടുകള്‍, കടത്ത് എന്നിവ രക്ഷാപ്രവര്‍ത്തനത്തിനൊഴികെ ഇറക്കുന്നതും ഉപയോഗിക്കുന്നതും ജില്ലയില്‍ നിരോധിച്ചിട്ടുണ്ട്. മലയോര മേഖലകളിലേക്കുള്ള എല്ലാ യാത്രകളും രാത്രി ഏഴ് മുതല്‍ രാവിലെ ആറ് വരെയും തൊഴിലുറപ്പ് ജോലികള്‍, വിനോദ സഞ്ചാരത്തിനായുള്ള കയാക്കിങ്/കുട്ടവഞ്ചി സവാരി, ബോട്ടിംഗ്, ട്രക്കിംഗ് എന്നിവയും ഓഗസ്റ്റ് എട്ട് വരെ നിരോധിച്ചു. ക്വാറികളുടെയും ക്രഷര്‍ യൂണിറ്റുകളുടെയും പ്രവര്‍ത്തനത്തിന് ഓഗസ്റ്റ് ആറു വരെ നിരോധനമുണ്ട്. ആങ്ങമൂഴി വഴി ഗവി റോഡിലൂടെയുള്ള യാത്ര ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചു.

ശബരിമല തീര്‍ത്ഥാടകരുടെ ശ്രദ്ധയ്ക്ക്

പമ്പയില്‍ ശക്തമായ മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനാലും മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാലും സുരക്ഷ മുന്‍നിര്‍ത്തി നിറപുത്തരി ചടങ്ങിനായി ഓഗസ്റ്റ് രണ്ട്, മൂന്ന് തീയതികളില്‍ തീര്‍ഥാടകര്‍ ശബരിമലയില്‍ എത്തുന്നത് പരമാവധി ഒഴിവാക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അഭ്യര്‍ഥിച്ചു.

Content Highlights: Minister PC Vishnunath directed authorities to ensure essential supplies in Pathanamthitta relief camps. Sabarimala pilgrims are advised to avoid visiting on August 2 and 3 due to rising Pamba water levels. Night travel in hilly areas and quarry activities have been strictly prohibited.