Source :- SIRAJLIVE NEWS
തിരുവനന്തപുരം | നെടുമ്പാശേരി മിനികൂപ്പര് വാഹനാപകടത്തിലെ പ്രതിക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പ്രതിയുടെ ലൈസന്സ് റദ്ദാക്കാന് പോലീസ് രേഖാമൂലം മോട്ടോര് വാഹനവകുപ്പിന് അപേക്ഷ നല്കിയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു. നിയമസഭയില് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ സബ്മിഷന് മറുപടി നല്കുകയായിരുന്നു ആഭ്യന്തരമന്ത്രി.
്സംഭവദിവസം തന്നെ പ്രതിയെ കസ്റ്റഡിയില് എടുത്ത് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു.മെഡിക്കല് പരിശോധനയില് വീഴ്ച പറ്റിയിട്ടില്ല. പ്രതി മദ്യപിച്ചിരുന്നു എന്നതിനുള്ള സര്ട്ടിഫിക്കറ്റുകള് ലഭിച്ചിട്ടുണ്ടെന്ന് ചെന്നിത്തല പറഞ്ഞു. മോട്ടോര് വാഹന നിയമത്തിലെ വകുപ്പുകള് കൂടി ചേര്ത്താണ് കോടതിയില് റിപ്പോര്ട്ട് സമര്പ്പിച്ചത്. 10 വര്ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.
പോലീസിന്റെ ഭാഗത്തുനിന്ന് യാതൊരു വിട്ടുവീഴ്ചയും ഉണ്ടായിട്ടില്ല. പ്രതികള്ക്ക് ശിക്ഷ ഉറപ്പാക്കാന് ഐ ജി നിശാന്തിനിയെ പ്രത്യേകം നിയോഗിച്ചിട്ടുണ്ട്. കേസില് സ്പെഷ്യല് പ്രോസിക്യൂട്ടറെ നിയമിക്കാനും സര്ക്കാര് സന്നദ്ധരാണ്. ജയില് ചട്ടപ്രകാരം 18 മുതല് 21 വയസ് വരെ പ്രായമുള്ളവരെ ബോസ്റ്റല് സ്കൂളിലാണ് അടക്കേണ്ടത് അതിനാലാണ് പ്രതികളെ ബോസ്റ്റല് സ്കൂളിലേക്ക് അയച്ചത്. വേണമെങ്കില് പ്രതികളെ ബോസ്റ്റല് സ്കൂളില് നിന്ന് മാറ്റുന്നതാണ്- ആഭ്യന്തരമന്ത്രി സഭയെ അറിയിച്ചു.
അതേസമയം പുലര്ച്ചെ 1:30ന് അപകടം നടന്നിട്ടും, മൂന്ന് മണിക്കൂറിനു ശേഷമാണ് ജനറല് ഡയറി (ജിഡി) എന്ട്രി ഇട്ടതെന്നും, പിന്നീടാണ് എഫ്ഐആര് രജിസ്റ്റര് ചെയ്തതെന്നും സബ്മിഷന് അവതരിപ്പിച്ച പ്രതിപക്ഷ നേതാവ് പിണറായി വിജയന് പറഞ്ഞു. ലഹരിയില് നില്ക്കുന്ന പ്രതിയെ ഉടന് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കേണ്ടിയിരുന്നു. എന്നാല് അതിന് വൈകി. എഫ്ഐആറില് പേര് ചേര്ക്കാനും പോലീസ് തയ്യാറായില്ലെന്നും പിണറായി പറഞ്ഞു. ഇത്തരം കുറ്റവാളികളെ ബോസ്റ്റല് സ്കൂളില് അടക്കുന്നതില് പുനര്ചിന്തനം വേണമെന്നും പിണറായി വിജയന് ആവശ്യപ്പെട്ടു.
അതേസമയം, കേസിലെ പ്രതികളായ സുഹൈല് സജീവ് അടക്കമുള്ള നാലു പ്രതികളെയും കോടതി പോലീസ് കസ്റ്റഡിയില് വിട്ടു. അങ്കമാലി മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. നാളെ വൈകീട്ട് അഞ്ചുമണി വരെയാണ് പൊലീസ് കസ്റ്റഡിയില് വിട്ടത്. പ്രതികളെ നെടുമ്പാശ്ശേരി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. മദ്യപിച്ച് വണ്ടിയോടിച്ചത് തടയാതിരുന്നതിനാണ് സുഹൈലിനൊപ്പം കാറിലുണ്ടായിരുന്ന നിനവ്, അമീന്, ജോയല് എന്നിവരുടെ പേരില് പ്രേരണാക്കുറ്റവും ചുമത്തിയിരിക്കുന്നത്.
Content Highlights: Home Minister Ramesh Chennithala announced that the Nedumbassery Mini Cooper accident case carries a sentence of up to 10 years. All four accused, including Suhal Sajeev, have been remanded to police custody by the Angamaly Magistrate Court until tomorrow evening. The investigation continues with strict measures to ensure proper legal action.




