Home rss national malayalam പുതിയ വാർത്ത ‘നിങ്ങള്‍ തീരുമാനിച്ചില്ലെങ്കില്‍ കോടതി തീരുമാനിക്കും’; ധാരാ സിങ്ങിന്റെ അകാല മോചനത്തില്‍ അന്തിമ തീരുമാനമെടുക്കാത്ത ഒഡീഷ സര്‍ക്കാറിനെതിരെ...

‘നിങ്ങള്‍ തീരുമാനിച്ചില്ലെങ്കില്‍ കോടതി തീരുമാനിക്കും’; ധാരാ സിങ്ങിന്റെ അകാല മോചനത്തില്‍ അന്തിമ തീരുമാനമെടുക്കാത്ത ഒഡീഷ സര്‍ക്കാറിനെതിരെ സുപ്രീം കോടതി

3
0

Source :- SIRAJLIVE NEWS

ന്യൂഡല്‍ഹി |  ഓസ്ട്രേലിയന്‍ മിഷണറി ഗ്രഹാം സ്റ്റെയിന്‍സിനെയും രണ്ട് മക്കളെയും ജീവനോടെ ചുട്ടുകൊന്ന കേസിലെ മുഖ്യപ്രതി ധാരാ സിങ് എന്ന രവീന്ദ്ര കുമാര്‍ പാലിന്റെ ശിക്ഷാ ഇളവ് അപേക്ഷയില്‍ ഒഡീഷ സര്‍ക്കാര്‍ അന്തിമ തീരുമാനമെടുക്കാത്തതിനെതിരെ സുപ്രീം കോടതി. സെപ്റ്റംബര്‍ രണ്ടിനകം ഒഡീഷ സെന്റന്‍സ് റിവ്യൂ ബോര്‍ഡ് തീരുമാനമെടുത്തില്ലെങ്കില്‍ തീരുമാനം കോടതി കൈക്കൊള്ളുമെന്ന് സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കി.ജസ്റ്റിസ് മനോജ് മിശ്ര, ജസ്റ്റിസ് വിജയ് ബിഷ്‌ണോയി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ആഗസ്റ്റ് 19നകം ധാരാ സിംഗിന്റെ അകാല മോചനത്തില്‍ തീരുമാനമെടുക്കാന്‍ ഒഡീഷ സര്‍ക്കാരിനോട് കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേസ് വീണ്ടും പരിഗണിച്ചപ്പോള്‍ തീരുമാനമെടുത്തിട്ടില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിക്കുകയും ജയില്‍ ഡയറക്ടറേറ്റ് ജനറലിന്റെ ഒരു കത്ത് കോടതിയില്‍ സമര്‍പ്പിക്കുകയുമായിരുന്നു. പ്രതിയുടെ പശ്ചാത്തലം സംബന്ധിച്ച റിപ്പോര്‍ട്ട് ഉത്തര്‍പ്രദേശ് സര്‍ക്കാരില്‍ നിന്നും ജയില്‍ അധികൃതരില്‍ നിന്നും ലഭിച്ചിട്ടില്ലെന്നായിരുന്നു സര്‍ക്കാര്‍ വിശദീകരണം.

അതേ സമയം അന്തിമ തീരുമാനമെടുക്കുന്നതില്‍ സര്‍ക്കാര്‍ കാണിക്കുന്ന അനാസ്ഥയും ഒഴിഞ്ഞുമാറലും വെച്ചുപൊറുപ്പിക്കാനാകില്ലെന്ന് ജസ്റ്റിസ് മനോജ് മിശ്ര വാക്കാല്‍ വ്യക്തമാക്കി. നിങ്ങള്‍ക്ക് എന്താണോ തീരുമാനിക്കേണ്ടത് അത് അടിയന്തരമായി തീരുമാനിക്കുക, അല്ലാത്തപക്ഷം കോടതി തന്നെ തീരുമാനമെടുക്കുമെന്നും ബെഞ്ച് വ്യക്തമാക്കി.

താന്‍ 25 വര്‍ഷത്തിലേറെയായി ജയിലില്‍ കഴിഞ്ഞുവെന്നും തനിക്ക് ശിക്ഷാ ഇളവ് ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ധാരാ സിങ് സുപ്രീം കോടതിയെ സമീപിച്ചത്. വധശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്യപ്പെട്ട തടവുകാര്‍ക്ക് 25 വര്‍ഷത്തെ തടവ് പൂര്‍ത്തിയാക്കിയാല്‍ ശിക്ഷാ ഇളവ് പരിഗണിക്കാമെന്ന് ഒഡീഷ സര്‍ക്കാരിന്റെ നയത്തില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്.യുവത്വത്തിലെ രോഷം കൊണ്ടാണ് താന്‍ കുറ്റകൃത്യം ചെയ്തതെന്നും ഇപ്പോള്‍ ചെയ്ത തെറ്റുകളില്‍ പശ്ചാത്തപിക്കുന്നുവെന്നും ധാരാ സിങ് കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയച്ച സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടിയാണ് പരിഷ്‌കരണാത്മക ശിക്ഷാ രീതിയുടെ ഭാഗമായി തന്നെ മോചിപ്പിക്കണമെന്ന് പ്രതി ആവശ്യപ്പെടുന്നത്.

1999 ജനുവരി 22-ന് ഒഡീഷയിലെ കിയോഞ്ജര്‍ ജില്ലയിലുള്ള മനോഹര്‍പൂര്‍ ഗ്രാമത്തില്‍ വെച്ച് വാഹനത്തില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഗ്രഹാം സ്റ്റെയിന്‍സിനെയും അദ്ദേഹത്തിന്റെ പത്തും ആറും വയസ്സുള്ള ആണ്‍മക്കളെയും ധാരാ സിങിന്റെ നേതൃത്വത്തിലുള്ള അക്രമിസംഘം ചുട്ടുകൊല്ലുകയായിരുന്നു

Content Highlights: The Supreme Court warned the Odisha government to decide on Graham Staines murder convict Dhara Singh’s premature release plea by September 2. The bench criticized the state’s delay in processing the petition. Dhara Singh has spent over 25 years in prison and seeks release citing policy rules.