Source :- SIRAJLIVE NEWS
കൊച്ചി | പ്രമുഖ സിനിമ നടന്‍ സലിം കുമാര്‍ (56) അന്തരിച്ചു. കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. അവശതകളെ തുടർന്ന് ഇന്ന് രാവിലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കരള്‍ രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി സലിം കുമാര്‍ ബുദ്ധിമുട്ട് നേരിട്ടിരുന്നു. കരള്‍ മാറ്റിവയ്ക്കുകയും ചെയ്തിരുന്നു.
അസുഖബാധിതനായിരുന്നെങ്കിലും പൊതുപരിപാടികളില്‍ സലിം കുമാര്‍ പങ്കെടുത്തിരുന്നു. വി.ഡി. സതീശന്‍ മുഖ്യമന്ത്രിയായതിനു പിന്നാലെ പറവൂര്‍ മണ്ഡലത്തില്‍ നടത്തിയ സ്വീകരണയോഗത്തില്‍ പങ്കെടുത്ത് ആശംസകള്‍ അറിയിക്കുകയും ചെയ്തിരുന്നു.
മിമിക്രി ലോകത്തു നിന്നും സിനിമയിലേക്ക് കടന്നു വന്ന സലിം കുമാര്‍ ഒരേ സമയം മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു.മുന്നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചു
എറണാകുളം ചിറ്റാറ്റുകരയില്‍ ഗംഗാധരന്റെയും കൗസല്യയുടെയും മകനായി 1969 ഒക്ടോബര്‍ 10 നായിരുന്നു ജനനം. പേരിലൂടെ മതം തിരിച്ചറിയേണ്ട എന്നു കരുതി അച്ഛന്‍ ഇട്ട പേരാണു സലിം. സ്‌കൂളില്‍ ചെന്നപ്പോള്‍ അധ്യാപിക നിര്‍ബന്ധിച്ചാണു കുമാര്‍ എന്നു കൂടി ചേര്‍ത്തു സലിംകുമാര്‍ ആക്കിയത്. മാല്യങ്കര എസ്എന്‍എം കോളജിലായിരുന്നു പ്രീഡിഗ്രി വിദ്യാഭ്യാസം
സലിം അഹമ്മദിന്റെ ആദാമിന്റെ മകൻ അബുവിലെ വൃദ്ധനായ അത്തർ വിൽപ്പനക്കാരന്റെ വേഷം 2010-ലെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും സംസ്ഥാന പുരസ്‌കാരവും സ്വന്തമാക്കി. അഭിനയത്തിന് പുറമെ ചലച്ചിത്ര സംവിധാനത്തിലും സലിംകുമാർ പ്രതിഭ തെളിയിച്ചു. ‘കറുത്ത ജൂതന് 2016-ലെ മികച്ച കഥയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. ‘കമ്പാർട്ട്‌മെന്റ്’, ‘ദൈവമേ കൈതൊഴാം കെ. കുമാറാകണം’ എന്നീ ചിത്രങ്ങളും സലിംകുമാർ സംവിധാനം ചെയ്തു. ‘ഈശ്വരാ വഴക്കില്ലല്ലോ’ എന്ന പേരിൽ ആത്മകഥാപരമായ കുറിപ്പുകളും രചിച്ചു.സുനിതയാണ് ഭാര്യ. മക്കൾ:ചന്തു, ആരോമൽ






