Home rss national malayalam പുതിയ വാർത്ത പി എ നിയമനത്തിന് കത്ത് ലഭിച്ചിട്ടില്ല; നിയമസഭയെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്ന് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

പി എ നിയമനത്തിന് കത്ത് ലഭിച്ചിട്ടില്ല; നിയമസഭയെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്ന് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

3
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം | പാര്‍ട്ടി നടപടി നേരിട്ടയാളെ സ്റ്റാഫില്‍ നിയമിക്കുന്നതിന് കത്ത് നല്‍കിയ രമ്യാ ഹരിദാസ് എം എല്‍ എയുടെ നടപടിയില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സസ്‌പെന്‍ഡ് ചെയ്യപ്പെട്ട പാളയം പ്രദീപിനെ പാര്‍ട്ടി നടപടിയെ വെല്ലുവിളിച്ച് പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് രമ്യ ഹരിദാസ് നിയമസഭാ സെക്രട്ടറിയുടെ ഓഫീസില്‍ കത്ത് നല്‍കിയതിലാണ് സ്പീക്കര്‍ അതൃപ്തി അറിയിച്ചത്. തനിക്കോ തന്റെ ഓഫീസിനോ കത്ത് ലഭിച്ചിട്ടില്ലെന്നാണ് സ്പീക്കര്‍ പ്രതികരിച്ചത്. രമ്യയോട് നിയമസഭയെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്ന് പറഞ്ഞിട്ടുണ്ടെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി. സ്പീക്കറുടെ ഓഫീസിനെ വിവാദത്തിലുള്‍പ്പെടുത്തി സംശയത്തിന്റെ നിഴലില്‍ കൊണ്ടുവരുന്നത് അംഗീകരിക്കാനാകില്ല.

ചിറയിന്‍കീഴിലെ കൈയാങ്കളി വിവാദത്തില്‍ ഉള്‍പ്പെട്ട പാളയം പ്രദീപിനെ അഡീഷനല്‍ പി എ ആയി നിയമിക്കാന്‍ കത്ത് നല്‍കിയ രമ്യ ഹരിദാസ് എം എല്‍ എയുടെ നടപടിക്കെതിരെയാണ് രൂക്ഷ വിമര്‍ശനവുമായി സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രംഗത്തെത്തിയത്. സ്പീക്കറുടെ ഓഫീസിന്റെ ഇന്‍ഡിപെന്‍ഡന്‍സിയെ ചോദ്യം ചെയ്യാന്‍ പാടില്ല. വിവാദത്തിലേക്ക് സ്പീക്കറുടെ ഓഫീസിനെ വലിച്ചിഴക്കരുത്. നിയമപരമായ പരിഹാരം ഉണ്ടാക്കുന്നതിന് മറ്റു മാര്‍ഗങ്ങളുണ്ട്. സ്പീക്കറുടെ ഓഫീസിനെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ ഒന്നുമുണ്ടാകരുതെന്നും തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടു.

രമ്യ ഹരിദാസ് ഉള്‍പ്പെട്ട ചിറയിന്‍കീഴ് കയ്യാങ്കളിയുടെ പേരില്‍ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്ത പാളയം പ്രദീപിനെ മുന്‍കാല പ്രാബല്യത്തോടെ അഡീഷണല്‍ സ്റ്റാഫാക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കുകയായിരുന്നു എം എല്‍ എ. 215 മുതല്‍ പാളയം പ്രദീപ് ഒപ്പമുണ്ടെന്നും അന്നത്തെ തിയ്യതി വെച്ച് പ്രദീപിനെയും കുഞ്ഞുമുഹമ്മദ് എന്നയാളെയും നിയമിക്കണമെന്ന ആവശ്യമാണ് മുന്നോട്ടുവച്ചത്. സ്പീക്കറുടെ ഓഫീസില്‍ ആദ്യം സമര്‍പ്പിച്ച കത്ത്, നിയമസഭാ സെക്രട്ടറിക്ക് നല്‍കാനാവശ്യപ്പെട്ട് മടക്കി. സെക്രട്ടറി അവധിയായതിനാല്‍ കത്ത് ഓഫീസിലേല്‍പ്പിച്ചു. വിവാദമായതോടെ കത്ത് തിരിച്ചെടുക്കാന്‍ ഓഫീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

സസ്‌പെന്‍ഷനിലായയാള്‍ക്ക് വേണ്ടി കത്ത് നല്‍കിയത് തെറ്റെന്ന് കെ പി സി സി
തിരുവനന്തപുരം: ചിറയിന്‍കീഴിലെ കൈയാങ്കളിയെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട പാളയം പ്രദീപിനെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്താന്‍ രമ്യ ഹരിദാസ് എം എല്‍ എ നടത്തിയ നീക്കം തെറ്റെന്ന് തുറന്നടിച്ച് കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ്. സസ്‌പെന്‍ഷനിലുള്ള ഒരാളെ അഡീഷനല്‍ പി എ ആയി നിയമിക്കാന്‍ കത്ത് നല്‍കിയത് ഒരു തരത്തിലും അഭികാമ്യമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മുന്‍കാല പ്രാബല്യത്തോടെ ഇപ്പോള്‍ ഇത്തരമൊരു കത്ത് നല്‍കിയിട്ടുണ്ടെങ്കില്‍ അത് ശരിയായ നടപടിയല്ലെന്നാണ് കെ പി സി സിയുടെ നിലപാടെന്നും പ്രസിഡന്റ് വിശദീകരിച്ചു. പാളയം പ്രദീപിനെ 2026 മെയ് 21 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടാണ് രമ്യ ഹരിദാസ് നിയമസഭാ സെക്രട്ടറിക്ക് കത്ത് നല്‍കിയത്.

രമ്യ ഹരിദാസ് കത്ത് നല്‍കിയ തീയതി കെ പി സി സി പരിശോധിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു. ചിറയിന്‍കീഴില്‍ സംഘര്‍ഷം ഉണ്ടായതിന് ശേഷമാണ് പ്രദീപിന് വേണ്ടി രമ്യ ഇത്തരമൊരു കത്ത് നല്‍കിയതെങ്കില്‍ അത് പാര്‍ട്ടിക്ക് ഒരുതരത്തിലും അംഗീകരിക്കാനാവില്ല. സംഭവം നടന്ന് പാര്‍ട്ടി അച്ചടക്ക നടപടി പ്രഖ്യാപിച്ച ശേഷം പ്രദീപിനെ രക്ഷിച്ചെടുക്കാനാണ് ഈ നീക്കമെങ്കില്‍ ഗുരുതരമായ അച്ചടക്ക ലംഘനമായാണ് നേതൃത്വം ഇതിനെ കണക്കാക്കുക. ചിറയിന്‍കീഴിലെ പരസ്യമായ ചേരിപ്പോരും കൈയാങ്കളിയും കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് പൊതുസമൂഹത്തില്‍ വലിയ അപമാനവും നാണക്കേടുമാണ് ഉണ്ടാക്കിയതെന്ന് കെ പി സി സി അധ്യക്ഷന്‍ ഓര്‍മിപ്പിച്ചു.

ഗൗരവതരമായ സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പാളയം പ്രദീപിനെയും എസ് സജാദിനെയും പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന കെ പി സി സി സമിതി അധ്യക്ഷന്‍ എം എം ഹസന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുമായി വിഷയം ഉടന്‍ നേരിട്ട് ചര്‍ച്ച ചെയ്യും. സമിതിയുടെ അന്തിമ റിപോര്‍ട്ട് കൂടി പരിഗണിച്ച ശേഷമായിരിക്കും പാര്‍ട്ടി തുടര്‍ നടപടികളിലേക്ക് കടക്കുകയെന്നും കെ പി സി സി പ്രസിഡന്റ് വിശദീകരിച്ചു.

Content Highlights: Kerala Assembly Speaker Thiruvanchoor Radhakrishnan stated that he has not received any letter regarding the personal assistant appointment. He requested that the assembly office not be dragged into unnecessary controversies. The Speaker emphasized preserving the dignity and constitutional independence of the house.