Source :- SIRAJLIVE NEWS
പാലക്കാട് | ‘ഓപ്പറേഷന്‍ തൂഫാന്‍’ പരിശോധനക്കിടെ ഹേമാംബിക പോലീസ് സ്റ്റേഷനിലെ മൂന്ന് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ പ്രതികള്‍ക്കെതിരെ കേസെടുത്തു.അവധിക്ക് നാട്ടിലെത്തിയ സൈനിക ജിജീഷാണ് പ്രധാന പ്രതി. യാതൊരു പ്രകോപനവുമില്ലാതെ ഇയാള്‍ ആക്രമിച്ചെന്നും തുടര്‍ന്ന് ബലപ്രയോഗം നടത്തി വാഹനത്തില്‍ കയറ്റിയപ്പോള്‍ കാലുയര്‍ത്തി തൊഴിച്ചെന്നും പോലീസ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
പാലക്കാട് ഹേമാംബിക പൊലീസ് സ്റ്റേഷനിലെ എസ്.ഐമാരായ സുദര്‍ശന, ജോണ്‍ സേവ്യര്‍, സിവില്‍ പൊലീസ് ഓഫീസര്‍ രജനീഷ് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്നലെ വൈകിട്ട് 6.30ഓടെ മലമ്പുഴ പയ്യക്കുന്ന് ഭാഗത്തായിരുന്നു സംഭവം.ഒലവക്കോട് റെയില്‍വേ സ്റ്റേഷന്‍ പരിസരങ്ങളിലും മലമ്പുഴ ഭാഗങ്ങളിലും ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ഹേമാംബിക നഗര്‍ പോലീസ് വാഹന പരിശോധന നടത്തവെ മലമ്പുഴ ഭാഗത്തുനിന്നും അമിതവേഗതയില്‍ വന്ന കാര്‍ പോലീസ് തടഞ്ഞു. വാഹനം വിശദമായി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടതോടെ നാലംഗ സംഘം ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഉദ്യോഗസ്ഥ ഉള്‍പ്പെടെയുള്ളവരെ പരസ്യമായി അസഭ്യം പറയുകയും കൈയേറ്റം ചെയ്യുകയുമായിരുന്നു.പരിശോധനയില്‍ കാറിനുള്ളില്‍ നിന്നും മദ്യകുപ്പികള്‍ കണ്ടെടുത്തതായും പോലീസ് വ്യക്തമാക്കി.പോലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും വനിതാ ഉദ്യോഗസ്ഥയെ ഉള്‍പ്പെടെ ആക്രമിച്ചതിനും ജിജീഷിനും സംഘത്തിനുമെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
Content Highlights: Three police officers including a female sub inspector were assaulted during an Operation Toofan vehicle checking drive in Palakkad. An army man on leave identified as Jigeesh is the main accused in the unprovoked attack. Non-bailable charges have been registered against the four-member gang after liquor bottles were seized from their speeding car.




